- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകനേതാക്കളുമായുള്ള വ്യക്തിബന്ധം നരേന്ദ്ര മോദി പെരുപ്പിച്ച് കാട്ടുന്നു; വ്യക്തിസൗഹൃദങ്ങൾക്ക് അന്താരാഷ്ട്രബന്ധങ്ങളിൽ എന്തുമൂല്യം? ഭരണത്തിന്റെ ആദ്യത്തെ അഞ്ചുവർഷം മോദിയുടെ ഭരണശൈലി ഏകാധിപത്യപരമായിരുന്നു; എതിർശബ്ദങ്ങൾക്ക് അദ്ദേഹം ചെവികൊടുക്കാറില്ല; നോട്ടുനിരോധനം പരാജയം; പ്രഖ്യാപനം അറിയുന്നത് ടിവിയിൽ; ശക്തമായ വിമർശനവുമായി പ്രണബ് മുഖർജിയുടെ ആത്മകഥ
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥ 'ദി പ്രസിഡൻഷ്യൽ ഇയേഴ്സ് 2012-2017' നാലാം ഭാഗം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഓഗസ്റ്റ് 31 ന് അദ്ദേഹം അന്തരിക്കുന്നതിന് മുമ്പ് തന്നെ ആത്മകഥയുടെ അന്തിമ കരടിന് അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണരീതികൾ, വിദേശനയതന്ത്രം, നോട്ടുനിരോധനം, കോൺഗ്രസിന്റെ പലതരത്തിലുള്ള പരാജയങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകത്തിന്റെ നാലാം ഭാഗത്തിൽ പരാമർശിക്കുന്നത്.
ലോക നേതാക്കളുമായി തനിക്കുള്ള ആത്മബന്ധത്തെ മോദി പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് ഒന്നാമത്തെ വിമർശനം. ഷിൻസോ ആബെ ഒരിക്കൽ മോദിയെ ഏറ്റവും ആശ്രയിക്കാവുന്ന സുഹൃത്തായി വിശേഷിപ്പിച്ചിരുന്നു. ' അത്തരം വ്യക്തിഗത സൗഹൃദങ്ങൾ ഉയർത്തിക്കാട്ടുന്നതിനെ ഞാൻ പൂർണമായി എതിർക്കുന്നു. കാരണം രാജ്യങ്ങൾ തമ്മിലാണ് ചങ്ങാത്തം. അത്തരം പ്രത്യേക സൗഹൃദങ്ങൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളിൽ എന്തെങ്കിലും മൂല്യമുള്ളതായി ഞാൻ വിശ്വസിക്കുന്നില്ല'-പ്രണബ് മുഖർജി എഴുതുന്നു. 'ബംഗ്ലാദേശുമായുള്ള എന്റെ സൗഹൃദം പോലും പൂർണമായി രാഷ്ട്രീയമായിരുന്നു. ഷേക് ഹസീനയുമായി എനിക്ക് വ്യക്തിബന്ധമുണ്ടായിരുന്നുവെന്നത് ശരിയാണെങ്കിലും. വ്യക്തിപരമായി പ്രധാനമന്ത്രി മോദി വ്യക്തിബന്ധങ്ങളെ പെരുപ്പിച്ചുകാട്ടുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്തരം ബന്ധങ്ങൾ സത്യമായി കരുതുക അബദ്ധമായിരിക്കും'-അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2015 ൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാളിന് ആശംസിക്കാൻ മോദി ലാഹോറിലേക്ക് പറന്നത് അനാവശ്യമായിരുന്നുവെന്നും പ്രണബ് മുഖർജി വിമർശിക്കുന്നു.
മോദിയുടെ ഭരണശൈലി ഏകാധിപത്യപരം
മോദി ഏകാധിപത്യ ഭരണ ശൈലി മാറ്റി വിമതശബ്ദങ്ങൾക്ക് കൂടി ചെവികൊടുക്കണമെന്നാണ് പ്രണബ് മുഖർജിയുടെ അഭിപ്രായം. ഡോ.മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ മുന്നണിയെ രക്ഷിക്കുന്ന തിരക്കിൽ പെട്ട് ഭരണത്തിൽ മങ്ങലേറ്റു. അതേസമയം, മോദിയുടെ ആദ്യ ടേമിൽ ഏകാധിപത്യപരമായ ഭരണശൈലി പിന്തുടരുന്നതായാണ് കണ്ടത്. പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തിലും മോദി പരാജയപ്പെട്ടു. ഇത്താര്യത്തിൽ പ്രതിപക്ഷവും ഒട്ടും മോശമല്ലായിരുന്നുവെന്ന് പ്രണബ് തുറന്നുസമ്മതിക്കുന്നു.
