- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷമായി പൂട്ടികിടക്കുന്ന വഴിയോര കച്ചവടക്കാർക്ക് ഫീസും നികുതിയും പ്രതിവർഷം അയ്യായിരത്തിലേറെ; പൊറുതിമുട്ടി ആലപ്പുഴ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർ; ദുരിതക്കെണിയിലാവർക്ക് ഇരുട്ടടിയായി പുതിയ ഫീസും; കച്ചവടക്കാരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട് സംസ്ഥാന സർക്കാർ
ആലപ്പുഴ: രണ്ട് വർഷമായി അടഞ്ഞുകിടക്കുന്ന തെരുവോര കച്ചവടക്കാർക്കും താങ്ങാനാകാത്ത ഫീസുകൾ ചുമത്തി സംസ്ഥാനസർക്കാരിന്റെ ഇരുട്ടടി. പോർട്ട് ഓഫീസ് ഫീസിനും ജിഎസിടിക്കും പുറമെ പിപിസി സർട്ടിഫിക്കറ്റിന് വേണ്ടിയും ട്രഷറിയിൽ ഫീസ് ഒടുക്കി രസീത് ഹാജരാക്കണമെന്നുള്ള നിബന്ധനയ്ക്കെതിരെ ആലപ്പുഴ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
നൂറ്റിഅമ്പതോളം കച്ചവടക്കാരാണ് ആലപ്പുഴ ബീച്ചിൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്നത്. വിധവകളും ഭർത്താവ് ഉപേക്ഷിച്ചുപോയവരുമായ സ്ത്രീകൾ, വികലാംഗകർ, കാൻസർ അടക്കമുള്ള രോഗങ്ങൾ ബാധിച്ചവർ അടക്കമുള്ള അത്താഴപ്പഷ്ണിക്കാരായ ജനങ്ങളാണ് ഇവിടെ കച്ചവടം ചെയ്യുന്നത്. കോവിഡ് മൂലം രണ്ട് വർഷത്തോളമായി ഇവർക്കാർക്കും കച്ചവടം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇളവുകൾ ലഭിച്ചാലും ബീച്ചിലേയ്ക്ക് സന്ദർശകരാരും എത്താത്തതിനാൽ കച്ചവടം നടക്കാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയിലാണ് നിർധനരായ കച്ചവടക്കാരെ കൊള്ളയടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ അവർ രംഗത്തെത്തിയിരിക്കുന്നത്.
ബീച്ചിൽ കച്ചവടം ചെയ്യുന്നതിനുള്ള അനുമതിക്കായി കച്ചവടക്കാർ പോർട്ട് ഓഫീസിൽ ഫീസ് ഒടുക്കേണ്ടതുണ്ട്. അതുകൂടാതെ ജിഎസ്ടിയും അടയ്ക്കണം. കച്ചവടം നടക്കാത്ത ഈ രണ്ട് വർഷങ്ങളിലും അടയ്ക്കേണ്ട തുകകൾക്ക് ഇളവുകളൊന്നും നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. സാധാരണയായി സ്വന്തം കെട്ടിടവും കെട്ടിടനമ്പരുമുള്ള കച്ചവടക്കാരാണ് ജിഎസ്ടി അടയ്ക്കേണ്ടത്. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാർക്ക് എന്ത് ജിഎസ്ടി എന്ന ചോദ്യം ഉയരുകയാണ്. ഇതു സംബന്ധിച്ച വിവരാവകാശഅപേക്ഷയ്ക്കും കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
വ്യാപാരികൾ സർക്കാരിന് അടയ്ക്കേണ്ട ഫീസുകളിൽ ഇളവും സാവകാശവും നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെള്ളത്തിൽ വരച്ച വര പോലെയായിരിക്കുകയാണ്. കച്ചവടം തുടരണമെങ്കിൽ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന ഫീസുകൾ അടച്ചേതീരു എന്ന അവസ്ഥയാണ്. അതുകൊണ്ട് കടംവാങ്ങിയും ഉള്ളതൊക്കെ വിറ്റുപെറുക്കിയും ഫീസുകൾ അടയ്ക്കാൻ കച്ചവടക്കാർ നിർബന്ധിതരാകുകയാണ്.
ഈ നിർബന്ധിതകൊള്ളകൾക്ക് പുറമെ പിപിസി സർട്ടിഫിക്കറ്റിന്റെ പേരിലും ഈ വർഷം മുതൽ 555 രൂപ കൂടി പിടിച്ചുപറിക്കുകയാണ് സർക്കാർ. 15 വർഷമായി കച്ചവടം നടത്തുന്നവരാണ് ഇവിടെയുള്ളത്. സർട്ടിഫിക്കറ്റിന് വേണ്ടി എല്ലാതവണയും പൊലീസ് സ്റ്റേഷനിലാണ് അപേക്ഷനൽകുന്നത്. പൊലീസുകാർ സ്ഥലത്തെത്തി അന്വേഷിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകുകയാണ് പതിവ്. എന്നാൽ ഈ വർഷം മുതൽ കളക്റ്റ്രേറ്റിൽ നിന്നും അപേക്ഷ വാങ്ങി, ട്രഷറിയിൽ 555 രൂപ ചെല്ലാൻ ഒടുക്കി അതിന്റെ രസീത് അടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയാലെ പിപിസി സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളു.
കച്ചവടക്കാരുടെ ഈ ദുരിതം തിരിച്ചറിഞ്ഞ് അവരെ സഹായിക്കാൻ ഏതെങ്കിലും പോർട്ട് ഓഫീസർമാർ തുനിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് അധികം ആയുസുണ്ടാകില്ല എന്നതാണ് പതിവ്. അത്തരം ഓഫീസർമാരെ ദൂരെ എവിടേയ്ക്കെങ്കിലും ഉടനടി സ്ഥലംമാറ്റും. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്ന് പോർട്ട് ഓഫീസർമാരാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആലപ്പുഴ നിന്നും മാറിപോയിട്ടുള്ളത്.
ഒരു വരുമാനവും ഇല്ലാതെയാണ് പ്രതിവർഷം അയ്യായിരം രൂപയോളം വിവിധ ഫീസുകളായി ഈ കച്ചവടക്കാർ സർക്കാരിന് അടയ്ക്കുന്നത്. അതിൽ ഒരു രൂപയുടെ ഇളവ് പോലും ഇതുവരെ നൽകിയിട്ടില്ലെന്ന് മാത്രമല്ല, ഈ പ്രതിസന്ധികാലത്തിലും ഫീസുകൾ വർദ്ധിപ്പിച്ച് ഈ പാവപ്പെട്ടവരെ പട്ടിണിയിലാക്കി ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണ് സർക്കാർ. സ്ഥലം എംഎൽഎയോ എംപിയോ ഇവരുടെ കഷ്ടപ്പാടുകൾക്ക് ചെവി കൊടുക്കാൻ പോലും തയ്യാറാകുന്നില്ല. അന്നന്നുള്ള ഭക്ഷണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും പോലും മറ്റുള്ളവരുടെ കാരുണ്യത്തിന് കാത്തുനിൽക്കേണ്ടിവരുന്ന ജനവിഭാഗത്തോടാണ് സർക്കാരിന്റെ ഈ കണ്ണില്ലാത്ത ക്രൂരത എന്നതാണ് സത്യം.
മറുനാടന് മലയാളി ബ്യൂറോ