കൊൽക്കത്ത: പ്രശസ്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സിനിമകൾ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയയായ കുഞ്ഞില മസിലാമണി ഹെൻട്രിയായിരുന്നു ആത്മഹത്യക്ക് ശഅരമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ നിരന്തരമായ ലൈംഗിക അതിക്രമം തന്നെ രണ്ടാമതും ആത്മഹത്യയിലേക്കെത്തിച്ചിരിക്കുന്നു എന്ന് തന്റെ ആത്മഹത്യ കുറിപ്പിൽ കുഞ്ഞില വ്യക്തമാക്കുകയായിരുന്നു.

ആ ഒരു ഇൻസ്റ്റിറ്റ്യൂട്ട് കാരണം രണ്ടാമതും ആത്മഹത്യക്ക് താൻ ശ്രമിക്കുകയാണെന്നാണ് വിദ്യാർത്ഥി തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഉറച്ച ശബ്ദത്തിൽ പോരാടിക്കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുഞ്ഞില. പ്രഫസർമാരും അധികാരികളും വർഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അത്മഹത്യക്ക് കാരണം, കുഞ്ഞില പറഞ്ഞു

ഇത്രയും ഗൗരവമായ ഒരു ലൈംഗികാതിക്രമണ, ബലാത്സംഗ കുറ്റകൃത്യം നടന്നുവെന്ന പരാതി ഉയർന്നിട്ടും ക്യാമ്പസിലെ അധികാരികളോ പൊലീസ് ഉദ്യോഗസ്ഥരോ വേണ്ടവിധത്തിലുള്ള അന്വേഷണമോ കുഞ്ഞിലക്ക് നീതി നൽകുന്ന വിധത്തിലുള്ള ഒരിടപെടലോ നത്തിയിട്ടില്ല. നിങ്ങൾ എസ്.ആർ.എഫ്.ടി.ഐയിലെ ഒരു വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ ലൈംഗികമായി അതിക്രമങ്ങൾക്ക്, ലൈംഗിക പീഡനത്തിന്, ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ജീവിക്കാൻ പിന്നെ ഒരു വഴിയുമില്ല, ആത്മഹത്യ കുറിപ്പിൽ കുഞ്ഞില പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ സംബന്ധിച്ച് കുഞ്ഞില ഫേസ്‌ബുക്ക് പോസ്റ്റിലും വിശദീകരിച്ചു, ഈ സ്ഥാപനം ഒരു ലൈംഗിക മൃഗശാലയാണെന്നാണ് ഒരു പെൺകുട്ടി തന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്.

പോസ്റ്റ് ഇങ്ങനെയാണ്:

'ഞാൻ പോരാടിയില്ല എന്ന് നിങ്ങൾ എന്നോട് പറയരുത്. ഞാൻ പരിശ്രമിച്ചില്ല എന്ന് നിങ്ങൾ എന്നോട് പറയരുത്. പരിശ്രമങ്ങൾക്കുമൊടുവിൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്നെ സ്‌നേഹിക്കുന്നയാളും അമ്മയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.പക്ഷെ എനിക്കതിന് കഴിയില്ല.

നിങ്ങൾ എസ്.ആർ.എഫ്.ടി.ഐയിലെ ഒരു വിദ്യാർത്ഥിനിയാണെങ്കിൽ, നിങ്ങൾ ലൈംഗിക അതിക്രമത്തിനു വിധേയമായിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. എസ്.ആർ.എഫ്.ടി.ഐ കാരണം ഒരിക്കൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതിൽ വിജയിക്കാനായില്ല. ഇത്തവണ ഞാൻ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാൽ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവർത്തിച്ചോളും. എന്റെ സർവ്വ ശക്തിയുമെടുത്ത് ജീവിക്കാൻ ശ്രമിച്ചു. 2015 ഡിസംബർ മുതൽ ഞാനതിന് പരിശ്രമിക്കുകയാണ്

ഒരു സ്ത്രീക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാനാവുന്നതെല്ലാം ശ്രമിച്ചു. ഞാൻ എടുത്ത സിനിമകളെ കുറിച്ചോർക്കുമ്പോൾ എനിക്കു കരച്ചിൽ വരുന്നു. എസ്.ആർ.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോൾ കൂടുതൽ കരഞ്ഞുപോകുന്നു. ഈ 'ഫിലിം സ്‌കൂൾ' ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാൻ. ഇതാ എന്നെ തിന്നോളൂ, നിങ്ങളുടെ ഉള്ള് നിറയട്ടെ.''

എന്നിങ്ങനെയാണ് കുഞ്ഞില എഴുതിയിരിക്കുന്നത്. കുഞ്ഞിലയുടെ കുറിപ്പും വർത്തമാനവും സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്. ആത്മഹത്യയ്ക്കു ശ്രമിച്ചതും പിന്നെ അതിനെ കുറിച്ചെഴുതിയതും ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്ന ചിലരുടെ ആരോപണത്തിനും കുഞ്ഞില ചുട്ട മറുപടി നൽകുന്നുണ്ട്.