ഡബ്ലിൻ: ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്റ്റഡി നൗ, പേ ലേറ്റർ പദ്ധതിയുമായി മുന്നോട്ടു പോകാനുറച്ച് സർക്കാർ. ഫണ്ടിങ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ച കൂട്ടത്തിലാണ് സ്റ്റഡി നൗ, പേ ലേറ്റർ എന്ന പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് 20,000 യൂറോ വരെ വായ്പ ലഭിക്കും. വർഷം 5000 യൂറോ വരെയാണ് ലോൺ നൽകുക. ജോലി ലഭിച്ച ശേഷം വിദ്യാർത്ഥികൾ ഈ പണം തിരിച്ചടച്ചാൽ മതിയാകും.

പഠനകാലത്തിനു ശേഷം 26,000 യൂറോയെങ്കിലും വാർഷിക ശമ്പളമുള്ള ജോലി ലഭിച്ചതിനു ശേഷം മാത്രം വായ്പ തിരിച്ചടച്ചാൽ മതിയാകൂം. റവന്യൂ അധികൃതർ തന്നെ ശമ്പളത്തിൽ നിന്ന് തുക തിരിച്ചുപിടിച്ചുകൊള്ളും. നിലവിൽ വർഷം 3000 യൂറോ വരെയാണ് വിദ്യാർത്ഥികൾക്ക് ലോൺ നൽകുന്നത്.

നിലവിലുള്ള 3000 യൂറോ ട്യൂഷൻ ഫീസ് മരവിപ്പിച്ച് പകരമം എക്‌സ്‌ചെക്വർ ഫണ്ടിങ് വർധിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കാൻ തയാറാകുന്നത്. വിദ്യാർത്ഥികൾക്കു മേൽ സമ്മർദം ചെലുത്തുന്ന ഏതെങ്കിലും നടപടികൾ സർക്കാർ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.