തിരുവനന്തപുരം: സെലബ്രിറ്റി ഷെഫായ ഡോ. ലക്ഷ്മി നായർ പ്രിൻസിപ്പലായ തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും പ്രൈംടൈം ചർച്ച സംഘടിപ്പിച്ച് വിനു വി ജോൺ അവതാരകരനായ ഏഷ്യാനെറ്റ് ന്യൂസ് അവർ. ലക്ഷ്മി നായരും കുടുംബവും 12 ഏക്കർ സർക്കാർ ഭൂമി അനധികൃതമായ കൈവശം വെക്കുകയാണെന്ന ആരോപണം ഉന്നയിച്ച് ജ്യോതികുമാർ ചാമക്കാല ഏഷ്യാനെറ്റിലൂടെ രംഗത്തുവന്നതിന് പിന്നാലെ കോളേജ് കാമ്പസിന് അകത്ത് ഭരണം നടത്തുന്ന മറ്റു ശക്തികളെ കുറിച്ച് വെളിപ്പെടുത്തിയാണ് ഇന്നലെ ന്യൂസ് അവർ ചർച്ച സംഘടിപ്പിച്ചത്. പച്ചയായി ജാതിപറയുന്ന വ്യക്തിത്വമാണ് ലക്ഷ്മി നായരുടേത് എന്ന ആരോപണവും ചർച്ചക്കിടെ കാവ്യ എന്ന വിദ്യാർത്ഥിനി ഉന്നയിച്ചു.

ലോ അക്കാദമിയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ഈ വിഷയം ചർച്ച ചെയ്യുന്നതെന്നാണ് വിനു ആമുഖമായി പറഞ്ഞത്. കേരളാ സർവകലാശാല സെനറ്റ് അംഗം വി ദത്തൻ, ജോൺ പി തോമസ് മാദ്ധ്യമം ദിനപത്രത്തിലെ ലേഖകൻ, വിദ്യാർത്ഥികളായ പ്രജിൻ, കാവ്യ എന്നിവരും ചർച്ചയിൽ പങ്കാളികളായി.

പച്ചയ്ക്ക് ജാതി പറയുന്ന പ്രിൻസിപ്പൽ, സൂപ്പർപവറായി വിദ്യാർത്ഥികളെ നിയന്ത്രിക്കുന്ന മകന്റെ കാമുകി

കാവ്യ രാജീവെന്ന വിദ്യാർത്ഥിനിയാണ് ജാതീയ ആക്ഷേപമുൾപ്പെടെ നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചത്. തന്റെ ആൺസുഹൃത്തിനോട് സംസാരിച്ചു കൊണ്ടേയിരിക്കേ തന്നോട് സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയും വീട്ടിലേക്ക് വിളിച്ച് നായർകുട്ടിയായ കാവ്യ ചോവൻ ചെക്കനോട് എന്തിനാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്‌തെന്ന് കാവ്യ ചാനൽ ചർച്ചയിൽ പറഞ്ഞു. തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ച സംഭവമാണ് ഇതെന്നും കാവ്യ വ്യക്തമാക്കി. സമാനമായ അനുഭവങ്ങൾ മറ്റു വിദ്യാർത്ഥികൾക്കും ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇത് മാത്രമല്ല, ഒരു ഉയർന്ന ജനാധിപത്യ കാമ്പസിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയാണ് ലക്ഷ്മി നായർ പെരുമാറുന്നതെന്നാണ് പ്രിൻിസപ്പലസിന് എതിരായ മറ്റൊരു സുപ്രധാന ആരോപണം. ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളേജിലെ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് കോളേജിലെ സൂപ്പർപവറായി പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്ത വേളയിൽ ഈ പെൺകുട്ടിയോടെ ചോദിക്കാതെ എങ്ങോട്ടും പോകാനാവില്ല. വീട്ടിലേക്ക് പോകണമെങ്കിൽ കൂടി ഈ വിദ്യാർത്ഥിനിയുടെ അനുമതി വേണമെന്നും കാവ്യ പറഞ്ഞു. ഒപ്പം പഠിക്കുന്ന വിദ്യാർത്ഥി അഡ്‌മിനിസ്‌ട്രേറ്ററായി ഭരിക്കുന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ഹോസ്റ്റലിലുൾപ്പെടെ കടുത്ത മുറകളാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇന്റെണൽ മാർക്ക് ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുക. ഇതിനെയൊക്കെ ചോദ്യം ചെയ്ത 21 പേരെയാണ് ഇയർ ഔട്ട് ചെയ്തത് എന്നും കാവ്യ ചർച്ചയിൽ പറഞ്ഞു. നാലാം സെമസ്റ്റർ പരീക്ഷയുടെ തലേന്ന് പ്രിൻസിപ്പൽ തന്നെ വിൡച്ചുവരുത്തി പഠിക്കാൻ പോലും സമ്മതിക്കാത്ത വിധത്തിൽ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ഇന്റേണൽ മാർക്കിന്റെ കാര്യത്തിൽ കുറവു വരുത്തുകയാണ് ചെയ്തത്. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അംഗീകരിക്കാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.

