തൊട്ടതിനും പിടിച്ചതിനുമായി ഒരുപാട് മിന്നൽ പണിമുടക്കുകൾ കണ്ട മലയാളികൾക്ക്, കേരളത്തിലെ ആദ്യ പണിമുടക്ക് ദലിതരുടെ സ്‌കൂൾ പ്രവേശനത്തിനുവേണ്ടി ആയിരുന്നു എന്ന് അറിഞ്ഞാൽ, ഇന്ന് വലിയ അമ്പരപ്പാണ് തോന്നുക. 1905ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ആ സമരം നടക്കുമ്പോൾ, ഇന്ന് ഇത്തരംകാര്യങ്ങളുടെ കുത്തക അവകാശപ്പെടാറുള്ള കമ്യൂണിസ്റ്റ് പാർട്ടി, ഇന്ത്യയിൽ രൂപീകൃതമായിട്ടപോലുമില്ല. അക്കാലത്ത് സവർണ ജന്മികൾ, അവർണ്ണ കുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമായിരുന്നില്ല. ഈ സഹാചര്യത്തിലാണ് 'പള്ളിക്കൂടമില്ലെങ്കിൽ പാടത്തേക്ക് ഇറങ്ങാനില്ല' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമരം നടത്തുന്നത്. വിദ്യാഭ്യാസ നിഷേധത്തിന് ഒപ്പം, പാടത്ത് പണിയെടുക്കുന്നവരുടെ ജോലിസമയത്തിന്റെ ക്ലിപ്തത, ന്യായമായ കൂലി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവയും സമരത്തിന്റെ മറ്റു ചില പ്രധാന ആവശ്യങ്ങൾ ആയിരുന്നു.

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ 'കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും' അയ്യൻകാളിയുടെ പ്രഖ്യാപനത്തോടെ ആരും പാടത്ത് ഇനി പണിക്കിറങ്ങണ്ട എന്ന് തീരുമാനമായി. ജന്മിമാർ പലതരത്തിലും അതിനെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും സംഘടിതമായ ചെറുത്തുനിൽപ്പിനെ തുടർന്ന് ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കർഷക തൊഴിലാളികൾ പട്ടിണിയിലായപ്പോൾ അയ്യൻകാളി അതിനും പ്രതിവിധികൾ കണ്ടെത്തി. തീരദേശത്തെ മത്സ്യത്തൊഴിലാളികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവർ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കി. ഒടുവിൽ പ്രശ്നം പരിഹരിക്കാനായി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റായിരുന്ന കണ്ടല നാഗൻപിള്ളയെ മധ്യസ്ഥനാക്കി കൊണ്ട് ദിവാൻ നടത്തിയ ചർച്ചകൾക്കൊടുവിൽ അയ്യൻകാളിയുടെയും കൂട്ടരുടെയും ആവശ്യം ന്യായമാണെന്ന് കണ്ടെത്തുകയും അവയെല്ലാം അനുവദിക്കേണ്ടതാണന്ന് വിധിക്കുകയും ചെയ്തു.

നോക്കണം, എത്ര ന്യായമായ ആവശ്യത്തിനായിരുന്നു, നമ്മുടെ ആദ്യ പണിമുടക്ക്. പക്ഷേ അയ്യൻകാളിയുടെ സമരത്തിന് 115 വർഷം കഴിയുമ്പോൾ, പണിമുടക്ക് എന്ന വാക്കുതന്നെ കേരളത്തിൽ വലിയ ഒരു അശ്ളീലമായിരുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും, ഓട്ടോ തൊഴിലാളികൾ തൊട്ട് ഡോക്ടർമാർവരെ മിന്നൽ പണിമുടക്ക് നടത്തുന്നു. അതിനുപുറമെ ഇടതുകക്ഷികളുടെ നേതൃത്വത്തിൽ എല്ലാവർഷവും, ഒരു ആചാരംപോലെ, അഖിലേന്ത്യാ പണിമുടക്ക് നടക്കാറുണ്ട്. ഇപ്പോഴിതാ ബിഎംഎസ് ഒഴികെയുള്ള പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ, ഇന്നും നാളെയുമായി കേരളം വീണ്ടും ഒരു പണിമുടക്കിനെ നേരിടുകയാണ്.

ഇന്ധനവിലതൊട്ട്. യൂക്രൈൻയുദ്ധം വരെയുള്ള നൂറായിരം ആവശ്യങ്ങൾ സമരക്കാർ പറയാറുണ്ട്. എന്നാൽ ഈ പണിമുടക്കിയതിന്റെ പേരിൽ എന്തെങ്കിലും ഒരു കാര്യം നടപ്പായത് ഈ അടുത്തകാലത്തൊന്നും ആരുടെയും ഓർമ്മയിലില്ല. മാത്രമല്ല ഓരോ മാസത്തിലും ഹർത്താലും പണിമുടക്കുമായി ഒരു പ്രാകൃത സമൂഹമാണ് നാം എന്ന ധാരണ ഉള്ളതുകൊണ്ട്, ഇവിടേക്കുള്ള വിദേശ നിക്ഷേപവും കുറയുന്നു.

