ന്യൂഡൽഹി : തെരുവുനായ്ക്കളെ സംബന്ധിച്ച മൃഗ ജനന നിയന്ത്രണ ചട്ടങ്ങൾ ചോദ്യം ചെയ്തു ഹർജിയുടെ വാദത്തിനിടെ അതൃപ്തി വ്യക്തമാക്കി സുപ്രീം കോടതി. ഹർജി നൽകിയ സാബു സ്റ്റീഫൻ ഒരു സ്ത്രീക്കെതിരെ പരാതി നൽകിയതിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു.

കഴിഞ്ഞ 17ന് തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ചപ്പോൾ കോടതിയിൽവച്ച് ഒരു സ്ത്രീ അപമര്യാദയായി പെരുമാറിയെന്നായിരുന്നു സാബു സ്റ്റീഫന്റെ പരാതി. എന്നാൽ, സാബു സ്റ്റീഫൻ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചെന്നും കോടതിയിലെ നടപടികളെയും സ്ത്രീകളുടെ അന്തസ്സിനെയും അവഹേളിച്ചുവെന്നും ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവർ ഉത്തരവിൽ വ്യക്തമാക്കി.

പൊതു താൽപര്യത്തിനുവേണ്ടി നിലകൊള്ളുന്നയാളെന്ന പരിഗണന നൽകി കോടതി ഹർജി പരിഗണിക്കുമ്പോൾ, സാബു സ്റ്റീഫൻ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നുവെന്നും പറഞ്ഞു. ഹർജിയുമായി ബന്ധപ്പെട്ടതല്ലാത്ത വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അപകീർത്തികരവും സഭ്യതയ്ക്കു നിരക്കാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

സാബു സ്റ്റീഫൻ ഉന്നയിച്ച പരാതിയുടെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളും മറ്റും ഒരുരീതിയിലും പരസ്യപ്പെടുത്താൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.