ഷാർജ: ദുബായിൽ വണ്ണം കുറയ്ക്കുന്നവർ സ്വർണം നേടാൻ അവസരമൊരുക്കിയതിന് പിന്നാലെ ഇതാ ഗവൺമെന്റ് ജോലി നേടാനും അവസരമൊരുക്കുന്നു. എമിറേറ്റിലെ വിദ്യാർത്ഥികൾക്കാണ് തടികുറച്ച് ഗവൺമെന്റ് മേഖലയിൽ തൊഴിലുറപ്പാക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. അമിത വണ്ണത്തിനെതിരെ നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഷാർജ എജ്യുക്കേഷൻ കൗൺസിലാണ് പുതിയ വാഗ്ദാനവുമായി രംഗത്ത് വരുന്നത്.

ആരോഗ്യകരമായ രീതിയിലൂടെ വണ്ണംകുറച്ചുകൊണ്ടുവരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി
കൗൺസിൽ സംഘടിപ്പിച്ച ക്യാമ്പിൽ നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇവർക്ക് തുടർന്നുള്ള ദിവസങ്ങളിലും പരിശീലനവും മാർഗനിർദേശങ്ങളും നൽകുന്നതിന് 80 പരിശീലകരെയും കൗൺസിൽ നിയമിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച രീതിയിൽ വണ്ണം കുറച്ച് ആരോഗ്യം വീണ്ടെടുക്കുന്നവർക്ക് പുരസ്‌കാരങ്ങൾ നൽകുകയും ഭാവിയിൽ ഗവൺമെന്റ് ജോലി ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഓരോരുത്തരുടെയും യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയായിരിക്കും നൽകുക.