ദോഹ: ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് രാജ്യത്ത് താപനില മൂന്നു മുതൽ നാലു ഡിഗ്രി വരെ വർധിച്ച് 47 ഡിഗ്രിക്ക് മുകളിൽ എത്തുമെന്ന് ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. ചൊവ്വാഴ്ച വരെ കനത്ത തോതിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി വീശുന്നതോടെ ജനജീവിതം ദുസ്സഹമാകും.

ഇന്ത്യയിൽ മൺസൂൺ ശക്തമായ സാഹചര്യത്തിൽ മേഖലയിൽ രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദമാണ് ഇവിടെ കാറ്റ് അടിക്കാൻ കാരണമായിരിക്കുന്നത്. 18 മുതൽ 28 നോട്ട് ദൈർഘ്യത്തിലാണ് കാറ്റു വീശാൻ സാധ്യതയുള്ളത്. ചില മേഖലകളിൽ ഇത് 38 നോട്ട് വരെ ഉയരാം. ശക്തമായ പൊടിക്കാറ്റ് കാഴ്ച മങ്ങുന്നതിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, ശക്തമായ തിരമാലകൾ രൂപപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നോർത്തേൺ തീരദേശങ്ങളിൽ താപനില 37 ഡിഗ്രി മുതൽ 47 ഡിഗ്രി വരെയായിരിക്കും. ദോഹയിൽ കൂടിയ താപനില 45 ഡിഗ്രി മുതൽ 47 ഡിഗ്രി വരെയും കുറഞ്ഞ താപനില 34 ഡിഗ്രി മുൽ 36 ഡിഗ്രി വരെയുമാണ്.

പൊടിക്കാറ്റിനെതിരേ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരമാലകളും ശക്തമായതിനാൽ കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂടിനെ അതിജീവിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ശരീരത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിൽ നിന്നും മാറി നിൽക്കണമെന്നും നിർദേശത്തിൽ പറയുന്നു.