കൊച്ചി: മാസ്റ്റർപീസിന് ശേഷം അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. ക്യാമറാമാനായിരുന്ന ശ്യാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി നേരത്തേ അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടി ജെയിംസ് എന്ന സ്‌റ്റൈലിഷ് പൊലീസ് ഓഫിസറായി എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പിലും ചിത്രം എത്തും. മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം. പ്ലേ ഹൗസ് മോഷൻ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

നിരവധി മലയാള സിനിമകൾക്കും തമിഴ് സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ഷാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തമവില്ലൻ ,വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ഷാംദത്തായിരുന്നു. സ്‌റ്റൈലിഷ് എന്റർടൈയിന്മെന്റാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ കണ്ടതിന് ശേഷമാണ് മെഗാ സ്റ്റാർ ഈ ചിത്രം നിർമ്മിക്കാൻ തീരുമാനമെടുത്തത്. അതീവ താൽപര്യത്തോടെയാണ് അദ്ദേഹം ഈ സിനിമയെ സമീപിച്ചതെന്നും സംവിധായകൻ പറഞ്ഞിരുന്നു.

സ്ട്രീറ്റ് ലൈറ്റിൽ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലിജി മോൾ ജോസ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഇന്ദ്രൻസ്, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.