പാലക്കാട്: ജനസേവനം മാത്രമാണ് ഡോ. എം.എ. സിയാറിന്റെ ലക്ഷ്യം. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തുന്നവർക്ക് ഈ മനസ്സ് ഇന്നൊരു ആശ്വാസമാണ്. സർക്കാർ സർവ്വീസിലേക്ക് വരാൻ മടിക്കുന്ന ഡോക്ടർമാരുടെ നാട്ടിൽ സിയാർ വേറിട്ട വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. മരണത്തെ മുഖാമുഖം കാണുന്ന നൂറുകണക്കിന് രോഗികളുടെ ആശാ കിരണമാണ് ഡോ. എം.എ. സിയാർ.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലിയല്ല, സേവനമാണ് എല്ലാ അർത്ഥത്തിലും സിയാർ ചെയ്യുന്നത്. പണക്കൊഴുപ്പിന്റെ പ്രലോഭനത്തിന് വഴങ്ങാതെ ഡോ. സിയാർ സ്വകാര്യ ആശുപത്രികളുമായി പടവെട്ടി മുന്നേറുകയാണ്. അങ്ങനെ പാലക്കാട്ടെ ഹൃദ് രോഗികൾക്ക് ജില്ലാ ആശുപത്രിയും താങ്ങും തണലുമായി.

രാജ്യത്താദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ അത്യാധുനിക കാത്‌ലാബ് സംവിധാനം സ്ഥാപിക്കുകയെന്ന വെല്ലുവിളി ജി ല്ലാ പഞ്ചായത്ത് ഏറ്റെടുത്തത് ഡോ. സിയാറിന്റെ വാക്കിൽ വിശ്വാസമർപ്പിച്ചാണ്. അത് തെറ്റിയില്ലെന്ന് ഒന്നരവർഷത്തെ ആശുപത്രിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. അഭിനന്ദനങ്ങൾ ഡോക്ടറെ തേടി എത്തുകയാണ്. എന്നാൽ രോഗം ഭേദമാകുന്നവരുടെ സന്തോഷവും സ്‌നേഹവായ്പുമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് 49 കാരനായ ഡോ. സിയാർ പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഡോ. സിയാറും സംഘവും ആൻജിയോപ്‌ളാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ ഉൾപ്പെടെയുള്ള സങ്കീർണമായ ചികിത്സയിലൂടെ സുഖപ്പെടുത്തിയത് മൂവായിരത്തിലധികം ഹൃദ്രോഗികളെ. ഇതിനുപുറമെ ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലെ പെരുമ കേട്ടറിഞ്ഞ് ഒ.പിയിൽ ചികിത്സ തേടിയത്തെിയത് ആയിരക്കണക്കിന് രോഗികൾ. കൊല്ലം കരുനാഗപള്ളി മഞ്ഞാടിയിൽ ക്‌ളാപ്പന അബ്ദുറഹീമിൻേറയും ഹുസൈബത്തിൻേറയും മകനായ ഡോ. സിയാർ 1997ലാണ് ഫിസിഷ്യനായി ജില്ലാ ആശുപത്രിയിലത്തെിയത്. 2014 ഡിസംബറിലാണ് ജില്ലാ ആശുപത്രിയിൽ കാത്‌ലാബ് സംവിധാനം സ്ഥാപിച്ചത്.

ഇതിനുശേഷം ഡോ. ആർ. രഞ്ജിത്തുമായി ചേർന്ന് ഹൃദയചികിത്സാരംഗത്ത് ഉണ്ടാക്കിയത്
അപൂർവ നേട്ടങ്ങളാണ്. 1800ഓളം ആൻജിയോപ്‌ളാസ്റ്റികളും നൂറിൽ കൂടുതൽ പേസ്‌മേക്കർ ചികിത്സയുമാണ് ഇക്കാലയളവിൽ നടത്തിയത്. സി.ആർ.ടി ഉൾപ്പെടെ ലോകത്ത് ലഭ്യമായ പല മാതൃകയിലുള്ള എല്ലാത്തരം പേസ്‌മേക്കറുകളും ഇവർ രോഗികൾക്ക് ഘടിപ്പിച്ചിട്ടുണ്ട്. കൊല്ലം വരെയുള്ള തെക്കൻ ജില്ലകളിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ദിവസവും നൂറുകണക്കിന് രോഗികളത്തെുന്നു. ലക്ഷങ്ങൾ ചെലവുള്ള ചികിത്സ ആർ.എസ്.ബി.വൈ, കാരുണ്യലോട്ടറി പദ്ധതികൾ വഴി സൗജന്യനിരക്കിലാണ് പാവപ്പെട്ട രോഗികൾക്ക് നൽകുന്നത്.

ഇതിനെല്ലാം കാരണം സിയാറിന്റെ സേവനത്തിനുള്ള മനസ്സ് തന്നെയാണ്. ഇതിനോടകം സിയാറും സംഘവും ആയിരക്കണക്കിന് ഹൃദ്രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുനടത്തി. പാലക്കാട് നഗരത്തിലെ കുന്നത്തൂർമേടിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ബിനു എ.ആർ ക്യാമ്പിലെ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറാണ്. മക്കൾ: തസ്‌നി, വസീം.