റാഞ്ചി: താൻ പഠിക്കുന്ന സ്‌കൂളിന്റെ ശോചനീയാവസ്ഥയും അദ്ധ്യാപകരുടെ അനാസ്ഥയും തുറന്നു പറഞ്ഞുകൊണ്ട് പ്രൈമറി ക്ലാസ് വിദ്യാർത്ഥിയുടെ 'ലൈവ് റിപ്പോർട്ടിങ്' വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സ്‌കൂൾ അധികൃതർ. ഝാർഖണ്ഡിലെ ഗൊദ്ദയിൽ താൻ പഠിക്കുന്ന സ്‌കൂളിന്റെ ശോചനീയാവസ്ഥ കാണിക്കാൻ ടിവി റിപ്പോർട്ടറെ പോലെ വേഷമിട്ട് ലൈവ് റിപ്പോർട്ടിങ് നടത്തിയ സർഫറാസ് ഖാൻ എന്ന ഒരു വിദ്യാർത്ഥിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

തന്റെ സ്‌കൂളിൽ അദ്ധ്യാപനം നടക്കുന്നില്ലെന്നും അദ്ധ്യാപകർ പതിവായി എത്താറില്ലെന്നും സർഫറാസ് വീഡിയോയിൽ പറയുന്നുണ്ട്. ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ, മൂത്രപ്പുരയോ കുടിക്കാൻ നല്ല വെള്ളമോ ഇല്ലാത്ത അവസ്ഥ എല്ലാം സർഫറാസ് തന്റെ വീഡിയോയിലൂടെ കാണിച്ചു

പ്രൈമറി ക്‌സാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് സർഫറാസ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിക്ക് അകത്ത് വടി തിരുകിക്കയറ്റി മൈക്ക് ആക്കിയാണ് സർഫറാസിന്റെ റിപ്പോർട്ടിങ്. സംഗതി തമാശയാണെന്ന് തോന്നുമെങ്കിലും സർഫറാസിന്റെ വീഡിയോ വലിയ ചർച്ചകളാണ് സൃഷ്ടിച്ചത്. യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് വിദ്യാർത്ഥിയുടെ നിഷ്‌കളങ്കവും സത്യസന്ധവുമായ പെരുമാറ്റത്തിന്റെ പേരിൽ വലിയ ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.

ബഹുമിടുക്കനാണ് സർഫറാസെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും പ്രതികരണം. എന്നാൽ സ്‌കൂൾ അധികൃതർ തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് സർഫറാസ് പറയുന്നത്. എങ്കിലും താൻ ഇനിയും ഇത്തരം കാര്യങ്ങളോട് തുറന്ന് തന്നെ പ്രതികരിക്കുമെന്നാണ് സർഫറാസിന്റെ നിലപാട്.

വീഡിയോ വൈറലായതോടെ സ്‌കൂൾ ധൃതിയിൽ വൃത്തിയാക്കിയെടുത്തിട്ടുണ്ട് അധികൃതർ. ഒപ്പം തന്നെ രണ്ട് അദ്ധ്യാപകർക്ക് സസ്‌പെഷൻ കിട്ടിയെന്നും റിപ്പോർട്ടുണ്ട്. ഏതായാലും ഈ കുരുന്നിന്റെ ധൈര്യത്തിന് സല്യൂട്ട് നൽകുകയാണ് ഏവരും. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത് ഇങ്ങനെയൊരു സ്‌കൂളിൽ പഠിക്കേണ്ടിവരുന്നത് ഗതികേട് തന്നെയാണെന്നും ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരേണ്ടത് തന്നെയാണെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്.