കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ സി ഐ ബൈജു പൗലോസ് ഇപ്പോഴും തിരക്കിലാണ്. കേസിലെ പ്രധാന തൊണ്ടിയായ നടിയുടെ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലന്നും ഇത് വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ബൈജു പൗലോസ് മറുനാടനോട് വ്യക്തമാക്കി.

കേസിൽ ഇപ്പോൾ അങ്കമാലി കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റ പത്രത്തിൽ കൂട്ടിച്ചേർക്കലുകൾക്കുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ ഭാഗത്തുനിന്നുള്ള സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. സംഭവശേഷം മുഖ്യപ്രതി പൾസർസുനി മതിൽച്ചാടിക്കടന്നെത്തിയ വീട്ടിലെ താമസക്കാരിയെക്കുറിച്ചും ഇവരും സുനിയും തമ്മിലുള്ള അടുപ്പത്തേക്കുറിച്ചുമെല്ലാം ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കേസിൽ ഏറെ പരാമർശിക്കപ്പെട്ട വമ്പൻ സ്രാവ് ഇപ്പോഴും വലയ്ക്ക് പുറത്താണ്. കേസിൽ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ പേർ പ്രതികളാവുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യം പൂർണ്ണതോതിൽ നടപ്പിലാക്കും വരെ അന്വേഷണം മുന്നോട്ടുപോകും എന്നാണ് അറിയുന്നത്. കേസ് സംബന്ധിച്ച രേഖകൾ ടൈപ്പ് ചെയ്ത് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പുവച്ച് ഫയലുകളാക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.പുറത്തുള്ള അന്വേഷണത്തിന് തൽക്കാലം അവധി നൽകി ബൈജു പൗലോസ് ഇപ്പോൾ ഇക്കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ ചെലത്തിയുള്ളതെന്നാണ് ലഭ്യമായ വിവരം.

കുറ്റപത്രം സമർപ്പിക്കുന്നതോടെ ബൈജു പൗലോസ് അവധിയിൽ പോകുമെന്ന തരത്തിൽ പ്രചാരണങ്ങൾ വ്യാപകമായിരുന്നു.എന്നാൽ ഇതിൽ കഴമ്പില്ലന്നാണ് ബൈജു പൗലോസിന്റെ നീക്കങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ലക്ഷ്യം കണാതെ കളംവിടാൻ ആക്ഷൻ ഹീറോ ഒരുക്കമല്ലന്ന പരസ്യ സൂചനയായിട്ടാണ് കേസിൽ ഇപ്പോഴും തുടരുന്ന അന്വേഷണത്തെ പരക്കെ വിലയിരുത്തപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിൽ പണം തട്ടാൻ വേണ്ടി പൾസർ സുനിയും കൂട്ടുകാരും നടത്തിയ പദ്ധതി എന്ന നിലയ്ക്ക് അവസാനിപ്പിച്ച കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വന്നത് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ്.

കേസ് അവസാനിച്ച്, കേസ് വിചാരണയിലേയ്ക്കു കടന്നപ്പോഴും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് തികച്ചും രഹസ്യമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും ഇത് അറിഞ്ഞിരുന്നില്ല. എല്ലാ പഴുതും അടച്ച അന്വേഷണത്തിനു നേതൃത്വം നൽകിയത് ബൈജു പൗലോസ് ആയിരുന്നു. പെരുമ്പാവൂർ സിഐ ആയി ജോലി ചെയ്യുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കു ബൈജു പൗലോസ് നിയോഗിക്കപ്പെട്ടത്. സ്വന്തം ടീമിനെ തിരഞ്ഞെടുത്തതും ബൈജു പൗലോസ് തന്നെ. കേസിന്റെ രഹസ്യസ്വഭാവവും അന്വേഷണ സൂഷ്മതയും നിലനിർത്തിയ സംഘം ദിലീപിലേക്ക് തെളിവുകൾ എത്തിച്ചു. ഒന്നാം പ്രതി പൾസർ സുനി ജയിലിനുള്ളിൽ നടത്തിയ തുറന്നു പറച്ചിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. ഇനി മൂന്നാം ഭാഗം. അതിനുള്ള തയ്യാറെടുപ്പിലാണ് ബൈജു പൗലോസ്.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. അന്വേഷണ സംഘത്തിൽ ഒന്നിലധികം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ മാധ്യമങ്ങൾക്ക് പോലും വിവരങ്ങൾ ലഭിക്കാത്ത രീതിയിൽ അതീവ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം മുന്നോട്ട് പോയത്. ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണായകമായത്. ദിലീപിൽ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. നടിയെ ആക്രമിച്ച കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ തന്നെ ബൈജു നീക്കം തുടങ്ങി. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാർക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നിൽ നിർത്തി ദിലീപ് നടത്തുമായിരുന്നു.

സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തിൽ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. ലോക്കൽ സിഐ ആയതു കൊണ്ടായിരുന്നു ഇത്. അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് ടീം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് തുടക്കത്തിൽ ഒന്നും അറിയാമായിരുന്നില്ല. ഡിവൈഎസ്‌പി, എസ്‌പി എന്നിങ്ങനെ പരമ്പാരാഗത ശൈലിയിൽ അന്വേഷണ പുരോഗതി കൈമാറിയാൽ രഹസ്യങ്ങൾ ചില ഉന്നതർക്കും മാധ്യമപ്രവർത്തകർക്കും ചോരുമെന്നതിനാലാണ് ഡിജിപി ടിപി സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിവരങ്ങൾ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈറിയത്. പൊലീസിന്റെ സ്ഥിരം ഇൻഫോർമറായ ജിൻസന്റെ സഹായം ഇതിന് മുതൽക്കൂട്ടാക്കി.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജിൻസൺ കാക്കനാട് ജില്ല ജയിലിലെത്തുന്നത്. തുടർന്ന് പൾസർ സുനിയുടെ സെല്ലിൽ പാർപ്പിച്ചു. കുറച്ച് ദിവസം അടുക്കുമ്പോൾ തന്നെ തടവ് പുള്ളികൾ തമ്മിൽ ഫ്‌ലാഷ് ബാക്ക് പറയുന്നത് സാധാരണമാണ്. ജിൻസൺ മെനഞ്ഞെടുത്ത ഫ്‌ളാഷ് ബാക്ക് പറഞ്ഞ് സുനിയുടെ വിശ്വാസീയത നേടിയെടുത്തു. എന്നാൽ വളരെ സാവധാനമാണ് ജിൻസനോട് സുനി കാര്യങ്ങൾ തുടന്ന് പറഞ്ഞത്. ജിൻസനിൽ ഉണ്ടായ വിശ്വാസം മൂലമാണ് സുനി എല്ലാം പുറത്തു പറഞ്ഞത്. വിഷ്ണു വഴി ദിലീപിന് കത്തുകൊടുത്ത് എങ്ങനെയെന്നും പൊലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്ന് സുനി ജിൻസനോട് വ്യക്തമാക്കിയിട്ടുണ്ട്. ജിൻസൺ പൊലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ഇത്. എ്രന്നാൽ ജിൻസനോട് പറഞ്ഞ കാര്യങ്ങൾ പിന്നീട് അന്വേഷണ സംഘത്തോട് തുറന്നുപറയാൻ പൾസർ സുനി ആദ്യ ഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഇത് അറിയാവുന്ന ബൈജു പൗലോസ് സത്യം പറയിക്കാൻ വേണ്ട തെളിവുകളെല്ലാം ശേഖരിച്ചിരുന്നു.

പൾസർ സുനി ജാമ്യം നേടി പുറത്തുവരാതിരിക്കേണ്ടത് ഗൂഢാലോചന തെളിയിക്കാൻ അനിവാര്യമായിരുന്നു. രണ്ടു മാസത്തിനുള്ളിൽതന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ജയിലിൽ അകപ്പെട്ട സുനി സ്വാഭാവികമായും ഗത്യന്തരമില്ലാതെ ക്വട്ടേഷൻ നൽകിയ ആളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് പൊലീസ് കണക്കുകൂട്ടി. ഇത് ബൈജു പൗലോസിന്റെ കണക്ക് കൂട്ടലായിരുന്നു. സുനിക്ക് യഥാർഥ പ്രതിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം രഹസ്യമായി പൊലീസ് തന്നെയാണ് ഒരുക്കിനൽകിയതെന്നും സൂചനയുണ്ട്. ജയിലിനുള്ളിലെ ഫോണിൽനിന്ന് സുനി പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടത് പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺ നമ്പറുകൾക്കുവേണ്ടിയായിരുന്നു സുനിയുടെ ആദ്യത്തെ ഫോൺവിളി. അതോടെ ഇവർ മൂവരും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് സുനി ദിലീപിന് കത്തെഴുതുന്നതും കത്ത് പുറത്തുവരുന്നതും. പിന്നെ നായകനെ വില്ലനാക്കിയ അന്വേഷണം.

2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവർഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാർഡൻ കേസിലെ ഇടപെടലാണ് നിർണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്നമായി. വിജിലൻസ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉൾപ്പെടെ പലതും ചർച്ചായാക്കി. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവരെ പെരുമ്പാവൂരിൽ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിർണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ഇവിടെ നിർണ്ണായകമായതും.

