അടൂർ: കാമുകിയെ വിളിച്ചു കൊണ്ടു പോയി ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച ശേഷം വീട്ടിൽ കൊണ്ടു വിട്ട യുവാവ് അറസ്റ്റിൽ. മധുവിധുവിന്റെ ലഹരി മാഞ്ഞപ്പോൾ ആദ്യ കാമുകിയെ വിട്ട് രണ്ടാമതൊരാളുമായി പ്രണയത്തിലായ വടക്കടത്തുകാവ് വയല സുമ ഭവനിൽ സുഭാഷ് (22) ആണ് അറസ്റ്റിലായത്. പൂതങ്കര സ്വദേശിയായ ഇരുപത്തൊന്നുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത് ഇങ്ങനെ: പൂതങ്കര സ്വദേശിനിയുമായി സുഭാഷ് ഏറെ നാളായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇയാൾ പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി സ്വന്തം വീട്ടിൽ താമസം തുടങ്ങി. ഈ വിവരം യുവതിയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിതാവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സുഭാഷിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി.

കുറേ നാൾ പെൺകുട്ടി കാമുകന്റെ വീട്ടിൽ കഴിഞ്ഞു. ഇതിനിടെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടു പോയി താലി ചാർത്തി. വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയും നൽകി. എന്നാൽ, രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങൾ വന്നപ്പോൾ യുവാവ് ഒഴിഞ്ഞു മാറി. യുവതിയെ അവരുടെ വീട്ടിൽ കൊണ്ടു ചെന്നാക്കുകയും ചെയ്തു.

ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഇയാൾ യുവതിയെ കാണാൻ ചെന്നു. ഈ സമയം നാട്ടുകാരും വീട്ടുകാരും കൂടി ചേർന്ന് ഇയാളെ തടഞ്ഞു വച്ചു. പെൺകുട്ടിയുമായി വീണ്ടും സ്വന്തം വീട്ടിലേക്ക് സുഭാഷിന് പോകേണ്ടിയും വന്നു. കുറേ നാൾ വീട്ടിൽ നിർത്തിയ ശേഷം വീണ്ടും ഇയാൾ പെൺകുട്ടിയെ തിരികെ വിട്ടു.

ഇതിനിടയിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലുമായി. ഈ യുവതി ആദ്യകാമുകിയെ വിളിച്ച് നീ ഈ ബന്ധം ഒഴിയണമെന്നും താനുമായി സുഭാഷ് പ്രണയത്തിലാണെന്നും പറഞ്ഞു. ഇത്തരം ഭീഷണി തുടർന്നതോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കേസ് രജിസ്റ്റർ ചെയ്ത ഇൻസ്പെക്ടർ ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.