തിരുവനന്തപുരം: കളിച്ചുകളിച്ച് ഒടുവിൽ സിപിഎമ്മിന്റെ മർമ്മത്തിൽ തൊട്ടു കളിക്കാനിറങ്ങിയ കോൺഗ്രസ് യുവ എംഎൽഎ ശരിക്കും പെട്ടു. കേരളത്തിൽ പാവങ്ങളുടെ പടത്തലവൻ എന്ന നിലയിൽ സിപിഎമ്മിന്റെ വളർച്ചയുടെ ആണിക്കല്ലായിരുന്നു സഖാവ് എകെജി. അദ്ദേഹത്തെ അവഹേളിക്കുന്ന വിധത്തിൽ പോസ്റ്റിട്ടതോടെ ഇതുവരെ നേടിയ സൽപ്പേരെല്ലാം കളഞ്ഞുകുളിച്ച് നിലവാരമില്ലാത്ത ഒരു കമന്റിടുന്ന ഒരാളുടെ അവസ്ഥയിലേക്ക് ബൽറാം തരംതാണുവെന്ന വിലയിരുത്തലാണ് പൊതുവെ. നിരവധി പ്രമുഖർ ഇതോടെ ബൽറാമിനെതിരെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുഖ്യധാരാ ചർച്ചയായി വിഷയം മാറി. ഇതുവരെ ക്രിയാത്മകമായി പല വിഷയങ്ങളിലും പ്രതികരിക്കുകയും അതിന് നിരവധി പേരുടെ പിന്തുണ സോഷ്യൽ മീഡിയയിൽ നേടുകയും ചെയ്ത നേതാവാണ് ബൽറാം. സാമൂഹിക പ്രസക്തമായ പല വിഷയങ്ങളിലും ബൽറാമിന്റെ പ്രതികരണങ്ങൾ കൈയടി നേടിയിരുന്നു സോഷ്യൽ മീഡിയയിൽ. എതിരാളികളുടെ തിരിച്ചുള്ള പ്രതികരണങ്ങൾക്ക് ഫലപ്രദമായി പ്രതിരോധവും തീർത്തിരുന്നു ബൽറാമെന്ന യുവ കോൺഗ്രസ് എംഎൽഎ.