ഓരോ പണിമുടക്കും ശതകോടികളുടെ നഷ്ടമാണ് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരെയും, വൻകിട മുതലാളിമാരെയുമൊന്നുമല്ല ഇത് ബാധിക്കുന്നത്. നിത്യവൃത്തിക്കായി ജോലിക്കിറങ്ങുന്ന കൂലിവേലക്കാരും കച്ചവടക്കാരും ഉൾപ്പെടുന്ന പാവങ്ങളെയാണ്. ഈ പാവങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് എന്നും ഓർക്കണം. തീർത്തും ന്യായമായ കാരണങ്ങൾക്ക്വേണ്ടി തുടങ്ങിയ പണിമുടക്കിന്റെ പരിണാമം ആരെയും അമ്പരിപ്പിക്കുന്നതാണ്.

ഇന്ത്യയെ ഞെട്ടിച്ച പണിമുടക്കുകൾ

ലോകത്തെ ഞെട്ടിച്ച പല പണിമുടക്കുകളും, കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ലേബർപാർട്ടിയും മറ്റ് സംഘടനകളുമൊക്കെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ നടത്തിയിട്ടുണ്ട്. 8 മണിക്കൂർ ജോലിക്കുവേണ്ടിയുള്ള ഐതിഹാസികമായ ഷിക്കാഗോ സമരവും വെടിവെപ്പും മറക്കാനാവില്ല. പക്ഷേ ആധുനിക കാലത്ത് യൂറോപ്പും അമേരിക്കയും എല്ലാം വല്ലാതെ മാറിക്കഴിഞ്ഞു. ഒറ്റയടിക്ക് ഉൽപ്പാദനം നിർത്തിവെക്കുന്ന ഈ സമരമുറ അപുർവങ്ങളിൽ അപുർവമായി മാത്രമേ വികസിത രാജ്യങ്ങളിൽ നടക്കാറുള്ളു. പല യൂറോപ്യൻരാജ്യങ്ങളും മിന്നിൽ പണിമുടക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ നാട്ടിലെപ്പോലെ വിപ്ലവ ചൈനയിൽപോയി പണിമുടക്കിന് ആഹ്വാനം ചെയ്താൽ വിവരം അറിയും.

1862 ൽ ഏപ്രിൽ -മെയ് മാസങ്ങളിൽ ഹൗറ റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ ജോലി സമയം എട്ട് മണിക്കൂർ ആക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കാണ് ഇന്ത്യയിലെ ആദ്യ പണിമുടക്കായി കണക്കാക്കപ്പെടുന്നത്. തുടർന്നുള്ള പത്ത് വർഷക്കാലം ഈ വിഷയത്തിൽ ഒട്ടേറെ പണിമുടക്കുകൾ രാജ്യത്ത് നടന്നിട്ടുണ്ട്.

1905 ൽ ബംഗാൾ വിഭജനവും തുടർന്നുണ്ടായ വൻ ദേശീയ പ്രക്ഷോഭവും തൊഴിലാളികളുടെ ആത്മവീര്യം വർധിപ്പിച്ചു. 1906 ൽ ഉടലെടുത്ത ഇന്ത്യൻ ടെലിഗ്രാഫ് അസോസിയേഷനാണ് സർക്കാർ ജീവനക്കാരുടെ ആദ്യ സംഘടന. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ അഖിലേന്ത്യാ സംഘടന എ.ഐ.ടി.യു.സി 1920 ൽ ജന്മം കൊണ്ടു. ഇതേകാലയളവിലാണ് വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാരുടെ സംഘടനകൾ ഉടലെടുത്തത്. അതോടെ ഇന്ത്യയിലും രൂക്ഷമായ അവകാശപ്പോരാട്ടങ്ങളുടെയും പണിമുടക്കുകളുടെയും കാലമായിരുന്നു. ഗാന്ധിജിപോലും വിദ്യാർത്ഥികളോട് സ്‌കൂളുകൾ ബഹിഷ്‌ക്കരിക്കാനും, തൊഴിലാളികളോട് ഫാക്ടറി വിട്ടറിങ്ങാനും, വിദേശ വസ്ത്രങ്ങൾ ബഹിഷ്‌ക്കരിക്കാനുമൊക്കെ ആഹ്വാനം ചെയ്ത്, പണിമുടക്കുകളെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് എടുത്തത്.

എന്നാൽ ഇന്ത്യ സ്വതന്ത്രമായതോടെ പണിമുടക്കിനോട്, ഇടത് കക്ഷികൾ ഒഴികെയുള്ള എല്ലാവുടെയും സമീപനം മാറി. കാരണം, പുതിയൊരു യുഗം പിറക്കുകയാണ്്. ഇനി കഠിനാധ്വാനത്തിലുടെ രാഷ്ട്ര പുനർ നിർമ്മാണമാണ് ആവശ്യം. എന്നാൽ കമ്യൂണിസ്റ്് പാർട്ടിക്ക് ഈ ആശയത്തോട് യോജിപ്പില്ലായിരുന്നു. അവർ വെള്ളക്കാരനിൽനിന്ന് കൊള്ളക്കാരനിലേക്കുള്ള സ്വാതന്ത്ര്യമാണിതെന്നാണ് വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ ബൂർഷ്വാ ഭരണകൂടത്തെ താഴെയിറക്കാനുള്ള ഏറ്റവും നല്ല ഉപാധികൾ ആയിട്ടാണ് അവർ പണിമുടക്കിനെയും ഹർത്താലിനെയുമൊക്കെ കണ്ടത്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളവും ബംഗാളും പണിമുടക്കിന്റെയും, ട്രേഡ് യൂണിയൻ ഗുണ്ടായിസത്തിന്റെയും കൂത്തരങ്ങായി. ബോംബെയും കൽക്കത്തയും, ഒക്കെ മിൽ തൊഴിലാളികളുടെയും മറ്റും സമരത്തിൽ വിറങ്ങലിച്ചു. കേരളത്തിലും നിരവധി ഫാക്ടറികൾ പണിമുടക്കിൽ പൂട്ടി.

1968 സെപ്റ്റംബർ 18ന് ദേശീയാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർ പണിമുടക്കിയത് രാജ്യ ചരിത്രത്തിലെ കുറത്ത അധ്യായമാണ്. പണിമുടക്കിനെ അടിച്ചമർത്താൻ, ഇന്ദിരാഗാന്ധിയുടെ സർക്കാർ നിശ്ചയിച്ചപ്പോൾ പൊലിഞ്ഞത് 18 ജീവനുകളാണ്. എല്ലാവരും സർക്കാർ ജീവനക്കാർ. ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് തല്ലിച്ചതച്ച് താഴേക്ക് വലിച്ചെറിഞ്ഞും വെടിവെച്ച് വീഴ്‌ത്തിയും തീവണ്ടി എൻജിൻ കയറ്റിയിറക്കിയുമൊക്കെയാണ് ഈ 18 കേന്ദ്രസർക്കാർ ജീവനക്കാരെയും കൊന്നത്. ആയിരക്കണക്കിനു ജീവനക്കാർക്കാണ് ഈ പൊലീസ് നരനായാട്ടിൽ ഗുരുതരമായി പരിക്കേറ്റത്. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ, ഹരിയാനയിൽ, ബീക്കാനീറിൽ, ഗുവാഹത്തിയിൽ അങ്ങനെ നാടിന്റെ നാനാഭാഗങ്ങളിൽ കൂലിക്കും നീതിക്കും വേണ്ടി കേന്ദ്ര സർക്കാർ ജീവനക്കാർ ചോരചിന്തി.

എന്നാൽ കേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഐക്യമുന്നണി ഗവൺമെന്റ് വേറിട്ട നിലപാടാണ് സ്വീകരിച്ചത്. പണിമുടക്കുന്ന ജീവനക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന പ്രശ്‌നമേയില്ലെന്ന് ഇ.എം.എസ്. വ്യക്തമാക്കി. പണിമുടക്കുന്നവരെയും സഹായിക്കുന്നവരെയും അറസ്റ്റു ചെയ്യാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം ഇ.എം.എസ് സർക്കാർ അവഗണിച്ചു. ഇത് വലിയ മൈലേജാണ് തൊഴിലാളികൾക്കിടയിൽ സിപിഎമ്മിന് ഉണ്ടാക്കിക്കൊടുത്തത്.

70 കളിൽ ജയപ്രകാശ് നാരായണന്റെയും ജോർജ് ഫെർണാണ്ടസിന്റെയും നേതൃത്വത്തിൽ ഐതിഹാസികമായ തൊഴിലാളി സമരങ്ങളും മറക്കാൻ കഴിയില്ല. ആദ്യകാലത്ത് തൊഴിലാളികൾ തങ്ങളുടെ കൂലിവർധന അടക്കമുള്ള ന്യായമായ ആവശ്യങ്ങൾക്കാണ് രംഗത്ത് എത്തിയിരുന്നതെങ്കിൽ 80കളോടെ അതിന്റെ സ്ഥിതിയാകെ മാറി. ശരിക്കും ട്രേഡ് യൂണിയൻ സർവാധിപത്യം നടപ്പായി.

എൻജിഒ രാജ് രൂപപ്പെടുന്നു

കേരളത്തിലും എൻജിഒ യൂണിയൻ വലിയ ശക്തിയായത് പണിമുടക്കിലുടെയാണ്.
1967 ജനുവരി 5 മുതൽ നടത്തിയ പണിമുടക്കായിരുന്നു, കേരളത്തിൽ സംസ്ഥാന ജീവനക്കാരുടെ ആദ്യ അനിശ്ചിതകാല പണിമുടക്ക്. അന്നത്തെ സംസ്ഥാന ഭരണാധികാരിയായിരുന്ന ഗവർണർ, പണിമുടക്കിയ ജീവനക്കാർക്ക് നേരെ ശക്തമായ നടപിയെടുത്തു. എന്നാൽ ഇ.എം.എസ് അടക്കമുള്ള നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ക്ഷാമബത്ത നല്കുമെന്ന് ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചു. ഒടുവിൽ ഗവർണർ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്താനും ,പണിമുടക്ക് ഒത്തുതീർപ്പാക്കുവാനും നിർബന്ധിതനായി. ഇതേ തുടർന്ന് പന്ത്രണ്ടു ദിവസം നീണ്ടുനിന്ന പണിമുടക്ക് അവസാനിച്ചു.

