- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്രബംഗ്ലാവിലെ തട്ടിപ്പു വീരൻ! ഈച്ചകയറിയാൽ പോലുമറിയാൻ നിരീക്ഷണ സംവിധാനങ്ങൾ; വിവരങ്ങൾ ചോർത്താൻ പൊലീസുകാരും; ഇരുമ്പയിര് കേസിൽ ഫിലപ്പിനെ കർണ്ണാടക പൊലീസ് വീഴ്ത്തിയത് ബിസിനസ് ഡീലിൽ
പാലാ: ദുരൂഹത നിറഞ്ഞ ബിസിനസ് സാമ്രാജ്യത്തിനുടമയായ, ഇരുമ്പയിര് തട്ടിപ്പുകേസിലെ പ്രതി ജെ.ഫിലിപ്പ ്പാലാക്കാർക്ക് കൗതുകമുണർത്തുന്ന വ്യക്തിയാണ്. പാലാ വെള്ളാപ്പാട് നെല്ലിയാനി ജനതാനഗറിനുസമീപം നക്ഷത്ര ബംഗഌവെന്ന് വിശേഷിപ്പിക്കാവുന്ന ജെ. ഫിലിപ്പിന്റെ വസതി നാട്ടുകാർക്ക് അത്ഭുതമാണ്. ഏതാണ്ട് ഒന്നരയേക്കറോളം സ്ഥലത്ത് പതിനായിരത്തിലേറെ ചത
പാലാ: ദുരൂഹത നിറഞ്ഞ ബിസിനസ് സാമ്രാജ്യത്തിനുടമയായ, ഇരുമ്പയിര് തട്ടിപ്പുകേസിലെ പ്രതി ജെ.ഫിലിപ്പ ്പാലാക്കാർക്ക് കൗതുകമുണർത്തുന്ന വ്യക്തിയാണ്. പാലാ വെള്ളാപ്പാട് നെല്ലിയാനി ജനതാനഗറിനുസമീപം നക്ഷത്ര ബംഗഌവെന്ന് വിശേഷിപ്പിക്കാവുന്ന ജെ. ഫിലിപ്പിന്റെ വസതി നാട്ടുകാർക്ക് അത്ഭുതമാണ്. ഏതാണ്ട് ഒന്നരയേക്കറോളം സ്ഥലത്ത് പതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യന്താധുനിക മണിമന്ദിരം ഫിലിപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയാണ് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ ഒളിച്ചുതാമസിച്ചിരുന്നത്.
ഗോവയിൽ ഇരുന്നൂറു കോടിയുടെ ഇരുമ്പയിര് കയറ്റുമതി തട്ടിപ്പിൽ കർണാടക പൊലീസ് കൊച്ചിയിൽനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാൾ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കേസുകൾ വ്യക്തമാക്കുന്നത്. ചങ്ങനാശേരി കുരിശുമൂട് ചെത്തിപ്പുഴ വീട്ടിൽ ബോബി ജേക്കബ് ഗസറ്റിൽ വിജ്ഞാപനം നടത്തി ജെ. ഫിലിപ്പ് എന്ന പേര് സ്വീകരിച്ചാണ് പാലായിൽ താമസമാക്കിയത്. കാനറ ബാങ്കിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജയിലിലായ ഇയാൾ തന്റെ മുൻകാല ഇടപാടുകൾ നാട്ടുകാർ മറക്കാനാണ് പുതിയ പേര് സ്വീകരിച്ചതെന്ന് അറിയുന്നു.
ഇയാൾക്കെതിരെ ചെക്ക് തട്ടിപ്പ് ഉൾപ്പെടെ ഏറ്റുമാനൂർ പൊലീസിൽ നിരവധി കേസുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഫിലിപ്പിനെ തെരഞ്ഞ് കൊച്ചിയിൽ ദിവസങ്ങളായി തമ്പടിച്ച കർണാടക പൊലീസിന്റെ വലയിൽനിന്ന് രക്ഷപ്പെട്ട് ശനിയാഴ്ചവരെ ഇയാൾ പാലായിലെ വീട്ടിൽ കഴിയുകയായിരുന്നു. കർണാടക സംഘത്തിന്റെ നീക്കങ്ങൾ ഇവർ സഹായം തേടിയ കേരള പൊലീസിൽനിന്ന് ഫിലിപ്പിന് അപ്പപ്പോൾ ലഭിച്ചിരുന്നതായാണ് വിവരം. ഇത് തിരിച്ചറിഞ്ഞ കർണാടക പൊലീസ് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന രഹസ്യമായി ഫിലിപ്പിനെ എംജി റോഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് അറസ്്റ്റ് ചെയ്തത്.
ജെ. ഫിലിപ്പ് എന്ന പേരിൽ ആറുമാസമായി പാലായിലെ നക്ഷത്ര ബംഗ്ലാവിൽ താമസിച്ചുവരുന്ന ഇയാൾ ആഡംബര ജീവിതമാണ് നയിക്കുന്നത്. ഗോവയിൽ അമലഗിരീസ് എന്ന പേരിലുള്ള കമ്പനി നടത്തി ഇരുമ്പയിര് വ്യവസായം നടത്തുന്ന ഫിലിപ്പിന് ദിവസം 15 ലക്ഷത്തോളം രൂപ വരുമാനം ഉള്ളതായാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. ആഡംബര വീട്ടിൽ പല ദിവസങ്ങളിലും രാത്രിയും പകലും വൻ സൽക്കാരങ്ങൾ നടത്തിവന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മൂന്ന് ആഡംബര കാർ ഉൾപ്പെടെ എട്ടുവാഹനങ്ങളും സ്വന്തമായുണ്ട്.
മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കിയ വീടിന്റെ മുറ്റവും തറയും, ഭിത്തികളും മേൽക്കൂരയുമെല്ലാം ഇറക്കുമതി ചെയ്ത വിലയേറിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് വൈദ്യുതി കണക്ഷനായി സ്വന്തമായി ട്രാൻസ്‌ഫോർമർ കണക്ഷനും എടുത്തിട്ടുണ്ട്. വീടിന് അലങ്കാരമായി ഹൈദ്രാബാദിൽനിന്ന് എത്തിച്ച ഈന്തപ്പനകൾ ചുറ്റിലും നട്ടുവളർത്തിയിട്ടുണ്ട്. വീടിനു മുന്നിലെ റോഡിൽ ആരെങ്കിലും എത്തിയാൽ വിവരം വീടിനുള്ളിൽ അറിയാൻ ചുറ്റിലും ക്ലോസ്ഡ് സർക്ക്യൂട്ട് ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
നാട്ടിൽ വലിയ ബന്ധങ്ങൾ ഇല്ലാത്ത ഫിലിപ്പിന്റെ ബിസിനസ് ബന്ധങ്ങളെല്ലാം കൊച്ചി, ഗോവാ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്. നാട്ടിൽ അധികമാരുമായും ഇടപെടൽ ഇല്ലാത്ത ഇയാൾ തട്ടിപ്പു കേസിൽ അറസ്റ്റിലായ വിവരം നാട്ടുകാരിൽ വിസ്മയം ജനിപ്പിച്ചു. അറസ്റ്റ് വിവരം അറിഞ്ഞ് വീടിന് മുമ്പിലെത്തുന്നവരെ നിരീക്ഷിക്കാനും മറ്റുമായി വീട്ടിൽ ഒരു യുവാവിനെ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ ചിത്രം പകർത്തുന്നതിനും മറ്റുമായി ഇവിടെയെത്തിയ മാദ്ധ്യമപ്രവർത്തകരെ യുവാവ് പിന്തുടർന്നിരുന്നു.
ഫിലിപ്പിന്റെ ബിസിനസും ആഡംബരജീവിതവും നാട്ടുകാർക്ക് എന്നും കൗതുകമാണ്. വളരെ കുറച്ചുസമയത്തേക്കു മാത്രമേ ഇയാൾ വീട്ടിൽ കാണുകയുള്ളു. വീടിന്റെ മതിൽകെട്ടിനോട് ചേർന്ന് നിരവധി വീടുകളുണ്ടെങ്കിലും ആരുമായും സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഫിലിപ്പോ വീട്ടുകാരോ ശ്രമിച്ചിട്ടില്ല. കോട്ട പോലുള്ള മതിലിനുള്ളിൽ എന്താണ് നടക്കുന്നതെന്നും ആരൊക്കെ വരുന്നുണ്ടെന്നും നാട്ടുകാർക്കും അജ്ഞാതമാണ്. പാലായിലെ ഒരു പ്രമുഖ പണമിടപാടുകാരന്റെ മകളെയാണ് ഫിലിപ്പ് വിവാഹം ചെയ്തിരിക്കുന്നത്. പതിനാല് മക്കളുള്ള പണമിടപാടുകാരന്റെ മകളെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയാണ് ഭാര്യ.
ഇവരുടെ ബന്ധം ഇഷ്ടമല്ലാതിരുന്ന പണമിടപാടുകാരൻ പെൺകുട്ടിയെ ധ്യാനത്തിനയച്ച സ്ഥലത്തുനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീട് ലോഹ്യത്തിലായ ഭാര്യാപിതാവ് നൽകിയ പാലായിലെ ഒന്നരയേക്കർ സ്ഥലത്താണ് ഫിലിപ് വീട് വച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. പാലായിലെ അറിയപ്പെടുന്ന കുടുംബത്തിലെയാണ് ഭാര്യ. ഫിലിപ്പിന്റെ ഭാര്യാപിതാവിനു നല്ല സമ്പത്തുണ്ട്. കോടികളുടെ പണമിടപാടും പെട്രോൾ പമ്പ്, ഷോപ്പിങ് കോംപഌക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്.
മൂന്നുകോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച ഫിലിപ്പിന്റെ വീടിന്റെ വെഞ്ചരിപ്പ് പാലാ ബിഷപ്പിനെക്കൊണ്ടാണ് നടത്തിച്ചതെന്നും പറയപ്പെടുന്നു. പാലാ രൂപതയുടെ പുതിയ വിദ്യാഭാസസ്ഥാപനത്തിന് 25 ലക്ഷം രൂപയോളം സംഭാവന ചെയ്തിട്ടുള്ളതായും അഭ്യൂഹമുണ്ട്. അടുത്തിടെയാണ് ഇയാൾക്ക് ഏഴാമത്തെ കുട്ടിയുണ്ടായത്. വൻകിട തട്ടിപ്പുകേസുകളിൽ പ്രതിയാണെങ്കിലും ഫിലിപ്പിനെക്കുറിച്ച് നാട്ടുകാർക്കിടയിലോ പാലാ പൊലീസിലോ പരാതികളില്ല.