ഹോസ്റ്റൽ കമ്മിറ്റിയുടെ പേരിലും വിദ്യാർത്ഥി പീഡനങ്ങൾ നടക്കുന്നു എന്നാണ് കാവ്യ ആരോപിച്ചത്. പുതുതായി വരുന്നവരുടെ പെട്ടിയെടുക്കേണ്ട സാഹചര്യം പോലും കോളേജിൽ ഉണ്ടാകുന്നു. ഹോസ്റ്റൽ നടത്തിപ്പിന്റെ ഭാഗമായി ആൺകുട്ടികൾക്ക് രാത്രി 10 മണിക്കും ഭക്ഷണം വിളമ്പേണ്ട സാഹചര്യം ഉണ്ട്. ഹോസ്റ്റലിന്റെ പിൻഭാഗത്ത് ഒരു ക്യാമറയും ഇല്ല. ഇവിടെ ഒരു ചുറ്റുമതിലും ഇല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ശകാരിക്കുകയാണ് ചെയ്തതെന്നും കാവ്യ ചൂണ്ടിക്കാട്ടി.

സമരം തീർക്കാൻ രാഷ്ട്രീയ നേതാക്കൾ ഇടപെടുമെന്ന് പ്രതീക്ഷയില്ല: വി ദത്തൻ( സെനറ്റ് അംഗം)

പ്രധാന സംഘടനാ നേതാക്കളെല്ലാം സമരത്തിൽ നിന്നും മാറിനില്ക്കുന്നത് എന്തുകൊണ്ടാണെന്നാണ് വി ദത്തൻ വിശദീകരിച്ചു തുടങ്ങിയത്. കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടി നേതാക്കളും ലോ അക്കാദമിയിലെ അഡ്‌മിഷന് വേണ്ടി സമീപിക്കാറുണ്ടെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അവിടെ നടക്കുന്ന സമരം എങ്ങനെ പോകും എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. പ്രധാനപ്പെട്ട മാദ്ധ്യമങ്ങൾ പോലും ഈ വിഷയം ഏറ്റെടുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം ലക്ഷ്മി നായരുടെയും സംഘത്തിന്റെയും സ്വാധീന വലയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോ അക്കാദമിയിൽ ഇപ്പോൾ നടക്കുന്ന സമരം തീർക്കാൻ നേതാക്കൾ ഇടപെടുമെന്ന് പ്രതീക്ഷയില്ലെന്നും ദത്തൻ പറഞ്ഞു. ഇന്റേണൽ മാർക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയതാണ്. എന്നാൽ, അക്കാദമിയിൽ നടക്കുന്നത് മറിച്ചാണ്. ലോ അക്കാദമിയിൽ നടക്കുന്ന അഴിമതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവനന്തപുരത്തെ ഗവൺമെന്റ് ലോകോളേജിന്റെ വളർച്ചയെ തടഞ്ഞത് നാരായണൻ നായരാണ്. എൽഎൽബിക്ക് സെക്കണ്ട് ക്ലാസ് മാത്രമുണ്ടായിരുന്ന ലക്ഷ്മി നായർക്ക് എൽഎൽഎമ്മിന് റാങ്ക് ലഭിച്ചിരുന്നത് സംശയകരമാണെന്നും ദത്തൻ ചൂണ്ടിക്കാട്ടി.

കാറിൽ സർക്കാർ മോഡൽ നമ്പർപ്ലേറ്റ് വച്ച് വിലസുന്ന ഡയറക്ടർ, സെനറ്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള അദ്ധ്യാപകർ

ലോ അക്കാദമി ലോ കോളേജിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാട് തന്നെയാ ജോൺ പി തോമസും വ്യക്തമാക്കിയത്. ഇവിടെ മുഖ്യധാരാ മാദ്ധ്യമങ്ങൾ വിഷയം ഒഴിവാക്കുന്നത് സ്വാധീന വലയത്തിലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാദ്ധ്യമങ്ങൾക്കുള്ള സ്വാധീനവും ജോൺ പി തോമസ് ചൂണ്ടിക്കാട്ടി. മുമ്പ് വാർത്ത നൽകിയതിനെ തുടർന്നുണ്ടായ അക്രമവും അദ്ദേഹം എടുത്തു പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 21 വിദ്യാർത്ഥികൾ പുറത്തുപോകേണ്ടി വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഈ സംഭവങ്ങളൊക്കെ അവർ ആഗ്രഹിക്കുന്നത് നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു. മുമ്പ് ചുമതല വഹിച്ചിരുന്ന നാരായണൻ നായർ പ്രശ്‌നങ്ങൾ അധികം ഇല്ലാതെ പോയിരുന്നു. അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് ലോ അക്കാദമിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഗുരുതരമാണെന്നും ജോൺ വ്യക്തമാക്കി.

