ദുബായ് : അൽപ വസ്ത്രത്തിന് ഇനി ശിക്ഷ കടുപ്പം. വസ്ത്രത്തിന് ഇറക്കം കുറയുകയോ ഇറുക്കം കൂടുകയോ ചെയ്താൽ സ്ത്രീകൾക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങി ഗൾഫ്. സൗദി അറേബ്യയിലും ബഹ്‌റൈനിലും ഒമാനിലും കുവൈറ്റിലും ഇത്തരത്തിലുള്ള നൂറുകണക്കിന് സ്ത്രീകളെയാണ് അടുത്തിടെ അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും വിദേശികളുമായിരുന്നു.വൻ തുകയാണ് ഇവർക്കെതിരെ പിഴയീടാക്കിയത്.

ഗൾഫ് രാജ്യങ്ങളുടെ പാരമ്പര്യത്തേയും ആചാരപരമായ വേഷവിധാനങ്ങളേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വസ്ത്രധാരണത്തിന് എതിരെ ശിക്ഷാർഹമായ നിയമ വ്യവസ്ഥകൾ ഗൾഫിൽ നിലവിലുണ്ടെങ്കിലും യുഎഇയിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കെതിരെ കാര്യമായ നിയമ നടപടികൾ എടുത്തിരുന്നില്ല. എന്നാൽ അടുത്തയിടെയായി ഒട്ടേറെ വിദേശ സ്ത്രീകളാണ് ഗൾഫിൽ നിലനിൽക്കുന്ന രീതികൾക്ക് വിരുദ്ധമായി വസ്ത്രധാരണം നടത്തി വരുന്നത്.

ഇതിന് പിന്നാലെയാണ് നിയമ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തീരുമാനമായത്. ഇതിനാൽ തന്നെ ഇറക്കം കുറഞ്ഞതോ ശരീരവടിവ് പ്രദർശിപ്പിക്കും വിധം ഇറുക്കമുള്ള വസ്ത്രങ്ങളോ ഉപയോഗിച്ചാൽ ഇനി പിടിവീഴും. മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് അനുഭവിക്കണമെന്നാണ് ഫെഡറൽ നിയമത്തിലെ വസ്ത്രചിട്ട സംബന്ധിച്ച നിയമത്തിൽ പറയുന്നത്. ശിക്ഷ നൽകിയ ശേഷം ഇത്തരത്തിലുള്ള ആളുകളെ നാടു കടത്താനും നിയമമുണ്ട്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും നിയമം ബാധകമാണ്. ഇതു പ്രകാരം മുട്ടിന് താഴെ വരെ നീളുന്ന വസ്ത്രങ്ങൾ മാത്രമേ പുരുഷന്മാർക്കും ധരിക്കാൻ സാധിക്കു.

ശരീരത്തിലെ അവയവങ്ങൾ എടുത്തു കാണും വിധം ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ലൈംഗിക ചുവയുള്ള വാചകങ്ങൾ എഴുതിയ ടീഷർട്ടുകൾക്കും വിലക്കുണ്ട്. മതനിന്ദാപരമായ വാക്കുകൾ ഉള്ള വസ്ത്രങ്ങൾ ഉപയോഗിച്ചാലും ശിക്ഷ ഉറപ്പ്. ഏതാനും ദിവസം മുൻപ് അൽപവസ്ത്രധാരിയായ ഫിലിപ്പൈൻ യുവതി ഷോപ്പിങ് മാളിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടയുകയും പർദ്ദ ധരിപ്പിച്ച ശേഷം അകത്തേക്ക് കടത്തി വിട്ടതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ യുഎഇ ശക്തമായ നടപടികൾ എടുക്കാൻ തീരുമാനിച്ചത്.