പേരാമ്പ്ര: സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'വിഹിതം' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പേരാമ്പ്രയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. റഫീക്ക് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് താൻ എഴുതിത്തുടങ്ങിയതെന്ന് പുനത്തിൽ പറഞ്ഞു.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ സുഭാഷ് ചന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാ മത്സരത്തിലൂടെ വന്നയാളാണ്. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചുധ1പ. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്‌കാരവും ലഭിച്ചു. മധ്യേയിങ്ങനെ, പറുദീസാ നഷ്ടം, തൽപം തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡിനും ഓടക്കുഴൽ അവാർഡിനും പുറമേ, അങ്കണം-ഇ.പി സുഷമ അവാർഡ്, വി.പി ശിവകുമാർ കേളി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ചടങ്ങിന് പി.വി ഷാജികുമാർ ആശംസ നേർന്നു. സുഭാഷ് ചന്ദ്രൻ മറുപടി പ്രസംഗം നടത്തി. മാതൃഭൂമി ബുക്‌സ് അസി. മാനേജർ ജോർജി തോമസ് സ്വാഗതം പറഞ്ഞു.