അബുദാബി: റോഡ് സുരക്ഷയെകുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാൻ ബിഎംഡബ്ല്യൂ ഗ്രൂപ്പ് മിഡ്ഡിൽ ഈസ്റ്റ്. രാജ്യമെമ്പാടും മൂവായിരം വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെ കുറിച്ച് ബോധവത്ക്കരണം നടത്തും. കഴിഞ്ഞ വർഷം ഇതേരീതിയിൽ അയ്യായിരം വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തിയിരുന്നു. ആറിനും ഒമ്പതിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്കായിരുന്നു കഴിഞ്ഞ വർഷം സുരക്ഷാ ക്ലാസുകൾ നൽകിയത്.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി(ആർടിഎ), നോളജ് ആൻഡ് ഹ്യൂമൻ ഡെവല്പമെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ), അബുദാബി പൊലീസ് എന്നിവയുടെ പിന്തുണയോടെയാണ് ബിഎംഡബ്ല്യൂ ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്. ദുബായിൽ ആരംഭിച്ച പരിപാടി ഇനി ഷാർജയിലും അബുദാബിയിലും നടത്തും.

ഭാവിയിൽ വാഹനങ്ങളുമായി പുറത്തിറങ്ങേണ്ടവരാണ് കുട്ടികളെന്നും അതിന് മുമ്പ് റോഡിൽ പാലിക്കേണ്ട നിയമങ്ങളേയും സുരക്ഷാ നടപടികളെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. റോഡിൽ പാലിക്കേണ്ട നിയമങ്ങൾ ചെറുപ്രായത്തിൽ തന്നെ നൽകിയാൽ അത് അവരുടെ ഓർമയിൽ എങ്ങും തങ്ങി നിൽക്കുമെന്നും സംഘാടകർ വ്യക്തമാക്കുന്നു.