ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഇനി എന്തെന്ന ചോദ്യമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. 15 കൊല്ലം ഡൽഹി ഭരിച്ചത് കോൺഗ്രസാണ്. തൊണ്ണൂറുകളിൽ ബിജെപി എത്തുന്നതിന് മുമ്പ് രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ തേരൊട്ടമായിരുന്നു. അപ്പോഴാണ് ഡൽഹി സംസ്ഥാനമായി മാറുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മദൻലാൽ ഖുരാന മുഖ്യമന്ത്രിയായി. പിന്നീട് സാഹബ് സിങ് വർമ്മയും സുഷമ്മാ സ്വരാജും. 1998മുതൽ ഷീലാ ദീക്ഷിത്തിലൂടെ ഡൽഹി കോൺഗ്രസ് തിരിച്ചു പിടിച്ചു. കോൺഗ്രസിന്റെ ഉറച്ച കോട്ടയായി ഷീലാ തരംഗ ഡൽഹിയെ മാറ്റി. പക്ഷേ ദേശീയ തലത്തിലെ നേതൃത്വം പ്രശ്‌നം ഡൽഹിയേയും ബാധിച്ചു. ഒപ്പം കോമൺവെൽത്ത് ഗെയിംസെന്ന അഴിമതി അടിവേരറുത്തു. അപ്പോഴും നേരിയ പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം ഡൽഹിയിൽ അവസാനിക്കുകയാണ്. ഡൽഹിയിലെ ആറാം നിയമസഭയിൽ കോൺഗ്രസ് പ്രതിനിധികൾ ഉണ്ടാകില്ല.

കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിപ്പിടിച്ചത്. ഗുജറാത്തിൽ അതു നടപ്പാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ മോദി എത്തുമ്പോഴും അത് തന്നെയാണ് തുടർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയം. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിന് പോലും കോൺഗ്രസിന് അർഹതയുണ്ടായില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 44 സീറ്റെന്ന ചരിത്രപരമായ താഴേക്ക് പോക്ക്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കാശ്മീർ, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിലും അടിതെറ്റി. ഇവിടെയെല്ലാം ബിജെപിയോ മറ്റ് കക്ഷികളോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. പഴയ പ്രതാപം ജനങ്ങളെ ഓർമിപ്പിക്കാൻ മാത്രം കഴിയുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് നേതാക്കൾ മാറി. ഡൽഹി കൂടി വിധി നിർണ്ണയിക്കുമ്പോൾ കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദി ഉയർത്തിയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കുന്നു. പക്ഷേ ഡൽഹിയിൽ അതിന്റെ ഗുണഭോക്താക്കൾ ആംആദ്മി പാർട്ടിയുമായി. ഇങ്ങനെ പോയാൽ പ്രാദേശിക സ്വഭാവമുള്ള പാർട്ടിയായി കോൺഗ്രസ് മാറുമെന്ന ഭയം അതിന്റെ നേതാക്കൾക്ക് പോലുമുണ്ട്.

കേരളത്തിലും കർണ്ണാടകയിലും അരുണാചൽ പ്രദേശിലും ഹിമാചൽ പ്രദേശിലും ആസമിലും മണിപ്പൂരിലും മേഘാലയത്തിലും മിസോറാമിലും ഉത്തരാഖണ്ഡിലും മാത്രമാണിപ്പോൾ കോൺഗ്രസ് ഭരണമുള്ളത്. ഇതിൽ കേരളമൊഴികെ എല്ലായിടത്തും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പിന്നിൽ പോയിരുന്നു. ബിജെപിക്ക് ബദലാകാനുള്ള നേതൃത്വം ഇവിടെങ്ങളിൽ കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ആംആദ്മിയും മറ്റ് പ്രാദേശിയ സംഖ്യങ്ങളും ഈ സംസ്ഥാനങ്ങളിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കിൽ പോലും കർണ്ണാടകവും മറ്റ് ചെറു സംസ്ഥാനങ്ങളിലേയും ഭരണപ്രാതിനിധ്യത്തിലൂടെ മാത്രം ദേശീയ രാഷ്ട്രീയത്തിൽ ബദലാകാൻ കോൺഗ്രസിന് കഴിയുകയുമില്ല. തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ വോട്ട് കുറയുന്നത് ഭരിക്കുന്ന സ്ഥലങ്ങളിലേയും വോട്ട് ബാങ്കിനെ സ്വാധീനിക്കും. അങ്ങനെ എന്തുകൊണ്ടും പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെയാണ് ഡൽഹി തെരഞ്ഞെടുപ്പും കോൺഗ്രസിന് നൽകുന്നത്.

