മൂവാറ്റുപുഴ: പരാതിക്കാരനിൽ നിന്നും പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂവാറ്റുപുഴ എസ്‌ഐ എൽദോസ് കുര്യാക്കോസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി.

റിമാന്റിലായ പ്രതിക്ക് എസ്‌ഐ മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയെന്ന് തെളിഞ്ഞതോടെയാണ് സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചത്. മൂന്നാഴ്‌ച്ച മുമ്പ് മുവാറ്റുപുഴ,വാളകം സ്വദേശിയായ യുവാവ്, തന്നെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചത് ഗ്രേഡ് എസ്‌ഐ ആയ എൽദോസാണ്. കേസിൽ ഒരു പ്രതി അറസ്റ്റിലായെങ്കിലും പിന്നിടൊന്നും നടന്നില്ല. ഇതോടെയാണ് പരാതിക്കാരൻ മുഖ്യമന്ത്രിയെ സമീപിച്ചത്.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. താൻ കൊടുത്തതിനെക്കാൾ കൂടുതൽ തുക പിടിയിലായ വൈക്കം സ്വദേശി അനൂപ് നൽകിയതിനാൽ കേസ് ഒതുക്കി തീർക്കാൻ വി.കെ എൽദോസ് ശ്രമിക്കുന്നുവെന്നും പരാതിപെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എൽദോസ് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ബോധ്യമായത്. പിടിയിലായ പ്രതിക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

പ്രതി പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്ന അമ്പതിനായിരം രൂപ കാണാതായതിന് പിന്നിൽ എസ് ഐ എൽദോസാണോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇതെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്‌പി എറണാകുളം റൂറൽ എസ്‌പിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ എൽദോസിനുള്ള പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. പരാതിക്കാരിൽ നിന്നും തെളിവുകൾ ശേഖരിച്ച ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം റൂറൽ എസ്‌പി കെ കാർത്തിക് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകി.