- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''നേരം ഇരുട്ടിത്തുടങ്ങിയിരുന്നു; അവർ എന്നെ ഒരു കാറിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു; വിസ്സമിതിച്ചപ്പോൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി; ഒന്നരമണിക്കൂർ നീണ്ട യാത്രയിൽ എന്നെ നഗ്‌നനാക്കി മർദ്ദിച്ചു ഇറക്കിവിട്ടു; ഏറെ വിവാദമായ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റർ
സിഡ്‌നി: കഴിഞ്ഞ വർഷം ഏപ്രിലിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റർ സ്റ്റുവർട്ട് മക്ഗിലിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്.ഏതാണ്ട് ഒരു വർഷത്തിന് ഇപ്പുറം ഇത സംഭവത്തെക്കുറിച്ച് വിശദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.ശത്രുക്കൾക്ക് പോലും വരരുതെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യമാണ് അന്ന് നടന്നതെന്ന് അദ്ദേഹം പറയുന്നു.
നിയമനടപടികളുമായി ബന്ധപ്പട്ട നിയന്ത്രണമുണ്ടായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് മക്ഗിൽ അധികം വെളിപ്പെടുത്തിയില്ല.
മക്ഗിലിന്റെ വാക്കുകൾ: ''നേരം ഇരുട്ടിത്തുടങ്ങിയിരുന്നു, അവർ എന്നെ ഒരു കാറിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. കാറിൽ കയറാൻ താൽപ്പര്യമില്ലെന്ന് അവരോട് രണ്ടു തവണ പറഞ്ഞു. എന്നാൽ അവർ ആയുധധാരികളാണെന്ന് പിന്നീട് വ്യക്തമായി. നിങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു ഞങ്ങൾക്കറിയാമെന്നും കുറച്ചു നേരം സംസാരിക്കാൻ ആഗ്രഹിക്കുന്നെന്നും അവർ പറഞ്ഞു. അതിനുശേഷം അവർ എന്നെ കാറിൽ കയറ്റി, ഞാൻ ഒന്നര മണിക്കൂർ കാറിൽ ഉണ്ടായിരുന്നു.
അവർ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. അവർ എന്നെ നഗ്‌നനാക്കി, മർദിച്ചു, ഭീഷണിപ്പെടുത്തി. അതിനുശേഷം എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. ഞാൻ ഭയപ്പെട്ടു, അപമാനിക്കപ്പെട്ടു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ട് അവർ എന്നെ തിരികെ കാറിൽ കയറ്റി. ബെൽമോർ പ്രദേശത്ത് ഇറക്കിവിട്ടു. സത്യം പറഞ്ഞാൽ ഞാൻ എവിടെയാണെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു.'' സ്റ്റുവർട്ട് മക്ഗിൽ പറഞ്ഞു.
2021 ഏപ്രിൽ 14നാണ് സംഭവം നടന്നത്. മുൻ ഓസ്‌ട്രേലിയൻ സ്പിന്നറായ സിഡ്‌നിക്കു സമീപമുള്ള ക്രെമോണിൽ വച്ച് മൂന്നു പേർ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാരണമൊന്നുമില്ലാതെ മർദിച്ച അക്രമികൾ, ഒന്നര മണിക്കൂറിനു ശേഷം അദ്ദേഹത്തെ ബെൽമോർ പ്രദേശത്ത് ഇറക്കിവിടുകയും ചെയ്തു. സംഭവശേഷം ഇതാദ്യമായി മക്ഗിൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അവരിൽ ഒരാൾ മക്ഗിലിന്റെ മുൻഭാര്യ മരിയ ഒ മീഗറിന്റെ സഹോദരനാണ്.പണമൊന്നും ആവശ്യപ്പെടാതെ തന്നെ മക്ഗിലിനെ മോചിപ്പിച്ചതായാണ് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് പറയുന്നത്. 1998 മുതൽ 2008 വരെ ഓസ്‌ട്രേലിയയ്ക്കു വേണ്ടി 44 ടെസ്റ്റുകൾ കളിച്ച മക്ഗിൽ 208 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.