തിരുവനന്തപുരം: നിയമസഭയ്ക്ക് പുറം സംഘർഷ ഭരിതമാണ്? എന്നാൽ അകത്ത് എന്താണ് നടക്കുന്നത്? യുവമോർച്ച രംഗം പിടിച്ചതോടെ മറ്റൊരു നിവർത്തിയുമില്ലാതെ മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്ത് കെട്ടിപ്പിടത്തവും കളിചിരിയും ചീട്ടുകളിയുമായി സൗഹൃദത്തോടെയാണ് കഴിഞ്ഞ് കൂടിയെന്നതാണ് സൂചന. മാദ്ധ്യമ പ്രതിനിധികൾക്കും ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്കും വിലക്കുകൾ നിയമസഭയക്ക് അകത്തുണ്ട്. ഇപ്പോഴും അഡ്ജസ്റ്റ്‌മെന്റ് സമരം തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് വളയൽ അഡ്ജസന്റ്‌മെന്റ് സമരമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിയമസഭ വളയലിന് ശേഷവും അത്തരം ആരോപണം സജീവമാകുന്നാണ് ഇപ്പോൾ നിറയുന്ന വിലയിരുത്തലുകൾ.

സാധാരണ പ്രതിപക്ഷം സഭയിൽ സമരം നടത്തിയാൽ കടുത്ത നിലപാടാകും സ്പീക്കർ എടുക്കുക. എന്നാൽ ഇന്നലെ അതൊന്നും സംഭവിച്ചില്ല. സ്പീക്കർ ശക്തൻ എല്ലാ സൗകര്യവും ഒരുക്കി. ക്യാന്റീനും തുറന്നുവച്ചു. സർക്കാരും പ്രതിപക്ഷത്തിന്റെ സമരത്തെ എതിർക്കാൻ ഒന്നും ചെയ്തില്ല. എംഎൽഎമാർക്കെല്ലാം കിടക്ക അടക്കമുള്ള സൗകര്യവും എത്തിച്ചു. എന്നാൽ പുറത്ത് സമരക്കാർ ആവേശത്തിലാണ്. പരിമിതമായ സൗകര്യങ്ങളിൽ അവർ മുദ്രാവാക്യം വിളിച്ചു. ജീവൻ വെടിയാൻ പോലും തയ്യാറാണെന്നും വ്യക്തമാക്കി. യുവമോർച്ചയും ശക്തമായ സമരമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനും ശക്തമായ നിലപാട് എടുക്കേണ്ടി വന്നു.

ഭരണപക്ഷത്തിനെന്ന പോലെ പ്രതിപക്ഷത്തിനും ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ. സഭയിൽ ഉറക്കമിളച്ച് ഇരുപക്ഷത്തെയും എംഎ‍ൽഎമാർ ഇന്നലെ നേരം വെളുപ്പിച്ചു. കാവലായി സഭയ്ക്കകത്തും പുറത്തും പൊലീസും . ഫോണും നെറ്റുമില്ലാത്ത സഭാതലത്തിൽ എംഎ‍ൽഎമാർക്ക് സമയം പോക്കാൻ മുദ്രാവാക്യം വിളിയും വെടിപറച്ചിലും മാത്രമായിരുന്നു വഴി. അതും മടുത്തപ്പോൾ ഓട്ടൻതുള്ളൽ തട്ടിക്കൂട്ടി. പ്രദീപ്കുമാറായിരുന്നു ചാക്യാർ. അൽപ്പം കഴിഞ്ഞ് പുരുഷൻ കടലുണ്ടി 'മാണി വിചാരണ' നാടകം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

നാടകം അരങ്ങിലെത്തിയപ്പോൾ രാത്രി എട്ടായി. അതിനിടെ അംഗങ്ങൾ കാന്റീനിൽ പോയി ചപ്പാത്തി കഴിച്ച് മടങ്ങിയെത്തി. ഇന്നലെ ഉച്ചയ്ക്ക് സഭ പിരിഞ്ഞ ശേഷവും മറ്റ് പ്രതിപക്ഷാംഗങ്ങൾക്കൊപ്പം സഭയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ വൈകിട്ട് ആറരയായപ്പോൾ പതിവ് നടത്തത്തിന് പുറത്തിറങ്ങി. നിയമസഭാ വളപ്പിൽ അരമണിക്കൂർ നടന്ന് തിരിച്ചുവന്നു. രാത്രിയും തുറന്ന് വച്ച കാന്റീനിൽ ചായയും പരിപ്പുവടയും ചപ്പാത്തിയും കിട്ടുമെന്ന് സ്പീക്കറും നിയമസഭാ സെക്രട്ടറിയും വന്ന് വി. എസിനെ അറിയിച്ചു. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കെല്ലാം തോർത്തും കൊടുത്തു. ചില കോൺഗ്രസംഗങ്ങളും തഞ്ചത്തിൽ തോർത്ത് വാങ്ങിപ്പോയി. വന്നും പോയുമിരുന്ന ചീഫ് വിപ്പ് പി.സി.ജോർജ് ഉത്സാഹിയായി കുശലം പറഞ്ഞ് നടന്നു. ഇടയ്ക്ക് സഭയ്ക്ക് പുറത്ത് ചാനലുകളൊരുക്കിയ ചർച്ചാവേദിയിലും പങ്കെടുത്തു.

619 ാം നമ്പർ മുറിയിലെ ഓഫീസിൽ തന്നെ കൂടി. മാണിയെ ഒറ്റക്കാക്കേണ്ടെന്ന് മുഖ്യമന്ത്രി സന്ദേശം നൽകിയതോടെ മന്ത്രിമാരും വീട്ടിൽ പോകേണ്ടെന്ന് തീരുമാനിച്ചു. അഞ്ച് മണിയായപ്പോൾ മുഖ്യമന്ത്രി മാത്രം സെക്രട്ടേറിയറ്റിലേക്ക് പോയി. രാത്രി തിരിച്ചുവന്നു.മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കിടക്കയും വിരികളും എത്തിച്ചു. സഭയ്ക്ക് പുറത്ത് ചാനലുകൾ ഉത്സവം തീർക്കുന്നുണ്ടായിരുന്നു. ലൈറ്റും മൈക്കും സംവിധാനവുമായി കസേരകൾ നിരത്തിയിട്ട് ചർച്ചകൾക്ക് വേദിയൊരുക്കിയ ചാനലുകൾ നിയമസഭാമന്ദിരത്തിലെ ഗെറ്റപ്പ് തന്നെ മാറ്റി. ചാനൽ ഉത്സാഹം കാണാൻ വൻ ജനക്കൂട്ടവും പൊലീസും. പാളയം മുതൽ മ്യൂസിയം വരെയും പി. എം. ജി.മുതൽ യൂണിവേഴ്‌സിറ്റി വരെയും പൊലീസ് നിരയായിരുന്നു. ആർ.പി.എഫും സാദാപൊലീസും ലാത്തിയും തോക്കും ബാരിക്കേഡുമായി യുദ്ധ പ്രതീതിയുണർത്തി.