ന്യൂഡൽഹി: നോട്ടുനിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയെന്നും ഇതിന്റെ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കി കോൺ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ട്. ഇക്കാര്യം സഭയിൽ വിശദീകരിക്കാൻ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേവലം ഒരു വ്യക്തി എന്ന നിലയിൽ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങൾ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുൽ മാദ്ധ്യമപ്രവർത്തകരെ കണ്ട് ആരോപണം ഉന്നയിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല.

ഞാൻ സംസാരിച്ചാൽ ഊതി വീർപ്പിച്ചതുപോലെയുള്ള തന്റെ ഇമേജ് തകരുമെന്നാണ് മോദി കരുതുന്നതെന്നു രാഹുൽ ആരോപിച്ചു. അതേസമയം, കറൻസി നിരോധനത്തിന് ശേഷം ഇത്തരത്തിൽ ഗൗരവമായ ഒരു ആരോപണം ഉന്നയിക്കാൻ കോൺഗ്രസ് രംഗത്തെത്തുന്നത് ആദ്യമാണെന്നതിനാണ് എന്താണ് രാഹുൽ ഉദ്ദേശിക്കുന്ന അഴിമതി ആരോപണമെന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു.

പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടാക്കുന്നത് അഴിമതി ആരോപണം ഉന്നയിക്കുമെന്ന് ഭയന്നാണെന്ന് രാഹുൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ വലിയൊരു പ്രതിസന്ധിയിലാണെന്നും സൂചന നൽകിയാണ് രാഹുൽ സംസാരിച്ചത്. നോട്ടുനിരോധനത്തിന്റെ പേരിൽ ആരെല്ലാം എന്തൊക്കെ നേടിയെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഇക്കാര്യം സഭയിൽ ഉന്നയിക്കുമെന്നും രാഹുൽ വ്യക്തമാക്കിയതോടെ രാജ്യത്തെ ഞെട്ടിക്കുന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരാൻ പോകുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

തനിക്ക് സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചാൽ പ്രധാനമന്ത്രിക്ക് പിന്നെ അവിടെ ഇരിക്കാൻ പറ്റില്ലെന്നും ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് കറൻസി നിരോധനമെന്നും കഴിഞ്ഞയാഴ്ച രാഹുൽ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്ക് പേടിയാണെന്നും അതിനാലാണ് കറൻസി നിരോധന വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദി സ്വയം സഭയിൽ വരുന്നില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നുമില്ല. എന്റെ പക്കലുള്ള തെളിവുകളും വിവരങ്ങളും പുറത്തുവിട്ടാൽ കറൻസി നിരോധനത്തിന്റെ പേരിൽ നടന്ന കള്ളത്തരങ്ങളെല്ലാം പുറത്തുവരും.

ബഹളമുണ്ടായതിനെ തുടർന്ന് ഇന്ന് ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെയാണ് രാഹുൽ മാദ്ധ്യമപ്രവർത്തകരെ കണ്ട് മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്. മോദി നേരിട്ട് അഴിമതി നടത്തിയെന്നതിന് എന്റെ പക്കൽ വ്യക്തിപരവും ശക്തവുമായ തെളിവുകളുണ്ട്. കഴിഞ്ഞ ഒരു മാസം മുഴുവൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ചർച്ചയ്ക്ക് തയ്യാറായി സഭയിൽ ഉണ്ടായിരുന്നു. പക്ഷേ, സർക്കാരും മോദിയും ഇതിന് തയ്യാറായിരുന്നില്ല.

എന്നെ അമേഠിയിലെ ജനങ്ങളാണ് തിരഞ്ഞെടുത്തത്. എന്റെ കാഴ്ചപ്പാടുകൾ സഭയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കണം. ഇത് ഞങ്ങളുടെ അവകാശമാണ്. പക്ഷേ, ഞങ്ങളുടെ പക്കലുള്ളവിവരം പറയുമെന്ന് പേടിച്ചിരിക്കുകയാണ് സർക്കാർ. പ്രധാനമന്ത്രിക്ക് സംഗീതപരിപാടിക്കും മറ്റും പോയി ഇരിക്കാൻ സമയമുണ്ട്. പക്ഷേ, സഭയിൽ വരാൻ കഴിയില്ല. കറൻസി നിരോധനത്തിലൂടെ പ്രധാനമന്ത്രി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം തകർത്തു. ഇതിൽനിന്ന് മോദിക്ക് ഓടിയൊളിക്കാനാവില്ല. പ്രതിപക്ഷം വിഷയത്തെ ഒറ്റക്കെട്ടായി നേരിടും - രാഹുൽ പറഞ്ഞു.