- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ മതം ഇല്ലെങ്കിൽ എന്തിനാണ് ഹലാൽ ബോർഡ് എന്ന എ.എ.റഹീമിനോട് ഉള്ള ശ്രീജിത്ത് പണിക്കരുടെ ചോദ്യം ഏറ്റെടുത്ത് സിപിഎം പിബി അംഗം സുഭാഷിണി അലി; റഹീമിനെ പരിഹസിക്കുന്ന ട്വീറ്റ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തത് വൈറലാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ഹലാൽ ബോർഡിന്റെ പേരിൽ പരിഹസിക്കുന്ന ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് സിപിഎം പിബി അംഗം സുഭാഷിണി അലി റീട്വീറ്റ് ചെയ്തു. 'ഭക്ഷണത്തിന് മതമില്ല' എന്ന പേരിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് നടത്തിയിട്ട് ഭക്ഷ്യ കൗണ്ടറിൽ ഹലാൽ ഭക്ഷണം എന്ന് എഴുതി വച്ചത് എന്തിന് എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിരുന്നു. ഭക്ഷ്യ കൗണ്ടറിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ്. അങ്ങനെ ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബർ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ മനസ്സിലാക്കേണ്ടത് എന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സഖാവ് റഹിമിന് മറുപടിയുണ്ടോ?
നവംബർ 23ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ എ റഹിം ഫേസ്ബുക്കിൽ എഴുതിയത് 'ഭക്ഷണത്തിന് മതമില്ല' എന്നായിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫുഡ് ഫെസ്റ്റിവൽ ചിത്രമാണ് ഇതോടൊപ്പം. ഇതിൽ ഭക്ഷ്യ കൗണ്ടറിൽ കാണുന്നത് 'ഹലാൽ ഭക്ഷണം' എന്നാണ്. അതല്ലാത്ത കൗണ്ടറും ഉണ്ടായിരുന്നിരിക്കാം. മതപരമായ വിശ്വാസങ്ങളും പ്രമാണങ്ങളും പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ഹലാൽ. ആ പേരിൽ ഒരു കൗണ്ടർ വെക്കാൻ തീരുമാനിച്ചത് എന്തിനാവും? അങ്ങനെ ബോർഡ് വെക്കാൻ ആണെങ്കിൽ 'ഭക്ഷണത്തിന് മതമില്ല' എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബർ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ ഞാൻ മനസ്സിലാക്കേണ്ടത്?
സുഭാഷിണിയുടെ റീട്വീറ്റ് വാർത്താ അവതാകരൻ വിനു വി ജോണും, ശങ്കു ടി ദാസും ഒക്കെ ഷെയർ ചെയ്തു. ഡിവൈഎഫ്ഐ സെക്രട്ടറിയെ പരിഹസിക്കുന്ന ട്വീറ്റ് സിപിഎം പിബി അംഗം സുഭാഷിണി അലി റീട്വീററ് ചെയ്തു ..വൗവ് എന്നായിരുന്നു വിനുവിന്റെ കുറിപ്പ്.
ശങ്കു ടി ദാസിന്റെ കുറിപ്പ് ഇങ്ങനെ:
മത രഹിത ഭക്ഷണത്തിൽ എന്തിനാണ് ഹലാൽ ബോർഡ് എന്ന ചോദ്യം ഏറ്റെടുത്ത് സിപിഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിനോടുള്ള ശ്രീജിത്ത് പണിക്കരുടെ ചോദ്യമാണ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തത്.
എന്തായാലും റീട്വീററ് സോഷ്യൽ മീഡിയ വൈറലാക്കിയതോടെ സുഭാഷിണി അലി അത് പിൻവലിച്ചു.
അതേ സമയം ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്ഐക്ക് ആവശ്യമില്ലെന്ന് നേരത്തെ എ.എ.റഹീം പ്രതികരിച്ചിരുന്നു. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വർഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആർഎസ്എസിനും കേരളത്തിൽ അടുപ്പ് കൂട്ടാൻ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്ഐ നൽകിയ സന്ദേശം. ഉത്തരേന്ത്യൻ മാതൃകകൾ ഇവിടെ നടക്കില്ല. ഞങ്ങൾ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ.
നിങ്ങൾക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാൻ കേരളത്തിൽ കഴിയുമെന്ന് ആർഎസ്എസ് കരുതേണ്ട. സാഹോദര്യത്തിൽ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സംഘപരിവാർ വർഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലർത്താൻ കേരളത്തിന് സാധിക്കണം. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാർ നീക്കത്തെ ഡിവൈഎഫ്ഐ തടയും. വർഗീയത പടർത്താൻ ആർഎസ്എസിനെ ഡിവൈഎഫ്ഐ അനുവദിക്കില്ല.''-റഹിം പറയുന്നു.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് താക്കീതായി ആണ് ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ഭക്ഷണത്തിൽ മതം കലർത്തേണ്ട എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്ഐ നോൺ വെജ് വിഭവങ്ങളുമായി ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ബിജെപിയുടെ നോൺ ഹലാലിനെതിരെയാണ് ഡിവൈഎഫ് ഐയുടെ ഇടപെടൽ. അതുകൊണ്ട് തന്നെ പന്നി ഇറച്ചി ഉണ്ടാകുമോ എന്ന സംശയവുമായി ബിജെപിക്കാർ സോഷ്യൽ മീഡിയയിൽ പ്രചരണവും നടത്തി. ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എഎ റഹിമിനെ കടന്നാക്രമിക്കാനായിരുന്നു ശ്രമം. ഇവർക്കുള്ള മറുപടിയായാണ് ഭക്ഷണത്തിൽ മതം വേണ്ടെന്ന് വ്യക്തമാക്കിയുള്ള ഡിവൈഎഫ് ഐയുടെ ഇടപെടൽ.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ആണ് ജില്ലാ കേന്ദ്രങ്ങളിൽ 'ഫുഡ് സ്ട്രീറ്റ്' നടത്തുന്നതെന്ന് ഡിവൈഎഫ് ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടിരുന്നു. ബിജെപി ചർച്ചയാക്കുന്ന ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്ഐ ഈ വേറിട്ട പരിപാടി. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