- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺവിളി വിവാദത്തിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചപ്പോൾ നിയമസഭയുടെ മുൻവശം യുദ്ധക്കളമാക്കി യുവമോർച്ച; യൂത്ത് കോൺഗ്രസ് എത്തിയത് പൂവൻകോഴിയുമായി; ശശീന്ദനെതിരായ പ്രതിപക്ഷസമരം കനക്കുന്നു
തിരുവനന്തപുരം: വിവാദത്തിലകപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. സഭയ്ക്കുള്ളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ വാദപ്രതിവാദങ്ങൾ നടന്നു. മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. ശശീന്ദ്രൻ ചെയ്തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്.
എൻ സി പി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ, അത് ഗാന്ധിയൻ സമരമാണെന്നും, ഇത് സർക്കാരിനെതിരെയുള്ള നീക്കമായി ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാർട്ടി കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാൽ അപ്പുറത്ത് ഇത് മറ്റിടങ്ങളിൽ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി സി വിഷ്ണുനാഥിന്റെ ആരോപണം. എ കെ ശശീന്ദ്രൻ രാജി വയ്ക്കണം, അതല്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതിവാങ്ങണം. പരാതികൾ അന്വേഷിക്കാൻ പാർട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചോദിച്ച വിഷ്ണുനാഥ് പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് പൊലീസ് നൽകിയത് കളവായ റിപ്പോർട്ടാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് വാർത്ത. നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് സഭയിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. വിഷയത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സഭയിൽ തലകുനിച്ചിരിക്കുകയാണ്. പരാതികളിൽ മന്ത്രിമാർ ഇടപെടുകയാണെന്നും ഇതോണോ സ്ത്രീപക്ഷമെന്നും സതീശൻ ചോദിച്ചു. പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണി. പൊലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പൊലീസിന്റെ കള്ള റിപ്പോർട്ട് വായിക്കാൻ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സതീശൻ ആരോപിച്ചു.
അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.
നേരത്തെ സഭ ആരംഭിച്ച സമയം നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചയുടേയും മഹിളാ മോർച്ചയുടേയും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഉച്ചയോടെ മടങ്ങിയെത്തിയ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ പുറത്ത് വച്ച് ഏറ്റുട്ടിയത് നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി. പ്രവർത്തകർ ബാരിക്കേഡും മറ്റും തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും യുവമോർച്ച പ്രവർത്തകർ പിന്മാറാതെ വന്നപ്പോൾ പൊലീസ് കണ്ണീർവാതകം കൂടി പ്രയോഗിച്ചു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ശ്രദ്ധ നേടി. പൂവൻ കോഴിയുമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. അതേസമയം മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡനത്തിന് ഇരയായ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും തനിക്ക് ബിജെപിയുടെ പിന്തുണ ഉണ്ടെന്നും പെൺകുട്ടി പറഞ്ഞു. പ്രതിക്കൊപ്പം നിന്ന് പൊലീസ് തന്നെ അധിക്ഷേപിക്കുകയാണെന്നും എന്തു വന്നാലും പരാതിയിൽ നിന്ന് പിന്മാറില്ലെന്നും യുവതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