തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവിഛവമായ കുട്ടികളും വീട്ടമ്മമാരുമൊന്നും സുപ്രീം കോടതിയുടെ കണ്ണുതുറപ്പിക്കുന്നില്ല. മൃഗസ്‌നേഹികളുടെ നിലപാടിനോട് കോടതിക്കും പ്രിയം. സുപ്രീം കോടതി പരിഗണിക്കുകയും സൂചന നൽകുകയും ചെയ്തതനുസരിച്ച് തെരുവുനായ്ക്കളെ കൊല്ലുന്നത് കടുത്ത ശിക്ഷാർഹമായി മാറും.

മൃഗസംരക്ഷണ നിയമത്തിൽ തെരുവുനായ്ക്കളെയും വളർത്തുനായ്ക്കളെയും വ്യത്യസ്തമായി കാണുന്നുവെന്ന് കാണിച്ച് മൃഗസ്‌നേഹികൾ നൽകിയ ഹർജി പരിഗണിക്കുന്ന സുപ്രീം കോടതി ഈ വിവേചനം പരിഗണിക്കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. തെരുവുനായ്ക്കളെ കൊല്ലുന്നതിന് വെറും 50 രൂപ മാത്രമാണ് പിഴ ശിക്ഷ. എന്നാൽ വളർത്തുനായയെ കൊന്നാൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാമെന്നാണ് മൃഗസംരക്ഷണ നിയമത്തിൽ പറയുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ മൃഗങ്ങളെ കൊല്ലുന്നതുകൊലപാതകത്തിന്റെ പരിധിയിൽ വരുന്നില്ല. വളർത്തുനായ്ക്കളെ 'വസ്തുവക'കളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. തെരുവുനായ്ക്കൾക്ക് ഉടമസ്ഥനില്ലാത്തതിനാൽ അതിനെ ഈ രീതിയിൽ പരിഗണിക്കുന്നുമില്ല. ഇതനുസരിച്ച് തെരുവിൽ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ കൊന്നാൽ 50 രൂപ മാത്രമാണ് പിഴ.

തെരുവിൽ അലയുന്നുവെന്നതുകൊണ്ടുമാത്രം ജീവികളെ കൊലപ്പെടുത്താൻ ആർക്കും അനുവാദമില്ലെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. ഭരണഘടനാവിരുദ്ധമാണത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും ശിവ കീർത്തി സിങ്ങുമാണ് ഹർജി പരിഗണിക്കുന്നത്.

വളർത്തുമൃഗങ്ങളെ വിലയുടെ അടിസ്ഥാനത്തിലും വ്യത്യസ്തമായാണ് നിയമം കാണുന്നത്. പത്തുരൂപ വിലയുള്ള മൃഗങ്ങളെ കൊലപ്പെടുത്തിയാൽ പരമാവധി രണ്ടുവർഷം വരെ തടവുശിക്ഷയാണ് ഐപിസിയിലെ 428-ാം വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ, 50-ഓ അതിലേറെയോ വിലയുള്ള മൃഗങ്ങളെ കൊന്നാൽ അഞ്ചുവർഷം വരെ തടവുശിക്ഷയും ലഭിക്കും. 

വളർത്തുമൃഗങ്ങളെ വളർത്തുന്ന ഷോപ്പുകൾ നിയന്ത്രിക്കുന്നതിനും തെരുവുനായ്ക്കളുൾപ്പെടെയുള്ള മൃഗങ്ങളെ കൊലപ്പെടുത്തുന്നവർക്കുള്ള ശിക്ഷ ശക്തമാക്കുന്നതിലും കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കത്തയച്ചിട്ടുണ്ട്.