ഈ പണിമുടക്കിലൂടെ കേരളീയ സമൂഹത്തിൽ എൻ.ജി.ഒ മാർ നിർണായക ശക്തിയുള്ള വിഭാഗമാണെന്ന് തെളിഞ്ഞത്. ആദ്യമൊക്കെ ന്യായമായ ആവശ്യത്തിന് സമരം ചെയ്തിരുന്നു ഇവരും ക്രമേണെ മട്ടുമാറി. കേരളം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അഞ്ചു വർഷടത്തിലൊരിക്കൽ വേതനം പരിഷ്‌കരിക്കണമെന്നും അതിന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1973 ജനുവരി 10 മുതൽ മാർച്ച് 4 വരെ നീണ്ടു നിന്ന അനിശ്ചിതകാല പണിമുടക്ക് ഇവർ നടത്തി.

പണിമുടക്കിനെ നേരിടാൻ അച്യുതമേനോൻ സർക്കാർ തീരുമാനിച്ചു. കെ കരുണാകരൻ ആയിരുന്നു ആഭ്യന്തര മന്ത്രി. അവശ്യസർവീസ് സംരക്ഷണ നിയമം ഡയസ്‌നോൺ തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച്, സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സസ്പെൻഷൻ, പിരിച്ചുവിടൽ, തുടങ്ങിയ നടപടികളും സ്വീകരിച്ചു. നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. 1973 മാർച്ച് 2 ന് സമരസമിതി യോഗം ചേർന്ന് പണിമുടക്ക് പിൻവലിച്ചുകൊണ്ട് തീരുമാനമെടുത്തു. സർവീസിൽ നിന്ന് പുറത്തായവരുടെ സംരക്ഷണമേറ്റെടുത്ത സമരസമിതി ജീവനക്കാരിൽ നിന്നും ധനസമാഹരണം നടത്തി പിരിച്ച് വിടപ്പെട്ടവർക്ക് പൂർണ്ണ സംരക്ഷണമേകി. 1980 ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺന്റെ്, പിരിച്ച് വിടപ്പെട്ട മുഴുവനാളുകളേയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചു. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സമര ചരിത്രത്തിൽ ഇത്രയും ദീർഘമായൊരു പണിമുടക്ക് ഇതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇതോടെ എൻജിഒ യൂണിയൻ കേരളത്തിലെ നിർണ്ണായക ശക്തിയായി.

1967 ലെ ആദ്യ അനിശ്ചിതകാല പണിമുടക്കു മുതൽക്കിങ്ങോട്ട് 1973 (54 ദിവസം), 1978 (17 ദിവസം), 1985 (11 ദിവസം), 2002 (32 ദിവസം), 2013 (6 ദിവസം) തുടങ്ങിയ വർഷങ്ങളിൽ അനിശ്ചിതകാല പണിമുടക്കുകൾ നടന്നു. ക്ഷാമബത്ത, ബോണസ് തുടങ്ങിയവ യാഥാർത്ഥ്യമാക്കുന്നതിനും, സറണ്ടർ ലീവാനുകൂല്യം മരവിപ്പിക്കുന്നതിനെതിരെയും (1983, 2002, 2014) നടന്ന പ്രക്ഷോഭങ്ങളിൽ വൻതോതിൽ ജീവനക്കാർ അണിനിരന്നു. ഇതിൽ എറ്റവും പ്രധാനമായിരുന്നു ആനുകൂല്യങ്ങൾ കവർന്നെടുത്ത 2002 ലെ ആന്റണി സർക്കാറിന്റെ ഉത്തരവിനെതിരെ നടത്തിയ 32 ദിന പണിമുടക്കം. എൻ ജി ഒ യൂണിയന്റെ 533 പ്രവർത്തകരാണ് ഈ പണിമുടക്കിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ടത്. പക്ഷേ ഈ സമരങ്ങൾ ഒക്കെ ഒരുകാര്യം തെളിയിച്ചു. കേരളത്തിലെ സർക്കാർ ജീവനക്കാരെ ആർക്കും തൊടാൻ കഴിയില്ലെന്ന്. ആന്റണി സർക്കാറിന്റെ ചെലവ് ചുരുക്കൽ നയത്തിനെതിരെ നടന്ന പണിമുടക്ക് ഫലത്തിൽ എൻജിഒ സർവാധിപത്യത്തിനാണ് വഴിതെളിയിച്ചത്.

പണിമുടക്കിന്റെ പേരിൽ കുറ്റകൃത്യം ചെയ്യുന്നവരെ തിരിച്ചെടുക്കുക എന്ന നയമാണ് കേരളത്തിലെ സർക്കാരുകൾ ചെയ്തത്. ഇനി അഥവാ പിരിച്ചുവിടപ്പെട്ടാൽ അതുവരെയ കിട്ടേണ്ടിയിരുന്നു മുഴുവൻ ശമ്പളവും പെൻഷനും ജീവനക്കാരുടെ സംഘടനകൾ പിരിച്ചെടുത്ത് പിരിച്ചുവിടപ്പെട്ടവന് നൽകും! പിരിച്ചുവിടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണം പോലും പലപ്പോഴും ഉണ്ടാക്കിയിരുന്നത്, ജനങ്ങളെ പിഴിഞ്ഞുകൊണ്ടും, ഓഫീസിൽ വിവധി ആവശ്യങ്ങൾക്കായി എത്തുന്നവരോട് സംഭാവന വാങ്ങിയും ഒക്കെയാണെന്നും ആക്ഷേപമുണ്ട്.

ഇങ്ങനെ അതിസംഘടിതമായാണ് എൻജിഒകൾ പ്രവർത്തിച്ചത്. ഇതുകൊണ്ടുതന്നെ കേരളത്തിലെ സർക്കാർ സർവീസ് എന്നതുപോലും അച്ചടക്കവും കാര്യക്ഷമതയുമില്ലാത്ത ഒരു വകുപ്പായി. ശരിക്കും ഒരു എൻജിഒ രാജ് നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. ഏത് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ശമ്പളവർധന നടപ്പാക്കി കിട്ടാൻ അവർക്ക് കഴിയുന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനുമായി പോകുന്നു.

വിഎസിന് പ്രധാനം പണിമുടക്ക്

പണിമുടക്കിന്റെ പേരിൽ കേരളത്തിന്റെയും ബംഗാളിന്റെയും വികസനം സത്യത്തിൽ വല്ലാതെ മുരടിക്കയാണ് ചെയ്തത്. ടാറ്റയടക്കമുള്ള വൻകിട കമ്പനികൾ അങ്ങോട്ട് അവസരം ചോദിച്ചിട്ടും നിക്ഷേപം ഇറക്കാൻ സമ്മതിക്കാതെ ഓടിച്ചു വിട്ട വ്യക്തിയാണ് ജ്യോതിബസു. അവസാനം ബുദ്ധദേവ് ഭട്ടാചാര്യക്ക് അതിദ്രുത വ്യവസായവത്ക്കരണത്തിന് സിംഗുർ, നന്ദിഗ്രാം മോഡൽ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടി വന്നു. അത് ബംഗാളിലെ സിപിഎമ്മിന്റെ അവസാനവും കുറിച്ചു. അതുപോലെ തന്നെ ബാംഗ്ലൂരിനെയും, ഹൈദരബാദിനെയും കടത്തിവെട്ടി ഇന്ത്യയുടെ ഐടി ഹബ്ബാകേണ്ടിയിരുന്നത് കേരളം ആയിരുന്നു. പക്ഷേ ആ സാധ്യത തുലച്ചതും പണിമുടക്ക് എന്ന വില്ലനാണ്.

ടെക്നോപാർക്കിന് തുടക്കം കുറിച്ച സിഇഒ ആയ വിജയരാഘവൻ എഴുതിയ 'വിജയവഴികൾ 'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. വിജയരാഘൻ ഇങ്ങനെ എഴുതുന്നു.-''ഒരിക്കൽ അമേരിക്കൻ കോൺസൽ ജനറൽ ടെക്നോപാർക്ക് സന്ദർശിക്കാനുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വരുകയുണ്ടായി. വ്യാപാര വാണിജ്യ കാര്യങ്ങൾ സംബന്ധിച്ച വിദേശരാജ്യ പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും മാത്രമല്ല , പ്രതിപക്ഷ നേതാവിനെയും, സിപിഎം സെക്രട്ടറിയെയും സന്ദർശിക്കുക എന്നതും അദ്ദേഹത്തിന്റെ പരിപാടിയിൽ ഉണ്ടായിരുന്നു.

അതനുസരിച്ച് പാർട്ടി സെക്രട്ടറി ആയിരുന്ന നായനാരുമായി കൂടിക്കാഴ്ചക്ക് എ കെ ജി സെന്ററിൽ ചെന്നപ്പോൾ ഊഷ്മളമായ സ്വീകരണം ആണ് ലഭിച്ചത്. അമേരിക്കയിലെ സിലിക്കൺ വാലി സന്ദർശിച്ചിട്ടുള്ള നായനാർ അതുപോലെയുള്ള സംവിധാനങ്ങൾ ഇവിടെയും ഉണ്ടാകണം എന്നാണ് ചർച്ചയിൽ ആവശ്യപ്പെട്ടത്. തുടർന്ന് വി എസ് അച്യുതാനന്ദനെ കാണാൻ ചെന്ന സംഘത്തിന് മോശമായ സ്വീകരണം ആണ് കിട്ടിയത്. അലോസരപ്പെടുത്തുന്ന കൂടിക്കാഴ്ച കഴിഞ്ഞ് ഇറങ്ങിയ കോൺസൽ ജനറലിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'ഇഫ് ഹി ബികംസ് ദ ചീഫ് മിനിസ്റ്റർ ഓഫ് കേരള, ഇറ്റ് വിൽ ബി എ ഗ്രേറ്റ് ഡിസാസ്റ്റർ'. വി എസ് എപ്പോഴെങ്കിലും കേരളത്തിൽ മുഖ്യമന്ത്രി ആകുകയാണെങ്കിൽ അത് കേരളത്തിന്റെ ദുരന്തം ആയിരിക്കുമെന്ന്.

കേരളത്തിലെ തൊഴിൽ ഇല്ലായ്മയ്ക്ക് ഒരളവുവരെ അറുതി വരുത്തുവാൻ കഴിയുമായിരുന്ന കംമ്പ്യുട്ടർ ഹാർഡ്വെയർ വ്യവസായം ടെക്നോപാർക്കിൽ സ്ഥാപിക്കപ്പെടാതെ പോയതും വിഎസിന്റെ വിപ്ലവാഭിമുഖ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഡിസ്‌ക് നിർമ്മാതാക്കളായ 'സീ ഗേറ്റ്' പ്രതിനിധികൾ ബംഗ്ലൂരിൽ എത്തിയപ്പോൾ, ഞങ്ങൾ അവരെ ടെക്നോപാർക്കിലേയ്ക്ക് ക്ഷണിച്ചു വരുത്തി. ടെക്നോപാർക്കിലെ സൗകര്യങ്ങൾ കണ്ട് ഇഷ്ടപ്പെട്ട അവർ അവരുടെ സ്ഥാപനം ടെക്നോപാർക്കിൽ തുടങ്ങാം എന്ന് സമ്മതിച്ചു. അവർ നൽകിയ വാഗ്ദാനങ്ങളിൽ ചിലത് ഇങ്ങനെയാണ്. ഐ ടി ഐ പാസ്സായ 5000 പെൺകുട്ടികൾക്ക് സീ ഗെറ്റ് നേരിട്ട് തൊഴിൽ നൽകും, ഗവൺമെന്റ് നിശ്ചയിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാൾകൂടുതൽ ആയിരിക്കും അടിസ്ഥാന ശമ്പളം. ജീവനക്കാർക്ക് താമസ സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ, തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾ അംഗമായ ഫോറം എന്നിവയും ഉണ്ടാവും.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് അവർ തിരികെ ആവശ്യപെട്ട ഏക കാര്യം ഇതായിരുന്നു. ഒരു മണിക്കൂർപോലും തങ്ങളുടെ കമ്പനി അടച്ചിടാൻ പാടില്ല. എന്ന് പറഞ്ഞാൽ പണിമുടക്ക് പാടില്ല എന്നാണ്. മുഖ്യമന്ത്രി ആന്റണി, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഐൻടിയുസി നേതാക്കൾ എന്നിവർ വ്യവസ്ഥ അംഗീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായ നായനാരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് '' എല്ലാക്കാലത്തെയ്ക്കും പറ്റില്ല, പത്തുവർഷത്തെയ്ക്ക് ഒരു പണിമുടക്കും ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാം. താൻ പ്രതിപക്ഷ നേതാവിനെക്കൂടെ കാണ്.' എന്നാണ്.

പ്രതിപക്ഷ നേതാവ് വിഎസിനെ കണ്ട് ഞാൻ വിവരങ്ങൾ ധരിപ്പിച്ചു. ഹാർഡ് ഡിസ്‌ക് വ്യവസായം, അതിന്റെ സാധ്യതകൾ, അവരുടെ വാഗ്ദാനം, വ്യവസ്ഥകൾ എല്ലാം ഞാൻ അദ്ദേഹതോട് പറഞ്ഞൂ. അതിന് വി എസ് നൽകിയ മറുപടി 'അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട ' എന്നായിരുന്നു. ഞാൻ വീണ്ടും അവർ വന്നാലുള്ള മെച്ചങ്ങൾ പറഞ്ഞൂ. 'സാദ്ധ്യമല്ല ' ഇടത് കൈ ഉയർത്തി കനത്ത ശബ്ദത്തിൽ പറഞ്ഞ് കൊണ്ട് വി എസ് മുഖം തിരിച്ചു.

അയ്യായിരം പേർക്ക് നേരിട്ടും അതിന്റെ ഇരട്ടിയിൽ അധികം പേർക്ക് അല്ലാതെയും, സർക്കാർ ശമ്പളത്തിന്റെ ഇരട്ടിയിൽ ലഭിക്കുന്നതും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ എന്നിവ ലഭിക്കുന്നത് ഒന്നും വിഎസിന് പ്രശ്നം അല്ല. വിഎസിന് പ്രശ്നം ഒന്ന് മാത്രം. പണിമുടക്കാൻ ഉള്ള അവസരം ആണത്രേ പരമപ്രധാനം. എന്റെ ദേഷ്യം മുഴുവൻ പ്രകടമാക്കി ഞാൻ വാതിൽ വലിച്ച് അടച്ച് പുറത്ത് കടന്നു. കമ്മ്യുണിസ്റ്റ് ചൈനയിലേക്ക് ആണ് 'സീ ഗേറ്റ്' നേരെ പോയത്. അവിടത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റും പാർട്ടിയും അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു. അവിടെ ഇന്ന് നേരിട്ട് 15000 പേർക്ക് ജോലി കൊടുത്തിരിക്കുന്ന വമ്പൻ സ്ഥാപനം ആണ് സീ ഗേറ്റ്.

ഇതേപോലെ ആണ് സ്മാർട്ട് സിറ്റി പദ്ധതിയും. ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പദ്ധതി ആയിരുന്നു സ്മാർട്ട്‌സിറ്റി. വിഎസിന്റെ പിടിപ്പുകേടും പിടിവാശിയും ദീർഘ വീക്ഷണമില്ലായ്മയും വഴി വെട്ടി ചുരുക്കപ്പെട്ടത് വഴി നഷ്ട്ടപ്പെട്ട തൊഴിൽ അവസരങ്ങൾക്ക് ആരും സമാധാനം പറയും. വി എസ് ഗവണ്മെന്റ് നഷ്ട്ടപ്പെടുത്തിയ ഇൻഫോർമേഷൻ ടെക്നോളോജിക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുടെ നഷ്ടം കേരളത്തിന് താങ്ങാവുന്നതിനും അപ്പുറം ആണ്.''- ഇങ്ങനെയാണ് വിജയരാഘവൻ തന്റെ അത്മകഥയിൽ എഴുതിയത്. നോക്കുക പണിമുടക്കാനുള്ള അവകാശത്തിനുവേണ്ടി എത്രകോടികളാണ് നാം നഷ്ടപ്പെടുത്തിയത്

ഒരു ദിവസത്തെ നഷ്ടം 1700 കോടി

ഒരു ദിവസത്തെ പണിമുടക്കുകൊണ്ട് കേരളത്തിന് മാത്രം നഷ്ടം ഏകദേശം 1700 കോടി രൂപയാണെന്നാണ് കണക്ക്. 1991ൽ നരസിംഹറാവു സർക്കാർ ആഗോളവൽക്കരണവും ഉദാരവൽക്കരണവും ആരംഭിച്ചതുമുതൽ ഇടതുസംഘടനകൾ ഒരു ആചാരംപോലെ ദേശീയ പണിമുടക്ക് നടത്തുകയാണ്. 1991 നവംബർ 29ന് ആദ്യത്തെ ദേശീയ പണിമുടക്ക് നടന്നു. 2020 നവംബർ 26ന് 20ാമത്തെ പണിമുടക്കും നടത്തി. ഇതിപ്പോൾ 21ാംമത്തേതാണ്!

ഇന്ത്യയിൽ ശ്രീലങ്കയിലേതിനു സമാനമായ കരുതൽ ധനശേഖരം താഴ്ന്ന കാലഘട്ടത്തിലാണ്, മന്മോഹൻസിങ്ങും, നരസിംഹറാവുവും ഇന്ത്യൻ വിപണി തുറക്കുന്ന ഉദാരവത്ക്കരണം കൊണ്ടുവരുന്നത്്. ലൈസൻസ് രാജ് അവസാനിച്ച ആ കാലഘട്ടത്തിനുശേഷമാണ് ഇന്ത്യ ഇന്ന് കാണുന്ന പുരോഗതി ആർജിച്ചത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സൗകര്യം ഉണ്ടായത്. ഇന്ത്യയെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത് ഉദാരവത്ക്കരണമാണ്. പക്ഷേ സിപിഎമ്മിനെ സംബന്ധിച്ച് അത് വലിയ പാതകമാണ്.

കരുതൽ ധനശേഖരം ഇല്ലാതെ സ്വർണ്ണ പണയംവെക്കാൻ പോയ ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു. ചന്ദ്രശേഖർ. അതിടെ നിന്നാണ് ഇന്ത്യ ഇന്ന് 622 ബില്യൻ ഡോളർ വിദേശ നാണ്യ കരുതൽ ശേഖരം ഉള്ള സാമ്പത്തിക ശക്തിയായി വളർന്നത് എന്നോർക്കണം! എന്നിട്ടും നിയോ ലിബറൽ നയങ്ങൾ ആനചേന എന്ന വാചകമടിച്ച് ഉദാരവത്ക്കരണത്തെ പരിഹസിക്കയാണ് സിപിഎം ചെയ്തത്. ഇപ്പോൾ നടക്കുന്ന പണിമുടക്കിന്റെയും പ്രധാന മുദ്രാവാക്യങ്ങൾ ഒന്ന് നവ ലിബറൽ നയങ്ങൾ പിൻവലിക്കണം എന്നാണ്! എല്ലാ വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളും നിലനിൽക്കുന്ന, സിമന്റ് വാങ്ങാൻ തഹസിൽദാരുടെ സമ്മതപത്രം വേണ്ടിയിരുന്നു ആ ലൈസൻസ് രാജ് കാലം തിരിച്ചുവരണം എന്നാണോ, ഇടതുപാർട്ടികൾ ആഗ്രഹിക്കുന്നത്.

്ഒരു പണിമുടക്ക് പാരയാവുന്നത് ആർക്കാണ് എന്ന് നോക്കണം. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കാണ്. പണിമുടക്കിനും ശമ്പളം വാങ്ങി സർക്കാർ ജീവനക്കാർ മദ്യവും ചിക്കനുമായി വീട്ടിലിരുന്ന് ആഘോഷിക്കുമ്പോൾ, ദിവസക്കൂലിക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർക്ക് രണ്ടുദിവസം വരുമാനം മുട്ടും. അതും, കോവിഡ് പ്രതിസന്ധിയിൽനിന്നു മെല്ലെയെങ്കിലും കരകയറാൻ പെടാപ്പാടുപെടുേമ്പാൾ. സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന്റെ പേരിനൊപ്പം 'ദേശീയ'മുണ്ടെങ്കിലും കേരളത്തിൽ മാത്രമാകും ജനജീവിതം സ്തംഭിക്കുകയെന്നാണു മുന്നനുഭവങ്ങൾ. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിൽപ്പോലും വ്യവസായ/ ഗതാഗതമേഖലകളെ ദേശീയ പണിമുടക്ക് നിശ്ചലമാക്കിയ ചരിത്രമില്ല. കേരളത്തിലാകട്ടെ ഈച്ചപോലും പറക്കാത്ത ബന്ദായി പണിമുടക്ക് മാറുകയാണു പതിവ്.

