- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെൽറ്റ വകഭേദം പടരുന്നു; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക്; മണിപ്പൂരിലും മിസോറമിലും ലോക്ക്ഡൗൺ
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ വകഭേദം ആശങ്ക ഉയർത്തുന്നതിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗ ബാധ ഏറുകയും ക്രമാനുഗതമായി പ്രതിദിന രോഗമുക്തി രേഖപ്പെടുത്താതെ വന്നതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡ് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
ഡെൽറ്റ വകഭേദം ബാധിച്ച കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ മണിപ്പൂരിൽ 10 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മിസോറമിൽ ഇന്ന അർദ്ധരാത്രി മുതൽ 24 വരെയാണ് ലോക്ക്ഡൗൺ. തലസ്ഥാനമായ അഗർത്തലയിലും മറ്റ് 11 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ജൂലൈ 19 മുതൽ ജൂലൈ 23 വരെ വാരാന്ത്യ കർഫ്യൂവും ഒരു ദിവസത്തെ കർഫ്യൂവും ത്രിപുര ഏർപ്പെടുത്തിയിട്ടുണ്ട്. അസമിലും സിക്കിമിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
സിക്കിമിൽ ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ പുതിയ കേസുകളുടെ എണ്ണത്തിൽ 155 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 30 ദിവസത്തേയ്ക്ക് സാമൂഹിക, മതപരമായ പരിപാടികൾക്കും വിനോദ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.അസമിൽ വാക്സിൻ എടുത്തവർക്ക് അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ചു. രണ്ടു സംസ്ഥാനങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. അസമിൽ വരുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അസം സർക്കാർ അറിയിച്ചു. സമ്പൂർണ വാക്സിനേഷൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.
ന്യൂസ് ഡെസ്ക്