മോദിയേയും ബിജെപിയേയും ചെറുക്കാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിയില്ലെന്ന് തന്നെയാണ് ഡൽഹി തെരഞ്ഞെടുപ്പ് വരച്ചു കാട്ടുന്നത്. ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള നേതാവ് കോൺഗ്രസ് നേതൃത്വത്തിന് അന്യമാകുന്നു. ഡൽഹി നിയമസഭയിൽ കഴിഞ്ഞ തവണ കിട്ടിയ 24 ശതമാനം വോട്ട് 8.9 ശതമാനമായി കുറഞ്ഞു. എല്ലാ വോട്ടുകളും ആംആദ്മി പാർട്ടിയുടെ വിജയത്തിൽ നിർണ്ണായകവുമായി. അതുകൊണ്ട് തന്നെ ഇനി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കുറയും. ബിജെപിക്ക് എതിരായ പോരാട്ടത്തിന് പുതിയ സഖ്യങ്ങൾ ഉണ്ടാകും. അതിൽ ജനപിന്തുണ കുറയുന്ന കോൺഗ്രസിന് കാര്യമായ റോളുമുണ്ടാകില്ല. ഡൽഹിയിൽ പിടിച്ചു നിൽക്കാൻ പയറ്റിയ എല്ലാ തന്ത്രങ്ങളും പൊട്ടിയതോടെ സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും നേതൃത്വങ്ങൾക്ക് നേരെയും ചൂണ്ടുവിരലുകൾ ഉയരും.

മന്മോഹൻസിങ് മന്ത്രിസഭയിലെ ക്ലീൻ മുഖമായിരുന്നു അജയ് മാക്കാൻ. പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമമായാണ് അജയ് മാക്കാനെ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി. ഡൽഹിയിൽ നല്ല സ്വാധീനമുള്ള നേതാവ്. എന്നിട്ടും മാക്കാന് കൈപ്പത്തി ചിഹ്നത്തിൽ തന്നെ പോലും രക്ഷിക്കാനായില്ല. സദർ ബസാർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് അജയ് മക്കാന് പോലും ഫിനിഷ് ചെയ്യാനായത്. ഡൽഹി ജനതയുടെ കോൺഗ്രസ് വിരുദ്ധ മനോഭാവം സത്യസന്ധനായ മക്കാന് പോലും വിനയായി. സദർബസാറിൽ ജയിച്ചത് ആംആദ്മിയുടെ സോം ദത്താണ്. സോം ദത്തിന് 56,164 വോട്ട് കിട്ടി. രണ്ടാമതുള്ള ബിജെപിക്ക് 28,106ഉം. മൂന്നാം സ്ഥാനത്തായ മക്കാന് കിട്ടിയത് 12,234 വോട്ടും.

ഇതു തന്നെയാണ് ഡൽഹിയിൽ ഉടനീളം സംഭവിച്ചത്. ഡൽഹിയിൽ നാലിടത്ത് മാത്രമാണ് കോൺഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. മൂന്നാമതായ എഴുപത്തിയഞ്ച് ശതമാനം സീറ്റിലും ഏറെ പിന്നിൽ പോയി. ഇരുപതോളം സീറ്റിൽ അയ്യായിരത്തിൽ താഴെ വോട്ട് മാത്രമേ നേടാനായുള്ളൂ. മോദി വിരുദ്ധ തരംഗത്തിലുയരുന്ന വോട്ട് പെട്ടിയിലാക്കാൻ കോൺഗ്രസിന് കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്.  ഇതിന് ഉത്തരം പറയേണ്ടി വരിക അജയ് മാക്കാനാവില്ലെന്നതാണ് വസ്തുത. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെയാണ് ഉത്തരവാദിത്തം.

സോണിയാ ഗാന്ധിയുടെ നേതൃപാടവം പാളുന്നു. രാഹുൽ ഗാന്ധിക്ക് ഭാവിയുടെ പ്രതീക്ഷയാകാനും കഴിയാതെ പോയി. പ്രിയങ്ക ഗാന്ധിക്കായുള്ള മുറവിളി ഉയരുമെന്ന് ഉറപ്പ്. പക്ഷേ കുടുംബവാഴ്ചയിൽ ഇന്ത്യൻ ജനതയ്ക്ക് പഴയ വിശ്വാസമില്ല. അതുകൊണ്ട് തന്നെ റോബർട്ട് വാദ്രയുടെ ഭാര്യയായ പ്രിയങ്കയ്ക്കും കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ കഴിയില്ല. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പരാജയ ഏറ്റുവാങ്ങിയെന്ന് പറയുമ്പോഴും അവരുടെ വോട്ട് ബാങ്കിൽ വലിയ ചോർച്ചയുണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 33 ശതമാനം വോട്ട് കിട്ടി. അതിപ്പോൾ 32 ആയിക്കുറഞ്ഞു. പക്ഷേ കോൺഗ്രസ് വോട്ടുകളിലെ വലിയ ചോർച്ചയാണ് ആംആദ്മിക്ക് ഗംഭീര വിജയമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഡൽഹിയിൽ ബിജെപിക്കപ്പുറം പരാജയപ്പെടുന്നത് കോൺഗ്രസാണ്. ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അജയ് മാക്കൻ രാജിവച്ചത് പലർക്കും അദ്ദേഹം നൽകുന്ന സന്ദേശമാണ്.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം മാറിയാലും ഗുണമാകില്ലെന്ന് എല്ലാവർക്കും അറിയാം. അത് കൂടുതൽ അന്തചിദ്രങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും കോൺഗ്രസിന് വലിയ പ്രതീക്ഷയില്ല. നരേന്ദ്ര മോദിയും എതിരാളികളും തമ്മിലുള്ള പോര് മാത്രമാകും ബീഹാറിൽ നടക്കുക. ദേശീയ തലത്തിൽ ശക്തി ക്ഷിയച്ച കോൺഗ്രസിന് വലിയ അംഗീകാരമൊന്നും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നൽകുകയുമില്ല. പേരിന് മാത്രം സീറ്റുകൾ മത്സരിക്കാൻ നൽകി മുന്നണിയിലെ ചെറുകക്ഷിയായി കോൺഗ്രസിനെ അവർ മാറ്റും. അതുകൊണ്ട് തന്നെ സമീപഭാവിയിലൊന്നും ബിജെപിക്ക് നേരിടുന്ന തിരിച്ചടികളിൽ വലിയൊരു ആഹ്ലാദ പ്രകടനത്തിന് കോൺഗ്രസിന് കഴിയുകയുമില്ല.

മോദി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് മുലായം സിംഗും നിതീഷ് കുമാറും മമതാ ബാനർജിയും കരുണാനിധിയും നിതീഷ് കുമാറും നവീൻ പട്‌നായികുമെല്ലാം തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ സ്ഥാനം എവിടെയാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഉയർത്തെഴുന്നേൽക്കാനുള്ള കരുത്ത് കോൺഗ്രസിന് തൽക്കാലമില്ലെന്ന് തെളിയിക്കുന്നത് തന്നെയാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം.