തിരുവനന്തപുരം: പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന എറണാകുളത്ത് കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺടെയ്ന്മെന്റ് സോണുകളിൽ അധികനിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

ഉത്സവാഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളിപ്പെരുന്നാളും റദ്ദാക്കി. കൂട്ടംകൂടാതെ നോമ്പുതുറ നടത്താനുള്ള നിർദ്ദേശം നൽകി.

തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കും.കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ പി.എം.എസ്.എസ്. വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി.

വയനാട് ജില്ലയിലെ അതിർത്തികളിൽ അന്തസ്സംസ്ഥാന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ കിയോസ്‌കുകൾ സ്ഥാപിച്ചു.ഗുരുതര രോഗികളെ ചികിത്സിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാആശുപത്രിയിലും ഐ.സി.യു. ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.പ്രമാടം ഇൻഡോർ‌സ്റ്റേഡിയത്തിലും റാന്നി മേനാംതോട്ടം ആശുപത്രി ഹോസ്റ്റലിലും രണ്ട് സി.എഫ്.എൽ.ടി.സി. ഉടൻ പ്രവർത്തനം ആരംഭിക്കും.

കൺടെയ്ന്മെന്റ് സോണുകളിൽ പുറത്തുനിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലിചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായസ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും.