മനാമ : രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഉടനടി നടപടിയെടുക്കാൻ നീക്കം. ജനങ്ങൾക്ക് എളുപ്പം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനാകും എന്നതിനാൽ ഇലക്ട്രോണിക് മീഡിയകൾ വഴിയാണ് അഭിപ്രായം തേടുന്നത്.

കൂടാതെ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് ബുഹമൂദിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

സിത്രയിലുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും തെരുവ് നയ്ക്കളുടെ അക്രമം പതിവ് സംഭവമായതോടെയാണ് നടപടിയെടുക്കാൻ തീരുമാനമായത്. സിത്രയിൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ നായ്ക്കൾ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് സാരമായ നിരവധി മുറിവുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കൂടാതെ തൂബ്ലിയിൽ ഒരു കാറിന് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. മാത്രമല്ല കന്നുകാലികളും, കോഴിക്കുഞ്ഞുങ്ങളും, മറ്റ് വളർത്ത് മൃഗങ്ങളുമെല്ലാം തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ട്.