രാജ്യത്ത് നാശം വിതച്ച് പെയ്ത മഴയ്ക്ക് പിന്നാലെ വീശിയടിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിൽ ജനങ്ങൾ വലയുന്നു. രാജ്യത്തു വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണം. വടക്കുപടിഞ്ഞാറൻ കാറ്റിൽ കടൽ ക്ഷോഭിക്കാനും തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. കടലിലിറങ്ങുന്നവരും ശ്രദ്ധിക്കണം. അറേബ്യൻ ഗൾഫിലും ഒമാൻ സമുദ്രത്തിലും രൂപംകൊള്ളുന്ന വടക്കുപടിഞ്ഞാറൻ കാറ്റാണു യുഎഇയിൽ അനുഭവപ്പെടുന്നത്. മിക്കയിടത്തും ഇന്നലെയും ചാറ്റൽമഴ അനുഭവപ്പെട്ടു. വരുംദിവസങ്ങളിലും ചാറ്റൽമഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.