ചെന്നൈ: ഉൽക്ക കത്തിയെരിഞ്ഞ് ഭൂമിയിൽ പതിക്കുന്നത് അത്യപൂർവ്വ സംഭവമല്ല. എന്നാൽ, ഇങ്ങനെ ഉൽക്കാപതനത്തിൽ ഒരാൾ മരിച്ചാൽ അത് ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് താനും. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്‌ഫോടനം ഉണ്ടാകുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത് ഉൽക്കാപതനത്താൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്നെ ശരിവെക്കുകയും ചെയ്തതോടെ ലോക മാദ്ധ്യമങ്ങളിൽ പോലും ഈ വാർത്ത ഇടം പിടിച്ചു.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും മുന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത് സ്‌ഫോടനം ശനിയാഴ്ചയാണ് ഉണ്ടായത്. സ്വകാര്യ എഞ്ചിനീയറിങ് കോളജിലേക്ക് പതിച്ച ശില പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് നിന്ന് അജ്ഞാത വസ്തു നിലം പതിച്ചുവെന്നാണ് ഇത് സംബന്ധിച്ച് ദൃക്‌സാക്ഷികൾ നൽകിയ വിവരണം. എന്നാൽ നിലംപതിച്ചത് ഉൽക്കാശിലയാണെന്ന് ഇന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കോളജ് ബസിന്റെ ഡ്രൈവറായ കാമരാജ് (40) എന്നയാളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.

കാമരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ജയലളിത അനുശോചിച്ചു. കാമരാജിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 25,000 രൂപയും സർക്കാർ സഹായം നൽകുമെന്നും ജയലളിത വ്യക്തമാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ വെല്ലൂർ ജില്ലാ ഭരണകൂടത്തിനും ആശുപത്രി അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജയലളിത കൂട്ടിച്ചേർത്തു.

തമിഴ്‌നാട് മുഖ്യമന്ത്രി കൂടി വിഷയത്തിൽ ഇടപെട്ടതോടെ ലോകത്തെ ശാസ്ത്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധ തമിഴ്‌നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഡെയ്‌ലി മെയ്‌ല് പോലെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൽക്കാപതനത്തിൽ മരിച്ച ആദ്യ വ്യക്തിയാണോ കാമരാജ് എന്ന ജിജ്ഞാസയോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉൽക്കയുടെ അവശിഷ്ടങ്ങൽ വിഗദ്ധ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് ഭൗമശാസ്ത്ര വിഗദ്ധർ.

സാധാരണ ഗതിയിൽ ഉൽക്ക ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുമ്പോൾ കത്തിയമരാറുണ്ട്. ഇതുവരെ ആരുടെയും മരണത്തിന് ഇടയാക്കിയിട്ടുണില്ല. എന്നാൽ, ഇതൊരു അത്യപൂർവ്വ സംഭവമാണെന്ന നിലയിലാണ ലോക മാദ്ധ്യമങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.