- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് മാഫിയയുടെ തലവൻ ന്യൂജെൻ നിർമ്മാതാവ്; ബിജെപി ദേശീയ നേതാവിന്റെ മകളുടെ സൗഹൃദ കരുത്തിൽ അതിശക്തൻ; കൊക്കോച്ചിയുടെ മൊഴിയിൽ രണ്ട് പ്രമുഖ നടികളും; ഉന്നതരെ തൊടാനാകാതെ പൊലീസ്
കൊച്ചി: അറബിക്കടലിന്റെ റാണിയെ ലഹരിയുടെ സ്വന്തം നാടാക്കി മാറ്റുന്ന മയക്കുമരുന്നു ശൃംഖല തേടിയുള്ള അന്വേഷണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മയക്കുമരുന്നു കേസുകളുടെ തുടക്കകാലം മുതൽ പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും കൈയിൽനിന്നു വഴുതി നടക്കുന്ന ചലച്ചിത്രനിർമ്മാതാവ് മയക്കുമരുന്നു മാഫിയയുടെ ചുക്കാൻ പിടിക്കുന്നതായി പിടിയി
കൊച്ചി: അറബിക്കടലിന്റെ റാണിയെ ലഹരിയുടെ സ്വന്തം നാടാക്കി മാറ്റുന്ന മയക്കുമരുന്നു ശൃംഖല തേടിയുള്ള അന്വേഷണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മയക്കുമരുന്നു കേസുകളുടെ തുടക്കകാലം മുതൽ പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും കൈയിൽനിന്നു വഴുതി നടക്കുന്ന ചലച്ചിത്രനിർമ്മാതാവ് മയക്കുമരുന്നു മാഫിയയുടെ ചുക്കാൻ പിടിക്കുന്നതായി പിടിയിലായ കോക്കാച്ചിയിൽനിന്നു വിവരം കിട്ടിയതാണു നിർണായകമായിരിക്കുന്നത്.
നഗരത്തിലും പുറത്തുമായി മയക്കുമരുന്നിടപാടിലും ഡിജെ പാർട്ടികളിലും സജീവസാന്നിധ്യമായിരുന്ന നിർമ്മാതാവിനെ കുടുക്കാൻ പൊലീസിനായിരുന്നില്ല. എന്നാലിപ്പോൾ, എറണാകുളം സ്വദേശിയായ ന്യൂജനറേഷൻ നിർമ്മാതാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒരു വർഷമായി കൊച്ചിയിലെ തട്ടകം വിട്ടു ഡൽഹിയിൽ കഴിയുന്ന ഇയാൾ ബിജെപിയുമായി നല്ല അടുപ്പത്തിലാണ്.
ദേശീയ തലത്തിൽ ബ ജെ പിയുടെ പ്രധാനമുഖമായിരുന്ന നേതാവിന്റെ മകളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുജറാത്തിൽ നിന്നുള്ള എംപിയായ ഈ ദേശീയ നേതാവിന്റെ മകളുമായുള്ള സൗഹൃദമുപയോഗിച്ചാണ് പാർട്ടിയിൽ സ്വാധീനമുറപ്പിച്ചിരിക്കുന്നത്. ഇയാളുടെ പേരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ടുയർന്നാൽ ബിജെപി വഴി ലക്ഷ്യമിടുന്ന ഭാവി പരിപാടികൾക്കു ദോഷം ചെയ്യുമെന്ന അങ്കലാപ്പിലാണ് ഇയാളിപ്പോൾ. കോക്കാച്ചിയുടെ മൊഴിയിൽ ന്യൂജെൻ സിനിമാനിർമ്മാതാവിന്റെ പേരുണ്ടെന്നറിഞ്ഞതോടെ വാർത്ത വരാതിരിക്കാൻ വൻതോതിൽ സ്വാധീനം ചെലുത്തിവരുന്നു.
എറണാകുളത്തെ പ്രമുഖകുടുംബാംഗമായ ഇയാൾ ഹർഷത്ത് മേത്തയുടെ ഓഹരി കുഭകോണകാലത്തു ആറേഴുകോടി രൂപ ഷെയർമാർക്കറ്റിൽനിന്നുണ്ടാക്കുകയും പിന്നീട് ആ പണം റിയൽ എസ്റ്റേറ്റ് രംഗത്തിറക്കുകയും ചെയ്തു. പിന്നീട് കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഒരു കാതിൽ കടുക്കനുമിട്ടു സ്ഥിരം സാന്നിധ്യമായി. ചുറ്റും ആരാധകരും വൻകിടഗുണ്ടകളും ഒപ്പമുണ്ടാകും. ഡി ജെ പാർട്ടികളിൽ കൊക്കെയ്ൻ, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകളുടെ സാധ്യത ഫലപ്രദമായി ഉപയോഗിച്ചതോടെയാണ് അയാളുടെ വളർച്ചയാരംഭിച്ചത്. തുടർന്ന് സിനിമാരംഗത്തേക്കിറങ്ങി. പിടിച്ച സിനിമകളെല്ലാം വൻവിജയമായി.
സിനിമാപ്രവർത്തകരിലേക്കും ന്യൂജെൻ താരങ്ങളിലേക്കും ലഹരി പകർന്നു കൊടുത്തത് ഇദ്ദേഹമാണ്. മുൻപ് തട്ടേക്കാട് ബോട്ടിലെ പാർട്ടിക്കിടെ റഷ്യൻ യുവതി വെള്ളത്തിൽ മുങ്ങിമരിച്ച സംഭവത്തോടെയാണ് നിർമ്മാതാവിനു പണികിട്ടിയത്. ഇയാളുടെ മയക്കുമരുന്നു ബന്ധം പൊലീസ് കണ്ടെത്തിയതോടെ കേസ് ഒതുക്കാൻ കുറെ പണമൊഴുക്കി. ഇതോടെ കുടുംബത്തിൽ പ്രശ്‌നങ്ങളാവുകയും ചെയ്തതോടെയാണ് നേരിട്ടുള്ള ബിസിനസ് നിർത്തി ഡൽഹിയിലേക്കു ചുവടുമാറ്റിയത്. എന്നാൽ അവിടെനിന്നു ചരടുവലിയുണ്ടെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന വിവരം.
കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടുകളിൽ എല്ലാം പുറകിൽനിന്നു നിയന്ത്രിച്ചിരുന്ന ഇയാൾ ഒരുഘട്ടത്തിലും മുഖ്യധാരയിലേക്ക് എത്തിയിരുന്നില്ല. ആഡംബര നൗകയിൽ മയക്കുമരുന്ന് പിടിച്ച സംഭവത്തിലും കൊച്ചിയിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവർ പിടിയിലായ കേസിലും ഈ നിർമ്മാതാവിന്റെ പേര് പല ഘട്ടങ്ങളിലായി പരാമർശിക്കപ്പെട്ടിരുന്നുവെങ്കിലും മതിയായ തെളിവോ മൊഴികളോ ഇല്ലാത്തതിനാലാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിനു കഴിയാതിരുന്നത്. ഇപ്പോൾ പിടിയിലായ കാക്കോച്ചി മിഥുന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിർമ്മാതാവിലേക്ക് അന്വേഷണം എത്തുന്നതെന്നാണ് സൂചന.
ഇപ്പോൾ ഡൽഹിയിലുള്ള ഇയാളോട് ഉടൻ തന്നെ നാട്ടിലെത്താൻ പൊലീസ് അടുത്ത ദിവസം ആവശ്യപ്പെടുമെന്നറിയുന്നു. നഗരത്തിലെ പ്രമുഖമായ ഒരു ഹോട്ടലിന്റെ ഉടമ കൂടിയാണ് നിർമ്മാതാവ്. ഒരു സിനിമ കൊണ്ട് ഹിറ്റായ ഇയാളാണ് അന്തർസംസ്ഥാന ബന്ധം ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
കൊക്കാച്ചിയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇടപ്പള്ളിക്കാരൻ മിഥുനെ പോലുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ഗോവ വഴിയാണ് ഇത്തരം മയക്കുമരുന്നിടപാടുകൾ നിർമ്മാതാവ് നടത്തിയിരുന്നത്. അവിടെ കപ്പൽ മാർഗം എത്തിക്കുന്ന ചരക്ക് സുഗമമായി കേരളത്തിലെത്തിച്ചാൽ പണവും ലഹരിയും ചെറുപ്പക്കാർക്ക് പ്രതിഫലമായി നൽകും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോക്കാച്ചി ഈ രംഗത്ത് നിർമ്മാതാവിന്റെ സഹായിയായിരുന്നു. വാട്‌സ് ആപ്പ് വഴിയും ഫേയ്‌സ് ബുക്ക് വഴിയും പ്രചരണം നൽകി നഗരത്തിലെ ഹോട്ടലുകളിലും മറ്റും ഡി ജെ പാർട്ടി നടത്തുന്നതും കോക്കാച്ചിയാണ്.
ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തുള്ള ഇയാൾക്ക് ഭരണത്തിലിരിക്കുന്ന ബിജെപി യിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അടുത്തുതന്നെ ബി ജെപിയിലേക്ക് അംഗത്വവും ചെറുതല്ലാത്ത ഒരു സ്ഥാനവും കണ്ണുനട്ടാണ് നിർമ്മാതാവ് ഇപ്പോൾ ഇരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയാകുന്നതിനു മുൻപ് നരേന്ദ്ര മോദി കേരളത്തിൽ കെ പി എം എസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴും ഈയിടെ ഫാക്ടിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്ര വളം വ്യവസായ മന്ത്രി അനന്ത്കുമാർ നഗരത്തിലെത്തിയപ്പോഴും സഞ്ചരിച്ച ആഡംബര വാഹനം നിർമ്മാതാവിന്റേതായിരുന്നു.
തന്റെ ഉന്നത ബന്ധം ഉപയോഗിച്ചു കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കവും ഇയാളുടെ ഭാഗത്തുനിന്നു സജീവമാണ്.. ഇയാളെ കൂടാതെ രണ്ടു ന്യൂജനറേഷൻ നടിമാരുൾപ്പെടെ ചോദ്യം ചെയ്യപ്പെടേണ്ട 15 പേരുടെ ലിസ്റ്റും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി കിട്ടിയാൽ മാത്രമേ ചോദ്യം ചെയ്യൂ.