തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ്പോൾ സതീവൻ ബാലൻ മുമ്പേ പറഞ്ഞ വാക്കുകളാണ് ഓർമ വരിക. മിടുക്കരായ ചെറുപ്പക്കാരെ ചേർത്ത് ടീം വാർത്തെടുക്കുകയാണ് പ്രധാനം. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യവും , ആ സ്വാതന്ത്ര്യം മികച്ച കൂട്ടായ്മയായി വളർത്തിയെടുക്കുകയും ചെയ്തതാണ് സതീവൻ ബാലന്റെ വിജയമന്ത്രം.

ഓരോ കളിക്കാരന്റെയും ശക്തിയും പോരായ്മയും, കഴിവും പ്രതിഭയും നന്നായി അറിയാം ഈ പരിശീലകന്.ദേശീയ കിരീടം ചൂടാൻ ടീമിനെ പ്രാപ്തനാക്കുക എളുപ്പമുള്ള പണിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, തനിക്ക് കിട്ടിയ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച് മേഖലാതല മൽസരങ്ങൾ മുതൽ തോൽവിയറിയാതെ ഫൈനലിൽ എത്തിച്ചു.

കാലിക്കറ്റ് സർവകലാശാലയെ മൂന്ന് തവണ അന്തർ സർവകലാശാല ചാമ്പ്യന്മാരാക്കിയ ശേഷമാണ് സതീവൻ ബാലൻ സ്‌ന്തോഷ് ട്രോഫി ചുമലയേറ്റത്.ഏഴെട്ട് വർഷമായി ദേശീയതലത്തിൽ മങ്ങിയ പ്രകടനം കാഴ്ച വച്ചിരുന്ന കാലിക്കറ്റിനെ തുടർച്ചയായി ചാമ്പ്യന്മാരാക്കിയപ്പോൾ അദ്ദേഹം പറഞ്ഞ ഒരുകാര്യമുണ്ട്. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യം. മഹാത്മഗാന്ധി സർവകലാശാലയിൽ അതിന് ഭംഗം വരികയും ടീമിന്റെ പ്രകടനം മോശമാകുകയും ചെയ്തപ്പോഴാണ് സതീവൻ ബാലൻ അവിടം വിട്ട് കാലിക്കറ്റിലേക്ക് വന്നത്.2013-14 സീസണിലാണ് കാലിക്കറ്റിന്റെ പരിശീലക ചുമതലേയൽക്കുന്നത്.

കോളജ് ടീമുകളിൽ നിന്നുള്ള മികച്ച കളിക്കാർക്കു പുറമെ ഇന്റർ സോണിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന മികച്ച കളിക്കാരെ കണ്ടെത്തി ട്രയൽസ് കൊടുത്തു സതീവൻ സിലക്ഷന് ഇറക്കി. ആദ്യ വർഷക്കാരെ ക്യാംപ് സംഘടിപ്പിച്ച് അവരിൽ നിന്നും നല്ല മൂന്നാലു കളിക്കാരെ തിരഞ്ഞെടുത്തു.ഇന്റർസോണിലേക്കു യോഗ്യത നേടാത്തവർക്കും അവസരം നൽകി. 30-35 കളിക്കാരെയാണു ടീമിലേക്കു സിലക്ട് ചെയ്തത്. ഇതോടെ കഴിവുള്ള കളിക്കാർക്ക് അവസരം കിട്ടുകയും, 2013-14 വർഷം തന്നെ സൗത്ത് സോൺ ചാമ്പ്യന്മാരാകുകയും, പിന്നീട് സൗത്ത്‌സോൺ ചാമ്പ്യന്മാരാകുകയും ചെയ്തു.

സന്തോഷ് ട്രോഫിയിലും ടീം തിരഞ്ഞെടുപ്പിൽ വിവിധ ടൂർണമെന്റുകളിൽ ജയിച്ച മിടുക്കരായ ചെറുപ്പക്കാർക്ക് സ്ഥാനം നൽകി.മികവിന്റെ അടിസ്ഥാനത്തിൽ 37 താരങ്ങളെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ശരാശരി 23 വയസ് പ്രായക്കാരാണ് ടീമിൽ ഇടം പിടിച്ചത്. തൃശൂർ സ്വദേശിയും പ്രതിരോധക്കാരനുമായ രാഹുൽ വി രാജിനെ നായകനായി തിരഞ്ഞെടുത്തു. സീസൻ ഉപനായകനായ ടീമിൽ 13 പേർ പുതുമുഖങ്ങളായിരുന്നു.

ടീമിന്റെ ശരാശരി പ്രായം 23 വയസാണ്. 27 വയസ്സുള്ള ഗോൾകീപ്പർ അഖിൽ സോമനാണ് പ്രായംകൂടിയ കളിക്കാരൻ. അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബോളിൽ ജേതാക്കളായ കലിക്കറ്റ് സർവകലാശാലയുടെ അഞ്ച് കളിക്കാർ ടീമിലുണ്ടായിരുന്നു. ബിജേഷ്ബെന്നായിരുന്നു സഹ പരിശീലകൻ.

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച യുവ കളിക്കാരിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണെന്ന് സതീവൻ ബാലൻ പറഞ്ഞിട്ടുണ്ട്. മിസോറമിന്റെ ലാൽറോമാവിയ മാത്രമാണ് കേരളാ ടീമിനു പുറത്തുള്ള ഏക മികച്ച യുവ കളിക്കാരൻ. ഇത്തവണ പരിചയസമ്പത്ത് കുറഞ്ഞ കളിക്കാരുമായാണ് കേരളം സന്തോഷ് ട്രോഫിക്കെത്തിയത്. സന്തോഷ് ട്രോഫിയുടെ 77 വർഷത്തെ ചരിത്രത്തിൽ തന്നെ കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ഇത്തവണത്തേത്.

