- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദുരന്തം നടന്നാൽ അവസാനമറിയുന്നത് അടുത്ത ബന്ധുക്കളാകും എന്നതിന്റെ മറ്റൊരു ഉദാഹരണം; സ്വന്തം മകൾ വീടിന്റെ 300 മീറ്റർ അകലെ മരിച്ചു കിടക്കുന്നത് അറിയാതെ ഉമ്മ വസ്ത്രങ്ങളും മറ്റും പൊതിയാക്കി കൊടുത്തു വിട്ടു; ചെറിയ പൗഡർ ടിനു അതിലുണ്ടായിരുന്നു; നൊമ്പരമായി എസ് ഐയുടെ കുറിപ്പ്; സുബീറയുടെ കൊലയാളി തെളിവുകൾ കാട്ടികൊടുക്കുമ്പോൾ
മലപ്പുറം: സുബീറ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ സമൂഹ മാധ്യമ കുറിപ്പ് വൈറലാകുന്നു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി യുവതി ഉപയോഗിച്ചിരുന്ന എന്തെങ്കിലും വസ്തു കിട്ടുമോയെന്നറിയാൻ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ട പൊലീസുകാരുടെ കൈവശം മാതാവ് കൊടുത്ത പൊതിയിൽ ഉണ്ടായിരുന്നത് അവൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ബ്രഷും പേസ്റ്റുമടക്കമുള്ള സാധനങ്ങൾ! ഇതാണ് പൊലീസുകാരെ പോലും ഞെട്ടിക്കുന്നത്. ആ കുടുംബം എത്രമാത്രം മകൾ തിരിച്ചുവരുമെന്ന് ആഗ്രഹിച്ചതിന് തെളിവാണ് ഇതെന്ന് പൊലീസ് ഓഫീസർ പറയുന്നു.
അവളെ കണ്ടെത്തിയെന്ന പ്രതീക്ഷയിലാവാം ആ ഉമ്മ അത് അയച്ചതെന്നും എന്നാൽ അതൊരു വല്ലാത്ത കാഴ്ചയായിരുന്നുവെന്നും വളാഞ്ചേരി ഇൻസ്‌പെക്ടർ പി.എം.ഷമീർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു ദുരന്തം നടന്നാൽ ഏറ്റവും അവസാനമറിയുന്നത് അടുത്ത ബന്ധുക്കളാകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം പറയുന്നു. സ്വന്തം മകൾ വീടിന്റെ 300 മീറ്റർ അകലെ മരിച്ചു കിടക്കുന്നത് അറിയാതെയാണ് ഉമ്മ വസ്ത്രങ്ങളും മറ്റും പൊതിയാക്കി കൊടുത്തു വിട്ടത്. സ്റ്റേഷനിൽ വച്ച് അഴിച്ചപ്പോഴാണ് ആ ദയനീയ കാഴ്ച കണ്ടത്. ചെറിയ പൗഡർ ടിൻ വരെ അതിലുണ്ടായിരുന്നു-എസ് ഐ പറയുന്നു.
ഒരു മാതാവിന് മാത്രമേ അത്തരം പ്രതീക്ഷ വച്ച് പുലർത്താനാകൂ. ജീവിതത്തിൽ പല സംഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ തീരാവേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെയെന്ന പ്രാർത്ഥനയോടെയാണ് വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയ എറ്റെടുക്കുന്നതും. മൂന്നര പവൻ സ്വർണം കൈവശപ്പെടുത്തുന്നതിനായി കൊലപ്പെടുത്തിയ 21കാരി സുബീറ ഫർഹത്തിന്റെ ഷോൾഡർ ബാഗ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. വ്യാഴാഴ്ച തെളിവെടുപ്പിനിടെ പ്രതി ചോറ്റൂർ വരിക്കോടൻ മുഹമ്മദ് അൻവറാണ് (38) കുഴിച്ചിട്ട ബാഗ് കണ്ടെടുത്തത്.
കൊല ചെയ്തതിനു ശേഷം മൃതദേഹം മണ്ണിട്ട് മൂടിയ പറമ്പിൽനിന്ന് 300 മീറ്റർ അകലെ ചെങ്കൽ ക്വാറിയിലാണ് പ്രതി ബാഗ് കുഴിച്ചിട്ടത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ മൊബൈൽ ഫോൺ 200 മീറ്റർ അകലെ കുഴൽക്കിണറിലാണ് ഉപേക്ഷിച്ചത്. 500 മീറ്ററോളം താഴ്ചയുള്ള കുഴൽക്കിണറിൽനിന്ന് ഫോൺ വീണ്ടെടുക്കാതിരിക്കാൻ പിറകെ വലിയ കല്ലുകളും ഇട്ടു. കുഴൽക്കിണറിൽ കയർ ഇറക്കി നോക്കിയെങ്കിലും 30 മീറ്ററെത്തിയപ്പോഴേക്കും കല്ലിൽ തട്ടുകയായിരുന്നു. ഫോൺ വിശദ പരിശോധനക്ക് ശേഷമേ വീണ്ടെടുക്കാൻ ശ്രമിക്കൂവെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
കൃത്യം നടത്തുന്ന സമയത്ത് പ്രതി ധരിച്ച ലുങ്കിയും ടീഷർട്ടും തെളിവെടുപ്പിനിടെ അന്വേഷണസംഘം കണ്ടെടുത്തു. വീട്ടിൽ സൂക്ഷിച്ചാൽ പൊലീസ് നായ് വരുമെന്ന ഭീതിയിൽ വസ്ത്രങ്ങൾ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തു. കേസിലെ നിർണായക തെളിവായ പെൺകുട്ടിയുടെ സ്വർണാഭരണങ്ങളിൽ കുറച്ചു ഭാഗം വളാഞ്ചേരിയിലെ ജൂവലറിയിൽ വിറ്റതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മുഴുവൻ സ്വർണവും കണ്ടെടുക്കാനാണ് പൊലീസ് ശ്രമം.
ജോലി ചെയ്യുന്ന ഡന്റെൽ ക്ലിനിക്കിലേക്ക് പോവുന്നതിനിടെ മാർച്ച് 10നാണ് ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തുകൊല്ലപ്പെട്ടത്. കൊല ചെയ്തതിനു ശേഷം മൃതദേഹം യുവതിയുടെ വീടിന് സമീപമുള്ള പറമ്പിൽ പ്രതി ചാക്കിൽ കെട്ടി മണ്ണിട്ട് മൂടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