എതിർശബ്ദങ്ങളെ കേൾക്കാൻ തയ്യാറാവുകയും, പാർലമെന്റിൽ കൂടുതൽ തവണ സംസാരിക്കുകയും വേണം. തന്റെ കാഴ്ചപ്പാടുകൾ പാർലമെന്റിൽ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനും രാജ്യത്തെ വിവരങ്ങൾ അറിയിക്കാനും മോദി പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തിൽ, തന്റെ മുൻഗാമികളായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, വാജ്പേയി, മന്മോഹൻ സിങ് എന്നിവരിൽ നിന്ന് മോദി പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രണബ് എഴുതി.
നോട്ട് നിരോധന പ്രഖ്യാപനം അറിയുന്നത് ടിവിയിൽ
നോട്ട് നിരോധന പ്രഖ്യാപനം ടിവിയിൽ കാണുമ്പോഴാണ് അറിയുന്നതെന്ന് പ്രണബ് മുഖർജി ആത്മകഥയിൽ പരാമർശിക്കുന്നു. രാഷ്ട്രപതിയെന്ന നിലയിൽ നോട്ട് നിരോധനത്തെക്കുറിച്ചു തന്നെ നേരത്തേ അറിയിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് ശേഷം നരേന്ദ്ര മോദി നേരിൽ കണ്ട് പിന്തുണ തേടിയിരുന്നതായും പുസ്തകത്തിൽ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നോട്ട് നിരോധനത്തിലൂടെ നേടാൻ കഴിഞ്ഞില്ല.
കോൺഗ്രസ് തകർന്നടിയാൻ കാരണം
താൻ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിൽ 2014ൽ കോൺഗ്രസ് തകർന്നടിയുമായിരുന്നില്ലെന്നും മമത ബാനർജിയെ കോൺഗ്രസ് ഒപ്പം നിർത്തേണ്ടതായിരുന്നുവെന്നും പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പിലുണ്ട്. വിലാസ്റാവു ദേശ്മുഖിന്റെ മരണശേഷം സോണിയ ഗാന്ധി മഹാരാഷ്ട്ര കോൺഗ്രസിൽ നടത്തിയ ഇടപെടലുകൾ പാളിയെന്നും പ്രണബ് വിലയിരുത്തുന്നു.
2014 ലെ യുപിഎ വിജയം നേടിയ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്ത് ഉയർന്നു വന്നപ്പോൾ അവർ അത് നിരസിച്ച കാര്യവും പ്രണബ് പരാമർശിക്കുന്നുണ്ട്. 'കോൺഗ്രസ് പാർലമെന്ററി പാർട്ടിയും യുപിഎയിലെ മറ്റ് ഘടകങ്ങളും അവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരുന്നു, പക്ഷേ അവർ അത് നിരസിക്കുകയാണുണ്ടായത്. അവരുടെ വിദേശവേരുകൾ ചൂടേറിയ ചർച്ചാവിഷമായതാണ് കാരണം'.
കോൺഗ്രസ് നേതാക്കളുടെയടക്കം അഭ്യർത്ഥന തള്ളി പ്രധാനമന്ത്രി സ്ഥാനം നിരസിച്ച സോണിയ ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. 'സോണിയയാണ് ഡോ.മന്മോഹൻ സിംഗിന്റെ പേര് നിർദേശിച്ചത്. അവരുടെ നിർദ്ദേശം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. മന്ത്രിയായും രാജ്യസഭാ അംഗമായും ഒക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ദൃഢനിശ്ചയവും ഔചിത്യബോധവും കൈമുതലായിരുന്നു. അതു പോലെ തന്നെ ഇച്ഛാ ശക്തിയും. എതിർപ്പുകൾ ശക്തമായിട്ട് കൂടി ഇന്ത്യ-യുഎസ് ആണവകരാറിൽ അദ്ദേഹം ഒപ്പുവച്ചത് ഇതിന് തെളിവാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നന്നായി തന്നെ പ്രവർത്തിച്ചു'. പ്രണബ മുഖർജി, സിങ്ങിന് ഫുൾമാർക്ക് കൊടുക്കുന്നു