തിരിച്ചടിയുണ്ടായാൽ വലിയ വിമർശനം നേരിടുമെന്നറിഞ്ഞു തന്നെയാണ് യുവ കളിക്കാരെ ടീമിലുൾപെടുത്തിയതെന്ന് സതീവൻ പറഞ്ഞു. പരിചയസമ്പത്തില്ലാത്തവരെ ടീമിലെടുത്തതിനാലാണ് തിരിച്ചടിയുണ്ടായതെന്ന് എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നു. എല്ലാ സീനിയർ കളിക്കാരെയും ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. ചിലർ വന്നു, ചിലർ വന്നില്ല. വന്നവരെയെല്ലാം നിരീക്ഷിച്ച് എന്റെ ശൈലിക്ക് അനുയോജ്യരായവരെയാണ് ഉൾപെടുത്തിയത്.

കഠിനാധ്വാനം ചെയ്യാനും മികവു കാട്ടാനും പറ്റുമോയെന്ന് മാത്രമാണ് നോക്കിയത്. അതിലേറെയും യുവ താരങ്ങളായിരുന്നു. ആദ്യ മത്സരത്തിനിറങ്ങുമ്പോൾ എതിരാളികളെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നിട്ടും ആക്രമിച്ചു കളിക്കുകയും ജയിക്കുകയും ചെയ്തു. അതിനു ശേഷം എല്ലാ ടീമുകളുടെയും കളി വീക്ഷിച്ച് ശക്തിയും ദൗർബല്യവും മനസ്സിലാക്കി -സതീവൻ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതിയായ അവസരങ്ങളില്ലാത്തതാണ് കേരളത്തിൽ നിന്ന് ദേശീയ ടീമിലേക്ക് കളിക്കാരെത്താത്തതിന് കാരണമെന്ന് സതീവൻ അഭിപ്രായപ്പെട്ടു. ഏത് ടീമിലും മലയാളി കളിക്കാർ നന്നായി കളിക്കുന്നുണ്ട്

ഏതായാലും സന്തോഷ് ട്രോഫിയിൽ, ആന്ധ്രപ്രദേശിനെയും, തമിഴ്‌നാടിനെയുമെല്ലാം കീഴടക്കി സൗത്ത് സോൺ കൈയടക്കി.2013-14 സന്തോഷ് ട്രോഫി സീസണിൽ ടീമിന്റെ സഹപരിശീലകനായ പരിചയവും സതീവൻ ബാലന് തുണയായി.തിരുവനന്തപുരം സ്വദേശിയായ സതീവൻ ബാലൻ. മുമ്പ് ഇന്ത്യൻ അണ്ടർ-19 ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. വെയ്ൽസിൽ നടന്ന ഇയാൻ റഷ് കപ്പിൽ ടീം ചാമ്പ്യന്മാരായി. തുടർന്ന് സാഫ് കപ്പിൽ കളിച്ച ടീം റണ്ണറപ്പായി. സ്പോർട്സ് കൗൺസിൽ ഇടുക്കി ജില്ലാ സ്പോർട്സ് ഓഫീസറാണ്.

എം.ജി കോളജിൽ പഠിക്കുന്ന കാലത്താണ് സതീവൻ ബാലൻ ഫുട്‌ബോളിലേക്ക് ചുവട് വച്ചത്. പിന്നീട് കാര്യവട്ടം എൽ.എൻ.പിയിൽ പരിശീലക കോഴ്സിന് ചേർന്നു. സ്‌കോളർഷിപ്പ് കിട്ടിയതോടെ ക്യൂബയിൽ ഉപരിപഠനം നടത്തി. തിരിച്ചെത്തിയപ്പോൾ, സായിയിൽ പരിശീലകനായി ചേർന്നു. താത്കാലിക ജോലി ഉപേക്ഷിച്ച് സ്പോർട്സ് കൗൺസിൽ കോച്ചായി. കേരളത്തിന്റെ അണ്ടർ 13 ടീമിനെ ദേശീയ ചാംപ്യനാക്കി വിജയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി. ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടി. കോൺസ്റ്റന്റൈന് കീഴിൽ യൂത്ത് ഡവലപ്മെന്റ് പരിപാടിയുടെ ചുമതലക്കാരനായി. ഇതിനിടെ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനാകാൻ നിയോഗമെത്തി.

പാക്കിസ്ഥാനിൽ നടന്ന സാഫ് അണ്ടർ 19 കപ്പിൽ റണ്ണറപ്പ്. പിന്നീട് കേരള യൂനിവേഴ്സിറ്റിയുടെ പരിശീലകനായി. 2013ൽ സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനുമായി. മേഖല പോരാട്ടം മുതൽ തോൽവി അറിയാതെ കേരളത്തെ ഫൈനലിലേക്ക് എത്തിച്ച് കിരീടം ചൂടിക്കാൻ കഴിഞ്ഞു ഇന്ത്യൻ സെലക്ടർ കൂടിയായ സതീവൻ ബാലന്. തിരുവനന്തപുരം പട്ടം മരപ്പാലം വിശ്വവിഹാറിലാണ് താമസം. ഭാര്യ: ഷീജ. മക്കൾ: ശ്രുതിയും ലയയും.