- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിന് അടുത്ത വിജനമായ വഴിയിൽ ഒളിച്ചിരുന്നു; മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊന്നത് മൂന്നരപ്പവന് വേണ്ടി; നിരവധി സ്ത്രീകളുമായി ബന്ധമുള്ള അൻവർ സ്ഥിരം കുറ്റവാളി; കൃഷി ആവശ്യത്തിനുള്ള ജെസിബി എത്തിക്കലിൽ തോട്ടക്കാരൻ കുടുങ്ങി; അൻവറിന്റെ മൊഴിയിൽ സംശയം ഏറെ; സുബീറക്കേസിൽ പീഡന സാധ്യത തള്ളാതെ പൊലീസ്
മലപ്പുറം: 21 കാരിയെ പട്ടാപ്പകൽ കൊലചെയ്തത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്റെ മൊഴി. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ പൊലീസിനോട് പറഞ്ഞത്.
കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ജോലിക്കെത്താതിൽ ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ നാടകീയമായി അന്വേഷണം അൻവറിൽ എത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം കണ്ടെത്തിയ വാളാഞ്ചേരി ചേറ്റൂരിലെ ചെങ്കൽക്വാറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളിലൂടെ കൊല്ലപ്പെട്ടത് കാണാതായ പെൺകുട്ടിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മൃതശരീരം അയയ്ക്കുകയാണെന്നും തെളിവെടുപ്പിന് ശേഷം പൊലീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ അയൽവാസി വാരിക്കോടൻ അൻവർ എന്നയാളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടത്. സംശയം തോന്നിയതിനാൽ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സുബീറയുടെ തിരോധാനത്തിന് ഉത്തരം ലഭിച്ചത്. അൻവറിനെ ചോദ്യം ചെയ്തതിൽ നിന്ന് വീട്ടിൽ നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെ ക്വാറിയോട് ചേർന്ന് മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി. ആ പറമ്പിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ടുമൂടുകയായിരുന്നു. ഇതാണ് വിനയായത്.
മറ്റു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന പ്രതിക്ക് ആ ഇനത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇതിനൊപ്പം സുബീറയേയും പീഡനത്തിന് വിധേയമാക്കിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വന്തം ബാധ്യത തീർക്കാനായി ജോലിക്ക് പോകുന്ന സുബീറയെ ആക്രമിക്കാൻ ഇയാൾ പദ്ധതി തയാറാക്കുകയായിരുന്നുവെന്നാണ് കുറ്റസമ്മത മൊഴി. എന്നാൽ മൂന്നര പവന് വേണ്ടി ഇത്രയും റിസ്ക് എടുത്തുകൊലപാതകം നടത്തില്ലെന്ന വാദവും സജീവമാണ്.
സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പൊലീസ് ചുറ്റു പരിസരങ്ങളിൽ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധന വരെ നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