തിരുവനന്തപുരം: ലോ അക്കാഡമിക്കുമുന്നിൽ വി. മുരളീധരൻ നിരാഹാര സമരമിരുന്ന പന്തലിലേക്ക് സന്ദർശകനായി സുഭാഷ് വാസു എത്തിയത് വിവാദമാകുന്നു. ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി പീഡന വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

വിദ്യാർത്ഥികളെ ഇടിമുറിയിലിട്ട് മർദ്ദിച്ചുവെന്നത് അടക്കമുള്ള പരാതികളിൽ നാല് കേസുകളിൽ പ്രതിയാണ് സുഭാഷ് വാസു. അതുകൊണ്ടുതന്നെ ഇദ്ദേഹം അക്കാഡമിയിലെ വിദ്യാർത്ഥി ദ്രോഹത്തിനെതിരെ സമരം ചെയ്യുന്ന മുരളിയെ സന്ദർശിക്കാൻ എത്തിയതെന്തിന് എന്ന ചോദ്യമുയർത്തിയാണ് വിമർശനം.

ഞായറാഴ്ചയാണ് സുഭാഷ് വാസു മുരളിയെ സമരപ്പന്തലിൽ സന്ദർശിച്ചത്. ഇക്കാര്യം മുരളീധരൻ തന്നെയാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ അറിയിച്ചതും. സേവ് കേരള ലോ അക്കാഡമിയെന്ന ഹാഷ് ടാഗിൽ ബിഡിജെസ് ദേശീയ സെക്രട്ടറി സുബാഷ് വാസു സമര പന്തലിൽ സന്ദർശിച്ചപ്പോൾ എന്ന് വ്യക്തമാക്കിയാണ് മുരളി ലൈവ് വീഡിയോ നൽകിയത്.

വിദ്യാർത്ഥികളുടെ അവകാശം രക്ഷിക്കാൻ സമരത്തിലിരിക്കുന്ന മുരളീധരൻ തന്നെ വിദ്യാർത്ഥി ദ്രോഹത്തിന് വിദ്യാർത്ഥികൾ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒരാൾ സമരപ്പന്തലിൽ സന്ദർശിച്ചതിനെ പറ്റി മേനി പറയുന്നതെന്തിനെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വെള്ളാപ്പള്ളി കോളേജിലെ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറിയായ സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്നും വാസു തന്നെ വിദ്യാർത്ഥികളെ ഇരുട്ടുമുറിയിൽ ഇട്ട് മർദ്ദിക്കുന്നുണ്ടെന്നും കഴിഞ്ഞ നവംബറിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. നിന്നെയൊക്കെ വീട്ടിൽ കയറി വെട്ടുമെന്നുവരെ വിരട്ടാറുണ്ടെന്നും കുട്ടികൾ പറഞ്ഞിരുന്നു.

എന്നാൽ ലോ അക്കാഡമിക്കെതിരെ ഇപ്പോൾ സമരത്തിനിറങ്ങിയ ബിജെപി രാഷ്ട്രീയത്തിൽ സഖ്യകക്ഷി കൂടിയായ ബിഡിജെഎസിനെ പിണക്കാതിരിക്കാൻ അവിടെ മൃദുനയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ സുഭാഷ് വാസുവിന്റെ സന്ദർശനത്തോടെ അത് കൂടുതൽ വ്യക്തമായെന്ന പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ലോ അക്കാഡമി വിഷയത്തിൽ ഒരു നയവും വേണ്ടപ്പെട്ടവർക്കെതിരെ ആരോപണം ഉണ്ടാകുമ്പോൾ മറ്റൊരു നയവും സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നതെന്ന വിമർശനമാണ് ഉയരുന്നത്. ലക്ഷ്മി നായർക്കെതിരെയാണ് സമരം നടത്തുന്നതെങ്കിലും ഫലത്തിൽ അവരുമായി സിപിഎമ്മിനുള്ള ബന്ധം തുറന്നുകാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന വാദവും സജീവമാണ്. ഈ ഘട്ടത്തിലാണ് വെള്ളാപ്പള്ളി കോളേജിനെതിരെ ആരോപണം ഉയർന്നിട്ടും അവിടെ സമരം ചെയ്യാതിരിക്കുകയും ലോ അക്കാഡമിക്കു മുന്നിലെ പ്രശ്‌നം മാത്രം ഉയർത്തിക്കാട്ടി നിരാഹാര സമരവും റോഡുപരോധവുമെല്ലാം നടത്തുകയും ചെയ്യുന്നതെന്ന വാദം ഉയരുന്നത്.