തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ യു!ഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിരാഹാര സമരം തുടങ്ങി. കോൺഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കേരള കോൺഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്‌ലിം ലീഗ് എംഎൽഎമാരായ കെ.എം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തുന്നുണ്ട്. 

സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാർ നിലപാടു മാറ്റുന്നതുവരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം പിൻവലിക്കാതെ സഭാ നടപടികളുമായി സഹകരിക്കേണ്ടെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച നിയമസഭ സമ്മേളിച്ചത് പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ അണിനിരന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിരസിച്ചു.

ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും കീഴ് വഴക്കങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ പിന്തുണ നൽകി കേരള കോൺഗ്രസ് എം എംഎ‍ൽഎമാർ ചോദ്യോത്തരവേളയിൽ പങ്കെടുത്തില്ല. ചോദ്യോത്തരവേളയിൽ റോഷി അഗസ്റ്റിനോട് സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ല. ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പ്രസംഗിക്കുന്നതിനിടയിൽ മൈക്ക് ഓഫ് ചെയ്തു. ഇതേത്തുടർന്ന് ചെന്നിത്തലയും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും തമ്മിൽ വാക്കു തർക്കമുണ്ടായി. ചോദ്യോത്തരവേളയിൽ പ്രസംഗിക്കാൻ അനുവാദം നൽകിയില്ലെന്നും ചെന്നിത്തല അറിയിച്ചു. മുൻപ് ഇത്തരം അവസരങ്ങളിലെല്ലാം സംസാരിക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദനെ അനുവദിച്ചിരുന്ന കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി.

എന്നാൽ, ഇതെല്ലാം തന്നോടല്ല പറയേണ്ടതെന്ന് സ്പീക്കർ അറിയിച്ചു. പിന്നെ ആരോടു പറയുമെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സഭാരേഖകളിൽനിന്നു നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിൽ ഇരുന്നു പ്രതിഷേധിച്ചു. സ്പീക്കറുടെ ചെയറിന്റെ അടുത്തെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാൽ ഇതു കണക്കിലെടുക്കാതെ ചോദ്യോത്തരവേളയുമായി മുന്നോട്ടു പോയെങ്കിലും പ്രതിഷേധം കനത്തതോടെ സഭ പിരിയുകയായിരുന്നു. അതേസമയം, യുഡിഎഫ് സമരത്തിനു കേരള കോൺഗ്രസ് (എം) പരോക്ഷപിന്തുണ നൽകി. ചോദ്യോത്തര വേളയിൽ റോഷി അഗസ്റ്റിനോടു സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല.