- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് പൊലീസ് യൂണിഫോമിൽ തട്ടമിടാൻ അനുമതി തേടി വിദ്യാർത്ഥിനി; മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാർ; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ തട്ടമിടാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചു. ഇതിൽ മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാർ നിലപാട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സർക്കാരിനെ സമീപിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തീർപ്പാക്കി.
മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത് . എന്നാൽ ഹർജിയിൽ ഇടപെടാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിസമ്മതിക്കുകയായിരുന്നു.
കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതിൽ മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. പൊലീസ് സേനക്ക് പൊതുവായ യൂണിഫോം ആണ് നിലവിൽ ഉള്ളതെന്നും സർക്കാർ ധരിപ്പിച്ചു. ഈ സാഹചര്യത്തിൽ ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സർക്കാരിനെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തീർപ്പാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