കൊച്ചി: കസബയ്ക്ക് ശേഷം പൊലീസുദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്ന 'സ്ട്രീറ്റ് ലൈറ്റ്‌സി'ന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പ്ലേ ഹൗസ് റിലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ജെയിംസ് എന്ന കഥാപാത്രമാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം.

ക്യാമറാമാൻ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കൽ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി എത്രയും പെട്ടെന്നുതന്നെ ഷൂട്ടിങ് തുടങ്ങുകയായിരുന്നു. മാത്രമല്ല, കഥയിൽ താൽപര്യം തോന്നിയ മമ്മൂട്ടി തന്നെ പടം നിർമ്മിക്കാമെന്നും അറിയിക്കുകയായിരുന്നു. മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഫവാസ് ആണ്. ഈ റിപ്പബ്ലിക്ദിനത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തും.

മമ്മൂട്ടിയ്‌ക്കൊപ്പം, സൗബിൻ സാഹിർ, ധർമ്മജൻ, ലിജോമോൾ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.