കോഴിക്കോട്:  മലപ്പുറം വണ്ടൂരിൽ ഇന്നലെ ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ നേതൃത്വം നൽകിയത് പവിത്രമായ ജുമുഅ ആരാധനക്കല്ലെന്നും മറിച്ച് സംഘ്പരിവാറിനെ കൂട്ടുപിടിച്ച് ഇസ്ലാമിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്നും മത പണ്ഡിതരും വിശ്വാസികളും. ജുമുഅ നിസ്്കാരത്തിന് ഇസ്ലാം അനുശാസിക്കുന്ന യാതൊരുവിധ നിയമങ്ങളും അവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ അതിനെ ജുമുഅ നമസ്‌കാരമെന്ന് വിളിക്കാനുമാകില്ലെന്നും മത പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.

നമസ്‌കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ ഒരുമുസ്ലിമായിട്ട് പോലും അംഗീകരിക്കുന്നില്ലന്ന് സമസ്തയും വ്യക്തമാക്കി. കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂർ ആണ് ഇക്കാര്യത്തിൽ മറുനാടനോട് പ്രതികരിച്ചത്. ജാമിദ ടീച്ചറെ ഒരു മുസ്ലിമായി അംഗീകരിക്കുന്നില്ല. അവർ നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ഇസ്ലാമികമായ കർമശുദ്ധികൾ ഇല്ലാതെയാണ്. പിന്നെങ്ങനെ അത് പവിത്രമായ ജുമുഅ നമസ്‌കാരത്തിന്റെ പരിധിയിൽ വരും. അവരെ വിമർശിച്ചോ, അനുകൂലിച്ചോ പൊതു സമൂഹത്തിൽ അവർക്കോ, അവരുടെ സംഘടനക്കോ സ്ഥാനമുണ്ടാക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. പേര് കൊണ്ട് മാത്രം ഇസ്ലാമായ അവർ നയിച്ച പ്രാർത്ഥന അല്ലെങ്കിൽ ആരാധന ഇസ്ലാമിക രീതി ശാസ്്ത്രത്തിന് യോജിച്ചതല്ല- സത്താർ പന്തല്ലൂർ മറുനാടനോട് പറഞ്ഞു.

അതേ സമയം, സാമൂഹിക മാധ്യമങ്ങളിൽ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റും ഇത്തരത്തിൽ നടക്കുമ്പോൾ ഇവിടെ മാത്രം എന്തിന് ഇതിനെ പ്രതികൂലിക്കണമെന്നാണ് പലരുടെയും ചോദ്യം. ഒരേ വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നവർക്ക് എങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ വിവിധ രീതികളുണ്ടായതെന്നും ചിലർ ചോദിക്കുന്നു. മറ്റു ചിലരാകട്ടെ ഒരു സ്ത്രീ നമസ്‌കാരത്തിന് നേതൃത്വം നൽകുമ്പോൾ പിറകിൽ അവരെ പിന്തുടരുന്ന പുരുഷന്മാരുടെ കൺട്രോളിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകൾ നമസ്‌കാരത്തിന് നേതൃത്വം നൽകുമ്പോൾ ഓരോരുത്തർക്കും നമസ്‌കാരത്തിൽ എത്രത്തോളം ആത്മസമർപ്പണം നടത്താനാകുമെന്ന് സംശയിക്കുന്നവരുമുണ്ട്.

വിശ്വാസികൾ പലരും പക്ഷെ ഇവരുടെ രീതികളെ അനുകൂലിക്കുന്നില്ല. ഇസ്ലമിക രീതിശാസ്്ത്ര പ്രകാരം ഇവരുടെ ആരാധനകൾ തെറ്റാണെന്നാണ് ഇത്തരക്കാരുടെ വാദം. വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണ് സ്ത്രീകൾ. അവർക്ക് ആരാധനക്കുള്ള സ്ഥലം വീടിന്റെ ഏറ്റവും അകത്തുള്ള മുറിയാണ്. സ്ത്രീകൾക്കതാണുത്തമം എന്നാണ് സുന്നിവിഭാഗത്തിന്റെ വിശദീകരണങ്ങൾ. അതേ സമയം സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുവാദമുള്ള മുജാഹിദ് വിഭാഗങ്ങളും ഇവരുടെ നമസ്‌കാരത്തെ അംഗീകരിച്ചിട്ടില്ലെന്നതും വലിയ ചർച്ചയാകുന്നു. ഇസ്ലാമിക വിധപ്രകാരം ഇത് ജുമുഅ നമസ്്കാരമായി കണക്കിലെടുക്കാനാകില്ലെന്നാണ് ഇവരുടെ വാദം. മുജാഹിദ് പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിലും അവരുടെ സ്ഥാനം അവിടെയും മറയ്ക്കുള്ളിലാണ്. മുജാഹിദ് പള്ളികളിലെ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതും പുരുഷന്മാരാണ്. സ്ത്രീകൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയാണ് മുജാഹിദ് പള്ളികളിൽ ആരാധന നടക്കുന്നത്.

എന്നാൽ ജാമിദ ടീച്ചർ പുരുഷന്മാർക്ക് കൂടി നമസ്‌കാരത്തിന് നേതൃത്വം നൽകിയതിലൂടെ ഇസ്ലാമിക നവോത്ഥാനത്തിനാണ് നേതൃത്വം നൽകിയതെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്. സാധാരണ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരങ്ങൾക്ക് പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്. പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല. സ്ത്രീകൾ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും - ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ വ്യക്തമാക്കി.

ഇസ്‌ളാമിക് നവോത്ഥാന ചരിത്രത്തിൽ കേരളത്തിൽ ഒരു ചരിത്രവേള സൃഷ്ടിച്ചുകൊണ്ടാണ് വണ്ടൂരിൽ ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിൽ നടന്ന നമസ്‌കാരത്തിന് ജാമിദ ടീച്ചർ നേതൃത്വം നൽകിയത്. ഇതിന് പിന്നാലെ അവർക്ക് വധഭീഷണി അടക്കമുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. 'സ്ത്രീക്കും പുരുഷനും ഖുറാനിൽ തുല്യപ്രധാന്യമാണ് നൽകുന്നത്. പുരുഷന്മാർ സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ, ഭർത്താവ് എന്ന് പോലും ഖുറാനിൽ പരാമർശിച്ചിട്ടില്ല,'' ഈ നിലപാടാണ് ജാമിദ ടീച്ചർ പങ്കുവച്ചത്.

വണ്ടൂരിലെ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറിയായ ജാമിദ ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകിയതോടെ ഇക്കാര്യം ചർച്ചയാവുകയായിരുന്നു. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മലപ്പുറത്ത് ജാമിദ ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി. ഖുറാൻ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു ജാമിദ ഇമാം ആയുള്ള നമസ്‌കാരം. മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്.

എന്നാൽ, ഇത്തരം കീഴ് വഴക്കം ഖുറാനിൽ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ വാദം. ഇതേ തുടർന്നാണ് വിഷയം ചർച്ചയായിരിക്കുന്നത്. അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്‌കാരത്തിന് നേതൃത്വം നൽകിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയിൽ നടപ്പാക്കാനാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജാമിദ ടീച്ചറും ഇമാമിന്റെ സ്ഥാനം വഹിച്ചത്.