ജോലി ചെയ്തില്ലെങ്കിൽ ശമ്പളവുമില്ലെന്ന സുപ്രീകോടതി ഉത്തരവിനു വിരുദ്ധമായി, കേരളത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകിയ ചരിത്രവും ജനങ്ങൾക്കു മുന്നിലുണ്ട്. പണിമുടക്ക് ദിവസങ്ങളിലെ ശമ്പളം നൽകുന്നതു ഹൈക്കോടതി വിലക്കിയപ്പോൾ ശമ്പളദാതാവായ സർക്കാർതന്നെ അതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചു!

സംസ്ഥാനത്തെ തോട്ടം, കശുവണ്ടി, കയർ, കൈത്തറി തുടങ്ങി പരമ്പരാഗതതൊഴിൽമേഖലകളെല്ലാം തകർച്ചയിലാണ്. കോവിഡിന്റെ വരവ് ആ ആഘാതത്തിന് ആക്കം കൂട്ടി. സംസ്ഥാനത്തെ തൊഴിലാളികളിൽ 38% സ്വയംതൊഴിലുകാരാണ്. 29% കാഷ്വൽ തൊഴിലാളികൾ. കോവിഡ് മൂലം തൊഴിൽ നഷ്ടമായവരാണ് ഇവരിൽ ഏറെയും. സംസ്ഥാനത്തു പല സാമൂഹിക പെൻഷനുകളും മുടങ്ങിക്കഴിഞ്ഞു. പെൻഷൻ നൽകാൻപോലും കഴിവില്ലാത്ത കെ.എസ്.ആർ.ടി.സിയും രണ്ടുദിവസം നിശ്ചലമാകും. പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ കഴിയുന്നില്ലെന്നു മാത്രമല്ല, ഉള്ളവ നാടുവിടുകയും ചെയ്യുന്നു.

ദേശീയ സാമ്പത്തികസ്ഥിതിയും കോവിഡിനുശേഷം മെച്ചമല്ല. ഇന്ധനവില അടിക്കടി കൂട്ടുന്നതു പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നു. ജി.ഡി.പിയിൽ 1.26% വർധന മാത്രം. രാജ്യത്തെ തൊഴിലാളികളിൽ 80 ശതമാനവും അസംഘടിതമേഖലയിലാണ്. പണിമുടക്കിനെതിരേ സമൂഹത്തിൽ പൊതുവികാരമുണ്ടെങ്കിലും സംഘടിതതൊഴിലാളി ശക്തിക്കു മുന്നിൽ നിശബ്ദരാണ്.

ഇനി ഈ പണിമുടക്കുകൾ കൊണ്ട്, 91നുശേഷം എന്തെങ്കിലും കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ടോ. നടത്തിയ പണിമുടക്കുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഇപ്പോൾ പെട്രാളിന് വെറും 5 രുപ ആവേണ്ടതാണ്. ഇതിനെല്ലാം ഉപരി വളരെ പ്രാകൃതമായ ഒരു പ്രതിഷേധ മാതൃകയാണ് നാം ലോകത്തിന് മുന്നിൽ വെക്കുന്നത്. ഹർത്താലിന്റെയും ബന്ദിന്റെയും പണിമുടക്കിന്റെയും സ്വന്തം നാട് എന്ന പേര് നമ്മെ, ടൂറിസം മേഖലയിലും, വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലുമൊക്കെ തീർത്തും പിറകോട്ട് അടുപ്പിക്കും. ഇനി ഒരു പ്രതിഷേധമാണ് നടത്തണമെങ്കിൽ ഒരു മണിക്കുർ എങ്കിലും അധികം പണിയെടുത്തുകൊണ്ട് ഇവർ ഒരു സമരം നടത്തട്ടേ. അതിന് ആഗോള മാധ്യമ ശ്രദ്ധ കിട്ടില്ലേ. പക്ഷേ ക്ഷീരമുള്ള അകടിന്റെ ചുവട്ടിലും ചോരതന്നെ ആണെല്ലോ കൊതുകിന് വേണ്ടത്.

വാൽക്കഷ്ണം: എറ്റവും വിചിത്രം കേരളത്തിൽ പല റിസോർട്ടുകളും പണിമുടക്ക് ദിവസം ഇവിടെ ചെലവിടാമെന്ന് പറഞ്ഞ് പരസ്യം ചെയ്തതാണ്. പല ഉദ്യോഗസ്ഥരും, നേതാക്കളുമൊക്കെ പണിമുടക്ക് പ്രമാണിച്ച് ഇവിടെ നേരത്തെ ബുക്ക് ചെയ്ത കഴിഞ്ഞു. ഒരു ശനിയാഴ്ച അവധിയെടുത്താൽ, ഞായർ അടക്കം നാലുദിവസമാണ് കിട്ടുന്നത്. അത് അവർ ഉല്ലസിക്കയാണ്. പാവപ്പെട്ടവൻ ദുരിതത്തിലും. അതുപോരാ, ദിവസക്കൂലിക്ക് പണിയെടുക്കന്ന ഇവൻ തന്നെ തനിക്ക് എതിരായ ഈ സമരാഭാസത്തിന് പിരിവ് കൊടുക്കുകയും വേണം! ഇതുപോലെ ഒരു ചൂഷണം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ.