ഡബ്ലിൻ: രാജ്യത്ത് ടീനേജുകാരിൽ മാനസിക പ്രശ്‌നങ്ങൾ വർധിച്ചുവരുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ചെറുപ്പക്കാരെ അലട്ടുന്ന പ്രശ്‌നങ്ങളിൽ മുമ്പന്തിയിൽ നിൽക്കുന്നത് ഉത്കണ്ഠയാണെന്നാണ് ജിഗ്‌സോ മെന്റൽ ഹെൽത്ത് സർവീസ് നടത്തിയ സർവേയിൽ വ്യക്തമായത്.

കോപം, നിരാശ, കുടുംബപ്രശ്‌നങ്ങൾ, മാനസിക സംഘർഷം എന്നിവയെല്ലാം തന്നെ ചെറുപ്പക്കാരെ അലട്ടുന്ന മാനസിക പ്രശ്‌നങ്ങളാണ്. 2009 മുതൽ 2015 വരെ നടത്തിയ സർവേയിൽ പതിനായിരത്തിലധികം ചെറുപ്പക്കാരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. പ്രായം അനുസരിച്ചും സ്ത്രീ പുരുഷ ഭേദമന്യേയും മാനസിക പ്രശ്‌നങ്ങൾ വ്യത്യാസപ്പെട്ടിരിക്കുമെന്നുമാണ് സർവേയിൽ വ്യക്തമായിട്ടുള്ളത്.
ചെറുപ്പക്കാരായ സ്ത്രീകളിൽ കുടുംബപ്രശ്‌നങ്ങളും ഉത്കണ്ഠയും ഒറ്റപ്പെടലുമാണ് പ്രധാന പ്രശ്‌നങ്ങളായി തെളിഞ്ഞുവന്നത്.

ആൺകുട്ടികളിലാകട്ടെ ഉത്കണ്ഠ, കോപം കുടുംബപ്രശ്‌നങ്ങൾ എന്നിവയാണ് മാനസികാരോഗ്യത്തെ തകർക്കുന്ന കാര്യങ്ങൾ. ഇത്തരം മാനസികപ്രശ്‌നങ്ങൾക്ക് അടിമപ്പെടുന്ന ആൺകുട്ടികൾ പിന്നീട് മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെടുകയാണ് ചെയ്യുന്നത്. ഓരോ വർഷവും ചെറുപ്പക്കാർക്കിടയിൽ മാനസിക പ്രശ്‌നം ഏറി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർക്ക് മാനസിക പിന്തുണ നൽകാൻ ജിഗ്‌സോ മുന്നോട്ടുവന്നിട്ടുമുണ്ട്.

15 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യമായി മാനസികാരോഗ്യ ചികിത്സ നൽകുന്നതിനായി സംസ്ഥാനത്തൊട്ടാകെ 10 കമ്യൂണിറ്റി സെന്ററുകൾ ആരംഭിച്ചിട്ടുമുണ്ട്. മാനസിക പ്രശ്‌നം നേരിടുന്ന ചെറുപ്പക്കാരിൽ മൂന്നിലൊന്നു പേർ ഇത്തരം സേവനം ലഭിക്കുന്നതിനായി സ്വയം സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നവരാണ്. അതേസമയം 27 ശതമാനം പേർ മാതാപിതാക്കളുടെ നിർബന്ധപ്രകാരവും 12 ശതമാനം പേർ ജിപി റഫറൻസോടു കൂടി ചികിത്സയ്ക്ക് എത്തുന്നവരുമാണ്.