റിയാദ്: സ്വദേശിവൽക്കരണം ശക്തമാകുന്ന സൗദി അറേബ്യയിൽ നിയമ ലംഘകരെ പടിക്ക് പുറത്താക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ഭരണകൂടം. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ലക്ഷം നിയമ ലംഘകരെ പിടികൂടിയെന്നാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം. നിയമം ലംഘിച്ച 5.64 ലക്ഷം വിദേശികളെയാണ് നാടുകടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിയമ ലംഘകരെ കണ്ടെത്താനുള്ള ശ്രമം സൗദിയിൽ നടന്നു വരികയായിരുന്നു. 19 സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് പിടിയിലായ നിയമ ലംഘകരുടെ കണക്ക് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. വരും ദിവസങ്ങളിൽ ഈ കണക്കുകൾ വർധിക്കുവാനും സാധ്യതയുണ്ട്. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരിലുള്ള ദേശീയ ക്യാമ്പയിനാണ് ഇപ്പോൾ സൗദി അറേബ്യയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആറുമാസത്തിലധികം നീണ്ടു നിന്ന പൊതു മാപ്പ് പ്രഖ്യാപിക്കുകയുണ്ടായി. നിയമ ലംഘകരായ വിദേശികൾക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാൻ അവസരവും നൽകിയിരുന്നു.

എന്നാൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി കഴിഞ്ഞവരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി നടന്ന തിരച്ചിലിലാണ് 21.76 ലക്ഷം നിയമലംഘകർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷാ വകുപ്പ്, പാസ്‌പോർട്ട് ഡയറക്ടറേറ്റ്, തൊഴിൽ മന്ത്രാലയം തുടങ്ങി 19 വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘകർ പിടിയിലായത്.

16.86 ലക്ഷം വിദേശികളാണ് ഇഖാമ നിയമം ലംഘിച്ച കുറ്റത്തിന് പിടിയിലായത്. അറബ് രാജ്യങ്ങളിലെ താമസാനുമതിയാണ് ഇഖാമ. തൊഴിൽ നിയമം ലംഘിച്ചതിന് 3.34 ലക്ഷവും നുഴഞ്ഞുകയറാൻ ശ്രമിക്കുകയും അതിർത്തിനിയമങ്ങൾ ലംഘിക്കുകയും ചെയ്ത 1.55 ലക്ഷം പേരും പിടിയിലായവരിൽ ഉൾപ്പെടും. ഒരു വർഷത്തിനിടെ 5,64,800 വിദേശികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നിതാഖാത്ത് നടപ്പാക്കിയപ്പോൾ സ്വദേശികൾക്ക് അധികവും ലഭിച്ചത് ക്ലറിക്കൽ ജോലികൾ

2013 മുതലാണ് സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് സൗദിയിൽ നടപ്പിലാക്കിയത്. അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്വദേശികൾക്ക് നിയമനം ലഭിച്ചത് ക്ലറിക്കൽ ജോലികൾക്കാണ്. റിസപ്ഷനിസ്റ്റ്, പേഴ്‌സണൽ അഫയേഴ്‌സ് ക്ലർക്ക്, എംപ്ലോയ്‌മെന്റ് ക്ലർക്ക്, സ്റ്റാഫ് ക്ലർക്ക്, ഡ്യൂട്ടി റൈറ്റർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, പേഷ്യന്റ് റിസപ്ഷനിസ്റ്റ് തുടങ്ങി തസ്തികകൾ നേരത്തെ തന്നെ സ്വദേശിവൽക്കരിച്ചിരുന്നു. ഇവയെല്ലാം ക്ലറിക്കൽ ജോലികളുമായി ബന്ധപ്പെട്ടവയാണ്.