ബെംഗളൂരു: ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടീം ഇന്ത്യക്കായി 23 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2014ൽ ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ നാല് റൺസിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

മുപ്പത്തിയേഴുകാരനായ സ്റ്റുവർട്ട് ബിന്നി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലുമാണ് ടീം ഇന്ത്യയെ പ്രതിനിധീകരിച്ചത്. 17 വർഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറിൽ 95 മത്സരങ്ങൾ സ്വന്തം സംസ്ഥാനമായ കർണാടകയ്ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് കരിയറിൽ 4796 റൺസും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണിൽ 443 റൺസും 14 വിക്കറ്റുമായി കർണാടകയുടെ രഞ്ജി വിജയത്തിൽ നിർണായകമായി.

ഇന്ത്യൻ കുപ്പായത്തിൽ സ്റ്റുവർട്ട് ബിന്നിയുടെ ഏറ്റവും മികച്ച പ്രകടനം 2014ലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു. മിർപുരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 6/4 പ്രകടനവുമായി ഫോർമാറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം നടത്തി. 2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്ട്ര മത്സരം കളിച്ചത്.

ഐപിഎല്ലിൽ 2010ൽ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു അരങ്ങേറ്റം. 2011 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിലെ സ്ഥിരാംഗങ്ങളിലൊരാളായി. രാജസ്ഥാൻ വിലക്ക് നേരിട്ടതോടെ 2016ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സൈൻ ചെയ്തു. ഐപിഎല്ലിൽ 95 മത്സരങ്ങളിൽ 880 റൺസും 22 വിക്കറ്റുമാണ് സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് സ്റ്റുവർട്ട് ബിന്നിയുടെ പ്രതികരണം. തന്നിലർപ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകർക്കും സെലക്ടർമാർക്കും ക്യാപ്റ്റന്മാർക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ക്രിക്കറ്റ് കരിയറിൽ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും സ്റ്റുവർട്ട് ബിന്നി കൂട്ടിച്ചേർത്തു.