- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് താമരശ്ശേരി കട്ടിപ്പാറായിൽ രണ്ട് വിദ്യാർത്ഥികൾക്ക് മർദ്ദനം; ഗുരുതരമായി പരിക്കേറ്റ 13കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട്: താറാവിനെ മോഷ്ടിച്ചു എന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറായിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കട്ടിപ്പാറ ചമൽവെണ്ടേക്കുംപൊയിൽ സ്വദേശികളായ 13ഉം 15ഉം വയസ്സുള്ള സഹോദരങ്ങൾക്കാണ് മർദ്ദനമേറ്റത്.
മറ്റൊരാൾക്കൊപ്പം ബൈക്കിൽ കൊട്ടാരക്കോത്ത് നീറ്റിക്കൽ തോട്ടിൽ എത്തിയപ്പോൾ താറാവിനെ മോഷ്ടിച്ചെന്നാണ് ആരോപണം. ഇതിന്റെ പേരിൽ താറാവിന്റെ ഉടമസ്ഥനായ കൊട്ടാരക്കോത്ത് മുസ്തഫ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മുസ്തഫ വിദ്യാർത്ഥികളെ തടഞ്ഞുവെക്കുകയും മാതാവിനെ വിളിച്ചുവരുത്തിയതിന് ശേഷം വിട്ടയക്കുകയുമായിരുന്നു.
ദേഹമാസകലം മർദ്ദനമേറ്റ കുട്ടികളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് 13കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ലെന്നും താറാവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും മുസ്തഫ പ്രതികരിച്ചു. മോഷണ ശ്രമം തടഞ്ഞതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് ഓട്ടത്തിനിടയിലുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റതെന്നും മുസ്തഫ പറഞ്ഞു. വിദ്യാർത്ഥികൾ നേരത്തെയും താറാവിനെ മോഷ്ടിച്ചിരുന്നു എന്നും മുസ്തഫ ആരോപിച്ചു.


