- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുടരുന്നത് നാലാം നൂറ്റാണ്ടിലെ ജീവിതരീതികൾ; ഭൗതിക സുഖസൗകര്യങ്ങളിൽ നിന്ന് അകന്ന് ജീവിച്ചാലേ സ്വർഗരാജ്യം ലഭിക്കൂ എന്ന വിശ്വാസം; കാസർകോടുനിന്നും ഐ.എസിൽ പോയ കുടുംബങ്ങൾ ഇവിടെ എത്തി; അത്തിക്കാട്ടെ സലഫി ഗ്രാമം വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെ
മലപ്പുറം: കേരളത്തിൽ നിന്നും ഐ.എസിൽ ചേരാൻ പോയ കാസർകോട്ടെ കുടുംബങ്ങൾ നിലമ്പൂരിൽ എത്തിയതോടെയാണ് അത്തിക്കാട്ടെ സലഫി ഗ്രാമം വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ശ്രീലങ്കയിൽ 253 പേരെ ചാവേർ സ്ഫോടനങ്ങളിലൂടെ കൂട്ടക്കുരുതി നടത്തിയ നാഷണൽ തൗഹീദ് ജമാഅത്തിന് നിലമ്പൂർ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണവുമായി എൻ.ഐ.എയും എത്തി.
ശ്രീലങ്കയിൽ നിന്നുള്ള സലഫി പണ്ഡിതന്മാർ ഇവിടെയെത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്. 2015ൽ ഇവിടെ താമസമാക്കിയ വ്യക്തിയുടെ പ്രവൃത്തികളിൽ സംശയമുണ്ടെന്ന് ഇവിടുത്തെ താമസക്കാരനായ യാസിർ 2016 ജൂൺ 23ന് പൊലീസിൽ പരാതി നൽകിയിരുന്നു. മതവിഷയങ്ങളിൽ അമിതമായ കാർക്കശ്യം പുലർത്തുന്ന ഇദ്ദേഹത്തിന്റെയും ഒപ്പമുള്ളവരുടെയും പ്രവർത്തനങ്ങളിൽ ദേശവിരുദ്ധതയുണ്ടെങ്കിൽ നടപടിയെടുക്കണമെന്നായിരുന്നു പരാതി. എന്നാൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള പരാതിയെന്ന നിഗമനത്തിലാണ് പൊലീസെത്തിയത്. കാസർകോഡ്, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി കാണാതായവർ നിലമ്പൂർ അത്തിക്കാട്ടെ സലഫി ഗ്രാമത്തിൽ പോകാറുണ്ടായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
നിലമ്പൂരിലെത്തിയവർ ശ്രീലങ്കയിലെ സലഫി കേന്ദ്രത്തിലും പോയിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം കൈമാറിയിരുന്നു. ശ്രീലങ്കയിലെ മതപണ്ഡിതൻ നിലമ്പൂർ അത്തിക്കാട്ടെത്തി മതപഠന ക്ലാസുകൾ എടുത്തതായും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ശ്രീലങ്കയിലെ ചാവേർ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് അത്തിക്കാട്ടെത്തിയ ശ്രീലങ്കക്കാരെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയത്. നാഷണൽ തൗഹീദ് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമോ ഇയാളുടെ അനുയായികളോ ഇവിടെയെത്തിയോ എന്ന സാധ്യതയാണ് എൻ.ഐ.എ പരിശോധിക്കുന്നത്.
തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 60 മലയാളികളെക്കുറിച്ച് എൻ.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ അത്തിക്കാട്ടെ സലഫി ഗ്രാമത്തിലുള്ളവരെക്കുറിച്ച് സംശയകരമായ ഒരു തെളിവും ലഭിച്ചില്ല. മുജാഹിദ് വിഭാഗത്തിലെ പിളർപ്പിനു ശേഷം കെ.എൻ.എം വിഭാഗത്തിനൊപ്പം നിന്ന സർക്കാർ സ്‌കൂൾ അദ്ധ്യാപകനും മതപണ്ഡിതനുമായ സുബൈർ മങ്കടയാണ് സംഘടന ആവശ്യമില്ലെന്നു പറഞ്ഞ് ദമ്മാജ് സലഫി ആശയവുമായി അത്തിക്കാട്ട് സലഫി ഗ്രാമം ആരംഭിച്ചത്.
ചാലിയാർ പുഴയുടെ തീരത്ത് വനത്തോട് ചേർന്ന വിജനമായ ഭാഗത്ത് മൂന്നേക്കർ ഭൂമി വാങ്ങി സമാന ആശയക്കാരായ 18 കുടുംബങ്ങളുമായി ഇവിടെ പ്രത്യേക വിഭാഗമായി ജീവിക്കുകയായിരുന്നു. നാലാം നൂറ്റാണ്ടിലെ പ്രവാചക ജീവിതരീതികളും അതേപടി സ്വീകരിച്ച് ഭൗതിക സുഖസൗകര്യങ്ങളിൽ നിന്ന് അകന്ന് ജീവിച്ചാലേ സ്വർഗരാജ്യം ലഭിക്കൂ എന്ന വിശ്വാസമായിരുന്നു ഇവർ മുറുകെപിടിച്ചത്. യെമനിലെ ദമ്മാജ് സലഫി വിഭാഗത്തെ മാതൃകയാക്കി ആടുവളർത്തലും കൃഷി അടക്കമുള്ള ജീവിതരീതിയാണ് ഇവർ സ്വീകരിച്ചത്. പ്രത്യേകം മദ്രസയും പള്ളിയും സ്്കൂളും ഉണ്ടാക്കി.
എന്നാൽ പിന്നീട് ഇവരുടെ ഷേക്കായ സുബൈർ മങ്കടയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ സുബൈർ മങ്കടയും ആറു കുടുംബങ്ങളും മൂന്നു വർഷം മുമ്പ് ഇവിടം വിട്ടുപോയി. ഇപ്പോൾ 12കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചില വീടുകൾ ഒഴിഞ്ഞു കിടക്കുകയാണ്. നിലവിൽ അത്തിക്കാട്ടെ സ്‌കൂൾ അടഞ്ഞുകിടക്കുകയാണ്.
നാലു വർഷമായി പള്ളിയിൽ ജുമുഅ നമസ്‌ക്കാരം നടക്കുന്നില്ല. മലപ്പുറം, ലക്ഷദ്വീപ്, തലശേരി, വർക്കല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ ഇവിടുത്തെ താമസക്കാർ. പ്രത്യേക നേതൃത്വമില്ലാതെ വിചിത്രമായ വിശ്വാസവുമായി ജീവിക്കുന്ന കേരളത്തിലെ ദമ്മാജ് സലഫി വിഭാഗത്തിൽ നിലവിൽ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും തീവ്ര മതബോധമുള്ള ഇവർ വേഗത്തിൽ തീവ്രവാദ നിലപാടുകളിലേക്ക് വഴിമാറിപ്പോകാമെന്ന നിഗമനത്തിലാണ് ഇന്റലിജൻസ് വിഭാഗങ്ങൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്