- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കയും കരളും വിൽക്കില്ല: കോവിഡുകാലത്ത് ജീവിതം വഴിമുട്ടിയ തെരുവ് ഗായകൻ റൊണാൾഡിന് സഹായഹസ്തവുമായി മന്ത്രിയും എംഎൽഎയും; ജയിലിലായ മകന് നിയമസഹായം; രോഗബാധിതനായ മറ്റൊരു മകന് ചികിത്സയ്ക്ക് തുക അനുവദിക്കുമെന്നും ആന്റണി രാജു
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് ജീവിതം വഴിമുട്ടിയതോടെ വൃക്കയും കരളും വിൽക്കാനുണ്ടെന്ന പോസ്റ്ററുവെച്ച തെരുവു ഗായകൻ റൊണാൾഡിന് സഹായ ഹസ്തവുമായി മന്ത്രി ആന്റണി രാജുവും എംഎൽഎ പി ടി തോമസുമെത്തി.
കോവിഡ് സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പ്രതിസന്ധിയിലെത്തിയതോടെയാണ് ഇരുകാലുകളും തളർന്ന റൊണാൾഡ് തന്റെ മുച്ചക്ര വാഹനത്തിൽ 'വിൽക്കാനുണ്ട് വൃക്കയും കരളും' എന്ന പോസ്റ്റർ പതിപ്പിച്ചത്. ഇത് വാർത്തയായതോടെയാണ് മന്ത്രിയും എംഎൽഎയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
റൊണാൾഡിന്റെ ജയിലിലായ മകന് നിയമസഹായം നൽകുമെന്നും രോഗബാധിതനായ മറ്റൊരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നൽകി. അതേസമയം റൊണാൾഡിന് വീടുവെച്ചു നൽകാൻ ചിലർ മുന്നോട്ടുവന്നിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പി ടി തോമസ് എംഎൽഎയും അറിയിച്ചു.
തെരുവിൽ പാട്ടുപാടി ഉപജീവനമാർഗം തേടിയിരുന്ന റൊണാൾഡ്, കോവിഡ് വന്നതോടുകൂടി കടുത്ത ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. റൊണാൾഡിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പിന്നാലെ ഒരു മകൻ ജയിലിലാവുകയും മറ്റൊരു മകൻ രോഗബാധിതനാവുകയും ചെയ്തതോടെ കാലുകൾ തളർന്ന റൊണാൾഡിന്റെ ജീവിതം ഇരുട്ടിലാവുകയായിരുന്നു
വിഷയത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപ്പെട്ടതിനെ തുടർന്നാണ് വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് സൈക്കിളിൽ നിന്ന് റൊണാൾഡ് മാറ്റിയത്. ഇതോടെ തന്റെ പ്രതിസന്ധികൾക്ക് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് റൊണാൾഡ്.
അതേ സമയം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പി ടി തോമസ് ഉന്നയിച്ചത്. കടകൾ തുറന്നിരുന്നുവെങ്കിൽ റൊണാൾഡിന് അന്നം മുട്ടുമായിരുന്നില്ലെന്ന് പിടി തോമസ് പറഞ്ഞു. വ്യാപാരി വ്യവസായികൾ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും തെരുവ് ഗായകൻ റൊണാൾഡിന്റെ ദുരിതവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്.
''കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന റൊണാൾഡിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. വ്യാപാരി വ്യവസായികൾ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും റൊണാൾഡിന്റെ ദുരിതവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കടകൾ തുറന്നിരുന്നു എങ്കിൽ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല. ഇങ്ങനെ എത്രയെത്ര പേരാണ് ദുരിതക്കയത്തിൽ മുങ്ങിത്താഴുന്നത്. കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് ധിക്കാരവും, പൊട്ടക്കിണറ്റിലെ തവളയോട് തന്റെ ഗവണ്മെന്റിനെ ഉപമിച്ച കിറ്റക്ക്സ് മുതലാളിയോട് മൃദുസമീപനവും മുഖ്യമന്ത്രിയുടെ വേറിട്ട രണ്ട് മുഖങ്ങൾ ആണ്. മാലോകർ എന്ത് മനസിലാക്കണം.'' പി ടി തോമസ് പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