കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും വില വൻതോതിൽ ദിനംപ്രതി കേന്ദ്ര സർക്കാരിനെതിരെ ക്രിയാത്മമായി പ്രതികരിക്കാത്ത രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ 'കണ്ണു തുറപ്പിക്കൽ' പ്രതിഷേധം സംഘടിപ്പിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് പ്രതിഷേധ കത്തുകൾ അയയ്ക്കും.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾക്കു വേണ്ടി പ്രതികരിക്കാൻ ബാധ്യതയുള്ള പ്രതിപക്ഷ പാർട്ടികൾ മൗനം പാലിക്കുന്നത് ജനവഞ്ചനയാണ്. പ്രതിപക്ഷത്തിന്റെ വിചാരം ആനുകൂല്യങ്ങൾ പറ്റാൻ മാത്രമാണ് വിജയിപ്പിച്ചെതെന്നാണെന്നു ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ക്രിയാത്മകമായി പ്രതിപക്ഷത്തിന്റെ ഇടപെടലുകൾ സമയാസമയങ്ങളിൽ ഉണ്ടായിരുന്നുവെങ്കിൽ കേന്ദ്ര സർക്കാരിന്റെ പല ദ്രോഹനടപടികൾക്കും കടിഞ്ഞാണിടാൻ സാധിക്കുമായിരുന്നു. പ്രതിപക്ഷം കടമ മറന്നിരിക്കുകയാണ്. പാർലെമെന്റിലുൾപ്പെടെ ജനവികാരം പ്രകടിപ്പിക്കേണ്ട ഇന്ത്യയിലെ പ്രതിപക്ഷം നിഷ്‌ക്രിയമായതാണ് ജനങ്ങളുടെ ഇന്നത്തെ ദുരിതങ്ങൾക്ക് കാരണം. അനാവശ്യ കാര്യങ്ങൾക്കു സർക്കാരിനെതിരെ പ്രതിഷേധവും ആവശ്യകാര്യങ്ങൾക്കു മൗനവുമാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങൾ നൽകിയ പദവികൾ ഒഴിയാൻ മാന്യത കാട്ടണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, സി.പി.എം., സിപിഐ., തൃണമൂൽ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക്, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളുടെ നേതാക്കൾക്ക് 'കണ്ണു തുറക്കാ'നായി കത്തുകൾ അയയ്ക്കും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാൻ, സിജി വി.ജി., അബ്ദുൾ റഹിം, കെ.ആർ. സൂരജ്, ജോസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.