കേരളാ സർവകലാശാല ഒരു നിമിഷം നിരീക്ഷിച്ചാൽ പോലും അഫിലിയേഷൻ റദ്ദാക്കാൻ സാധിക്കുന്നതാണ്. സർക്കാർ നൽകിയ 12 ഏക്കർ ഭൂമി വിദ്യാഭ്യാസ ഇതര പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്. രണ്ട് വീടുകളാണ് അവർ കാമ്പസിൽ വച്ചിരിക്കുന്നത്. 9 ഏക്കർ ഭൂമി തിരിച്ചെടുക്കേണ്ട സമയം കഴിഞ്ഞുവെന്നും ജോൺ പി തോമസ് വ്യക്തമാക്കി. കേരളത്തിൽ സ്വാശ്രയ കോളേജ് ആണെങ്കിലും പ്രൈവറ്റ് ആയാണ് ലോ അക്കാദമി പ്രവർത്തിക്കുന്നത്. സെനറ്റ് തിരഞ്ഞെടുപ്പിൽ ലോ അക്കാദമി അദ്ധ്യാപകർക്ക് വോട്ട് അവകാശം ഉണ്ട്. ഇത് തന്നെ തെറ്റാണ്. മറ്റെവിടെയും ഇല്ലാത്ത കീഴ്‌വഴക്കമാണ് ഇത്. ഒരു സ്വാശ്രയ കോളേജായ ഇവർക്ക് എങ്ങനെ വോട്ടവകാശം ലഭിക്കുന്നു. ഇതിനിടെ ഈ കോളേജിനെ എയ്ഡഡ് ആക്കാൻ ശ്രമം നടന്നു. മറ്റു സമുദായങ്ങളും ഇതിനെതിരെ രംഗത്തുവരികയായിരുന്നു. കേരള സർവകലാശാ സിൻഡിക്കേറ്റാണ് ഇക്കാര്യങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്- ജോൺ വ്യക്തമാക്കി.

ലോ അക്കാദമിയിലെ ഒരു ഡയറക്ടർ ബോർഡ് അംഗം സർക്കാർ ഉദ്യോഗസ്ഥരെ പോലെയാണ് വിലസുന്നത്. വാഹനത്തിൽ ചുവപ്പു ബോർഡ് അടിച്ച് ലോ അക്കാദമി എന്നെഴുതി വച്ചുള്ള വാഹനവുമായിയാണ് നടക്കുന്ത്. ഇത് തീർത്തും ക്രമവിരുദ്ധമായ കാര്യമാണെന്നും ജോൺ പി തോമസ് ചർച്ചയിൽ പറഞ്ഞു. ഇത്തരം ക്രമക്കേടുകളെല്ലാം നടക്കുന്നത് ജഡ്ജിമാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾക്ക് സീറ്റ് നൽകിയ ശേഷമാണെന്നും ജോൺ പറഞ്ഞു.

സമരത്തിന് സിപിഐ(എം) നേതാക്കളുടെ പിന്തുണയുണ്ട്: പ്രജിൻ( എസ്എഫ്‌ഐ)

അതേസമയം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ പ്രതികരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നാണ് എസ്എഫ്‌ഐ നേതാവ് കൂടിയായ പ്രജിൻ പറഞ്ഞത്. വി ശിവൻകുട്ടി അടക്കമുള്ള നേതാക്കൾ സമരത്തെ പിന്തുണക്കുന്നുണ്ടെന്നാണ് പ്രജിൻ പറഞ്ഞു. എന്നാൽ ശിവൻകുട്ടിയെ പോലൊരു നേതാവ് ഇടപെട്ടാൽ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നാണ് വിനു മറുചോദ്യമായി ഉന്നയിച്ചത്.

എന്നാൽ, ആറ് മാസം മുമ്പ് തന്നെ എസ്എഫ്‌ഐ സമരം നടത്തിയിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ ഏറ്റെടുക്കാതിരിക്കുകയായിരുന്നു എന്നാണ് എസ്എഫ്‌ഐ നേതാവ് പറഞ്ഞത്. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പ്രജിൻ ആവശ്യപ്പെട്ടു. സമരം തീർക്കാൻ വേണ്ടിയുള്ള ഇടപെടൽ നടത്താൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും വിദ്യാർത്ഥികൾക്കെതിരായ പ്രതികാര നടപടി അനുവദിക്കില്ലെന്നുമാമ് പ്രജിൻ പറയുന്നത്.

വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിൽ ലോ അക്കാദമി ഇനിയും തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ, ഈ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാൻ ഇടയില്ല. ഇതിനിടെ വ്യത്യസ്ത സമരപന്തലും മറ്റുമാണെങ്കിലും ഐക്യത്തോടെ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം.