- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമസ്കാരം.. ഞാൻ ഉമക്കുട്ടി; സഹാപാഠികൾ പാഠഭാഗങ്ങൾ പകർന്നുനൽകി ആറാംക്ലാസുകാരിയുടെ യൂട്യൂബ് ചാനൽ; ഒരു വർഷം കൊണ്ട് ചാനൽ നേടിയത് മുക്കാൽ ലക്ഷത്തിലേറെ വരിക്കാർ; ഇതുവരെ 80 ലക്ഷത്തോളം കാഴ്ചക്കാരും; ഓൺലൈൻ പഠനകാലത്ത് ഉമക്കുട്ടി ടീച്ചർ ട്രെൻഡിങ്ങാവുമ്പോൾ
തിരുവനന്തപുരം: മറ്റൊരു അദ്ധ്യായന വർഷത്തിന് ഇന്ന് തുടക്കമാവുകയാണ്. ആളും ആരവങ്ങളുമില്ലാതെ കുരുന്നുകൾ ഇന്ന് അക്ഷരലോകത്തെത്തും. കോവിഡ് മഹാമാരിയിൽ ഇത്തവണയും അധ്യായനം ഓൺലൈനായി ചുരുങ്ങുമ്പോൾ പലവിധ ആശങ്കകളാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുവെക്കുന്നത്.എന്നാൽ അത്തരം കഥകൾക്കിടയിൽ ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഒരു കൊച്ചുമിടുക്കിയെ പരിചയപ്പെടാം.തിരുവനന്തപുരം സ്വദേശിയും കോട്ടൺഹിൽ ഗവ. സ്കൂൾ വിദ്യാർത്ഥി എസ്. ഉമയാണ് ഇപ്പോൾ ഓൺലൈൻ പഠനരംഗത്തെ താരം.താൻ ഓൺലൈൻ വഴി പഠിക്കുന്നതിനൊപ്പം തന്റെ കൂട്ടുകാരെയും പഠിപ്പിക്കുകയാണ് ഉമക്കുട്ടി ടീച്ചർ
ഇത്തവണയും അദ്ധ്യായന വർഷത്തെ ഈ കൂട്ടിടീച്ചർ വരവേൽക്കുന്നത് തന്റെ യുട്യൂബ് ചാനലിലുടെ തന്നെയാണ്.യുട്യൂബ് ചാനൽ എന്നു പറയുമ്പോൾ അത് വെറും ചാനലല കേട്ടോ.. മുക്കാൽ ലക്ഷത്തിലേറെ വരിക്കാർ; ഇതുവരെ 80 ലക്ഷത്തോളം കാഴ്ചക്കാരുമുള്ള ഒരു സൂപ്പർ ചാനൽ.'ഉമക്കുട്ടി' എന്ന ആ ചാനലിനുമുണ്ട് പ്രത്യേകത. വിനോദ പരിപാടികളോ ഹോബികളോ ഒന്നുമല്ല, സ്വന്തം പാഠഭാഗങ്ങളുമായി ഉമക്കുട്ടി തന്നെ ടീച്ചറാകുന്ന ചാനലാണത്.ഡിജിറ്റൽ / ഓൺലൈൻ പഠനത്തിന്റെ പരിമിതികളും മടുപ്പും ഏറെ ചർച്ചയാകുന്നതിനിടെ, അതിന്റെ സാധ്യതകൾ കൂടി നമ്മെ ഓർമിപ്പിക്കുന്ന അനുഭവകഥയാണിത്.
കഴിഞ്ഞവർഷം സ്കൂൾ തുറക്കാതിരിക്കുകയും കൂട്ട് ഇല്ലാതാവുകയും ചെയ്തപ്പോഴായിരുന്നു ഇങ്ങനെ ഒരു ചാനലിനെപ്പറി ആലോചിച്ചത്. അങ്ങിനെ ചാനൽ തുടങ്ങിയെങ്കിലും സംഭവം ഇത്രയെറെ ഹിറ്റാകുമെന്ന് ആരും കരുതിയില്ല. ഇപ്പോൾ കുട്ടിട്ടീച്ചറെ കേരളത്തിനകത്തും പുറത്തുമുള്ള മലയാളിക്കുട്ടികൾക്കെല്ലാം ഇഷ്ടമായിക്കഴിഞ്ഞു.വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ട് ഉമക്കുട്ടി പാഠഭാഗങ്ങൾ പഠിക്കും. അതിനു ശേഷമാണു ടീച്ചറുടെ റോൾ. കൂട്ടുകാരുടെ സന്ദേശങ്ങൾ കൂടി നോക്കി ക്ലാസുകൾ മെച്ചപ്പെടുത്തുന്നുമുണ്ട്.
വരിക്കാർ കൂടിയതോടെ അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പം ചേർന്നു.കേരള കൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി.കെ. സുജിത്തും സഹോദരൻ അമലും സാങ്കേതികകാര്യങ്ങളിൽ സഹായിക്കുന്നുണ്ട്. ചാനൽ ഹിറ്റായതോടെ അത്യാവശ്യം വരുമാനവും കിട്ടിത്തുടങ്ങി.അങ്ങിനെ ഒരു ലാപ്ടോപ്പും ക്യാമറയുമൊക്കെ വാങ്ങി വീട്ടിലൊരു ചെറിയ സ്റ്റുഡിയോ ഒരുക്കി ഇത്തവണ സെറ്റ് അപ്പ് ഒക്കെ ഒന്നുമാറ്റിയാണ് ഉമക്കുട്ടി ടീച്ചറുടെ ഇത്തവണത്തെ വരവ്. ഇനി ആറാം ക്ലാസിലെക്കാണ് ഈ മിടുക്കി. പുതിയൊരു അദ്ധ്യായന വർഷത്തിന് കൂടി തുടക്കമാകുമ്പോൾ പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഉമ
മറുനാടന് മലയാളി ബ്യൂറോ