സിഐ ബൈജു പൗലോസിനെ കുറച്ചു പറയുന്‌പോൾ സേനാംഗങ്ങൾക്കിടയിൽ തന്നെ മതിപ്പാണ്. ആരെയും ചീത്തവിളിക്കാത്ത, ആരോടും വിരോധമില്ലാത്ത സൗമ്യനായ ഉദ്യോഗസ്ഥൻ... സഹപ്രവർത്തകർക്കിടയിൽ ബൈജു പൗലോസിനെ വ്യത്യസ്തനാക്കുന്നതും ഇതാണ്. 'ഒരു പേന പോലും പ്രതിഫലമായി വാങ്ങാത്ത ഉദ്യോഗസ്ഥനാണ് ബൈജു സാറെന്ന്' സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പുകവലിയും മദ്യപാനവുമില്ലാത്ത അഴിമതിരഹിതനായ ഉദ്യോഗസ്ഥൻ.

മുരുങ്ങൂർ മാച്ചാംപ്പിള്ളി പൗലോസ്-റോസിലി ദന്പതികളുടെ ഇളയമകനായ ബൈജു പൗലോസിന് ചെറുപ്പം മുതൽ പൊലീസ് സേനയോട് താൽപര്യമുണ്ടായിരുന്നു. 2003-ൽ തിരുവനന്തപുരം കൺടോൺമെന്റ് സ്റ്റേഷനിലായിരുന്നു എസ്‌ഐയായിട്ടുള്ള നിയമനം. വെള്ളൂർ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ്. എയർപോർട്ട് എമിഗ്രേഷൻ വിഭാഗം, പുത്തൻവേലിക്കര പൊലീസ് സ്റ്റേഷൻ, അങ്കമാലി പൊലീസ് സ്റ്റേഷൻ, സ്‌പെഷൽബ്രാഞ്ച് എറണാകുളം, എയർപോർട്ട് എമിഗ്രേഷൻ വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ എസ്‌ഐ ആയി പ്രവർത്തിച്ചു. 2011-ൽ തൃപ്പൂണിത്തുറ സിഐയായി ചുമതലയേറ്റു. നാലു വർഷത്തിനുശേഷം പെരുന്പാവൂർ സിഐയായി. ഇദ്ദേഹത്തിന്റെ ഏക സഹോദരൻ സാജു പൗലോസ് കൊടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.

മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ബൈജു പൗലോസിനു ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം തൃപ്പൂണിത്തുറ സിഐ ആയിരുന്ന സമയത്തു പല നിർണായകമായ കേസുകൾക്കും തുന്പുണ്ടാക്കാനായി. സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി കേസിലും പ്രതികളെ അറസ്റ്റു ചെയ്തത് ഇദ്ദേഹമായിരുന്നു. ഡിഐജി ചമഞ്ഞ് പണം തട്ടിയ കേസിലെ നാരായണദാസിനെയും സംഘത്തെയും അറസ്റ്റു ചെയ്യാനായി. മോർച്ചറി ഷമീർ വധക്കേസ്, തൃക്കാക്കരയിൽ കാമുകനും ഭാര്യയും ചേർന്നു ഭർത്താവിനെ കൊന്ന കേസ്, പേട്ട ബാറിലുണ്ടായ കൊലപാതകം എന്നീ സംഭവങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതികളെ പിടികൂടാനായത് ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡിന്റെ നേട്ടങ്ങളാണ്. നിരവധി അന്പലമോഷണ കേസുകളിലെ പ്രതിയായ സ്‌പൈഡർ രാജേഷിനെയും തമിഴ് മോഷ്ടാക്കളുടെ സംഘത്തെയും പിടികൂടാനായത് ഇദ്ദേഹത്തിന്റെ കേസന്വേഷണത്തിലെ മികവാണ്. നിരവധി മയക്കുമരുന്നു കേസുകളും പിടികൂടുകയുണ്ടായി.

തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനമൈത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി. സ്റ്റേഷനിലെ ലൈബ്രറിയുടെ പ്രവർത്തനം വിപുലമാക്കുകയും പ്രതിമാസ പുസ്തക ചർച്ചകളും പൊലീസുകാർക്കായി മാനസികാരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചത് എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. 2016-ൽ പെരുന്പാവൂരിൽ ജിഷ വധകേസിന്റെ അന്വേഷണ സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. പെരുന്പാവൂരിൽ ഇന്റലിജൻസ് ഓഫീസർ ചമഞ്ഞ് വീട് റെയ്ഡ് ചെയ്ത സംഘത്തിലെ പ്രതികളെ അറസ്റ്റു ചെയ്തതും ഇദ്ദേഹമായിരുന്നു.