ന്യൂഡൽഹി: സുബ്രതോ കപ്പ് ഫുട്‌ബോളിൽ കേരളത്തിന്റെ കുട്ടികൾ ബ്രസീലിനോട് പൊരുതിതോറ്റു. അവസാന നിമിഷം വരെ പൊരുതിക്കളിച്ച മലപ്പുറം എംഎസ്‌പി ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ ശരിക്കും വിയർത്താണ് റിയോ ഡി ജനീറോയിൽനിന്നുള്ള സെന്റ് ആന്റൊണിയോ സ്‌കൂൾ വിജയിച്ചത്. സഡൺ ഡെത്തിൽ സഡൻ ഡെത്തിൽ 5- 4 എന്ന നിലയിലാണ് ബ്രസീലിന്റെ വിജയം.

ഡൽഹി അംബേദ്കർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി തുല്യത പാലിച്ചു. ആദ്യ പകുതിയുടെ 14-ാം മിനിറ്റിൽ മാഹിൻ പി. ഹുസൈനാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. ഫ്രീ കിക്കിൽ നിന്നും വന്ന പന്ത് ഉഗ്രൻ ഹെഡറിലൂടെ മാഹിൻ ബ്രസീൽ വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം മാഹിന്റെ ഗോളിൽ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ബ്രസീലിന്റെ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്തായിരുന്നു മലപ്പുറത്തിന്റെ കൂട്ടികളുടെ രണ്ടാം ഗോൾ പിറന്നത്. ഗനി അഹമ്മദ് നിഗമാണ് ഗോൾ നേടിയത്. പിന്നാലെ ബ്രിസീൽ ഒരു ഗോൾ മടക്കി.

മൽസരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ ബ്രസീൽ ടീം രണ്ടാം ഗോൾ നേടി. ബ്രസീലിനായി ജോസ് റിക്കാർഡോയാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്. ഇതോടെ മൽസരം അധിക സമയത്തേക്കു നീളുകയായിരുന്നു. അധിക സമയത്തു ഇരു ടീമുകളും ഗോൾ നേടിയില്ല. തുടർന്നു നടന്ന ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചു. തുടർന്ന് സഡൻ ഡെത്തിൽ കേരളം പരാജയപ്പെടുകയായിരുന്നു.

മികച്ച അവസരങ്ങൾ തുറന്നെടുക്കുന്നതിൽ മഞ്ഞപ്പട വിജയിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ഒന്നിലേറെ തുറന്ന അവസരങ്ങളാണ് ബ്രസീലിൽ നിന്നുള്ള കുട്ടികൾ തുലച്ചു കളഞ്ഞത്. ഗോൾ പോസ്റ്റിനു പിന്നിൽ മിന്നുന്ന സേവുകളുമായി കേരളത്തിന്റെ കാവലാൾ സുജിത്തും ബ്രസീലിന് മുന്നിൽ വിലങ്ങുതടിയായി നിലകൊണ്ടു. കേരള പ്രതിനിധികളായെത്തിയ എം എസ്‌പി സ്‌കൂൾ രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. 2012ൽ അവർ ഡൈനാമോ കീവ് അക്കാദമിയോടു തോറ്റിരുന്നു.